24.7 C
Kottayam
Sunday, May 19, 2024

Gold price today:സ്വർണവില സർവകാല റെക്കോഡിൽ;ഇന്നത്തെ വിലയിങ്ങനെ

Must read

കൊച്ചി: സ്വര്‍ണവില സംസ്ഥാനത്ത് ഇതുവരെ ഉണ്ടായതില്‍ ഏറ്റവും ഉയര്‍ന്ന നിരക്കില്‍. പവന് 47,120 രൂപയും ഗ്രാമിന് 5,890 രൂപയുമാണ് വില. രാജ്യാന്തര വിപണിയില്‍ വില കുതിച്ചതാണ് സംസ്ഥാനത്തും സ്വര്‍ണ വില വര്‍ധിപ്പിച്ചത്.. ഇതിന് മുമ്പ് ഡിസംബര്‍ നാലിന് സ്വര്‍ണ വില 47, 000 രൂപ കടന്നിരുന്നു.

നിലവില്‍ ഒരു പവന്‍ സ്വര്‍ണം വാങ്ങുമ്പോള്‍ പണിക്കൂലിയടക്കം അര ലക്ഷത്തിലധികം രൂപ നല്‍കേണ്ടി വരും. ഡിസംബര്‍ ഒന്നിന് 46,160 രൂപയായിരുന്നു സ്വര്‍ണവില. മാസം പകുതി ആയപ്പോഴേക്കും ഇതില്‍ കുറവുണ്ടായി.. ഈ മാസം 13ന് 45,320 രൂപയിലെത്തിയിരുന്നു. പിന്നീടാണ് വീണ്ടും കുതിച്ചുയര്‍ന്നത്.

ഇന്ന് ഒരു പവന് 320 രൂപ വര്‍ധിച്ചാണ് 47120 രൂപയിലെത്തിയത്. ഗ്രാമിന് 40 രൂപ വര്‍ധിച്ച് 5890 രൂപയിലെത്തി. സ്വര്‍ണം വാങ്ങാന്‍ കാത്തിരിക്കുന്നവര്‍ക്ക് വലിയ ആശങ്കയുണ്ടാക്കുന്ന വിലയിലേക്കാണ് സ്വര്‍ണം കുതിച്ചിരിക്കുന്നത്. ഇനിയും വില വര്‍ധിക്കുമെന്ന് തന്നെയാണ് കരുതുന്നത്. 2013 അവസാനിക്കുമ്പോള്‍ സ്വര്‍ണം റെക്കോര്‍ഡ് വില രേഖപ്പെടുത്തുമെന്ന് നേരത്തെ പ്രവചനങ്ങളുണ്ടായിരുന്നു.

എന്താണ് സ്വര്‍ണത്തിന് തുടര്‍ച്ചയായി വില ഉയരാന്‍ കാരണം എന്ന് സ്വാഭാവികമായും സംശയം ഉയരാം. ഡോളര്‍ മൂല്യം കുറയുന്നതാണ് പ്രധാന കാരണം. ഡോളര്‍ സൂചിക 100.79 എന്ന നിരക്കിലാണുള്ളത്. മാസങ്ങള്‍ക്ക് മുമ്പ് സൂചിക 107ലായിരുന്നു. വലിയ ഇടിവാണ് ഇപ്പോള്‍ രേഖപ്പെടുത്തുന്നത്. ഡോളറും സ്വര്‍ണവും എങ്ങനെ ബന്ധപ്പെട്ടുകിടക്കുന്നു എന്ന് പറയാം.

ഡോളറുമായി മല്‍സരിക്കുന്ന പ്രധാന കറന്‍സികള്‍ മൂല്യം കൂടുമ്പോള്‍ അവ ഉപയോഗിച്ച് കൂടുതല്‍ സ്വര്‍ണം വാങ്ങാന്‍ സാധിക്കും. ഡോളര്‍ മൂല്യം കുറയുമ്പോള്‍ സ്വാഭാവികമായും മറ്റു കറന്‍സികള്‍ മൂല്യം വര്‍ധിക്കും. അവ ഉപയോഗിച്ച് കൂടുതല്‍ സ്വര്‍ണം വാങ്ങുന്ന സാഹചര്യമുണ്ടായാല്‍ വില ഉയരാന്‍ തുടങ്ങും. മാത്രമല്ല, ഇന്ത്യന്‍ രൂപ മൂല്യം ഇടിഞ്ഞിട്ടുണ്ട് എന്ന കാര്യവും എടുത്തുപറയണം. ഡോളറിനെതിരെ രൂപയുടെ മൂല്യം 83.30 ആണ്.

കേന്ദ്ര സര്‍ക്കാര്‍ ചില തിരഞ്ഞെടുത്ത ബാങ്കുകള്‍ക്ക് യുഎഇയില്‍ നിന്ന് കൂടുതല്‍ സ്വര്‍ണം ഇറക്കാന്‍ അനുമതി നല്‍കി എന്ന വാര്‍ത്തയുമുണ്ട്. യുഎഇയും ഇന്ത്യയും തമ്മില്‍ സ്വതന്ത്ര വ്യാപാര കരാര്‍ ഒപ്പുവച്ചിരുന്നു. ഇതുപ്രകാരം ഇടപാടുകളില്‍ നികുതി ഇളവ് ലഭിക്കും. സ്വര്‍ണാഭരണ കയറ്റുമതി രംഗം സജീവമാകാന്‍ പുതിയ തീരുമാനം ഉപകാരപ്പെടുമെന്നാണ് ഈ മേഖലയിലെ പ്രമുഖര്‍ അഭിപ്രായപ്പെടുന്നത്.

എണ്ണ വില ബ്രെന്റ് ക്രൂഡ് ബാരലിന് 79 ഡോളര്‍ ആണ് വില. ഘട്ടങ്ങളായി വില ഉയരുകയാണ്. പശ്ചിമേഷ്യയിലെ പ്രശ്‌നങ്ങളാണ് വില ഉയരാന്‍ കാരണമായി പറയപ്പെടുന്നത്. അതേസമയം, ഇന്ത്യന്‍ ഓഹരി വിപണികള്‍ കുതിക്കുകയാണ്. സെന്‍സെക്‌സ് സൂചിക 72000 കടന്നത് നിക്ഷേപകരില്‍ ആഹ്ലാദമുണ്ടാക്കി. രാഷ്ട്രീയ മാറ്റത്തിന് സാധ്യതയില്ല എന്ന നിക്ഷേപകരുടെ വിലയിരുത്തലാണ് മുന്നേറ്റത്തിന് കാരണമായി പറയുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week