കോഴിക്കോട്: സ്കൂള്‍ കലോത്സവത്തില്‍ 945 പോയിന്‍റുമായി കോഴിക്കോടിന് കിരീടം. 925 പോയിന്‍റുമായി കണ്ണൂരും പാലക്കാടും രണ്ടാം സ്ഥാനം പങ്കിട്ടു. 915 പോയിന്‍റോടെ തൃശ്ശൂര്‍ മൂന്നാമതെത്തി. ഹൈസ്കൂള്‍ വിഭാഗത്തില്‍ പാലക്കാട് ബിഎസ്എസ് ഗുരുകുലം സ്കൂള്‍ 90 പോയിന്‍റോടെ ഒന്നാമതെത്തി. 71 പോയിന്‍റ് നേടിയ കാഞ്ഞങ്ങാട് ദുര്‍ഗാ എച്ച് എസ് എസിനാണ് ഹയര്‍ സെക്കന്‍ററിയിലെ ഒന്നാം സ്ഥാനം.
സമാപന സമ്മേളനം പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഉദ്ഘാടനം ചെയ്തു.സംസ്‌കാരസമ്പന്നമായ തലമുറയെ വാര്‍ത്തെടുക്കുക എന്ന ലക്ഷ്യംകൂടി കലോത്സവത്തിനുണ്ടെന്ന് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് വി.ഡി.സതീശന്‍ പറഞ്ഞു. കോഴിക്കോടന്‍ പെരുമ വിളിച്ചോതിയ കലോത്സവമെന്ന് 61-ാമത് കലോത്സവത്തെ വിശേഷിപ്പിച്ച അദ്ദേഹം കലോത്സവത്തെ കലയുടെ മഹോത്സവമാക്കി മാറ്റിയെന്നും അഭിപ്രായപ്പെട്ടു. എല്ലാം മറന്ന് എല്ലാവരും ഒരുമിച്ച് നില്‍ക്കുക എന്നതാണ് വലിയ പാഠമെന്നും അദ്ദേഹം പറഞ്ഞു.
കലോത്സവവേദിയില്‍നിന്നു മടങ്ങുമ്പോള്‍ അഭിമാനമെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി പറഞ്ഞു. ചരിത്രത്തിലെ ഏറ്റവും മികച്ച കലോത്സവത്തില്‍ ഒന്നാണിത്. ജനപങ്കാളിത്തം കൊണ്ടും സംഘാടനം കൊണ്ടും മികവ് പുലര്‍ത്തി. അടുത്ത വര്‍ഷം ഭക്ഷണ വൈവിധ്യം പ്രോത്സാഹിപ്പിക്കും. ഇത്തവണ കോഴിക്കോടന്‍ ബിരിയാണി വിളമ്പണമെന്ന് ആഗ്രഹിച്ചിരുന്നു. അടുത്തവര്‍ഷം നോണ്‍ വെജിറ്റേറിയന്‍ വിഭവങ്ങള്‍ നല്‍കും. ഗോത്രകലകളെ കലോത്സവത്തില്‍ ഉള്‍പ്പെടുത്തുന്ന കാര്യം പരിഗണയിലാണെന്നും കലോത്സവ മാന്വല്‍ കാലോചിതമായി പരിഷ്‌കരിക്കുമെന്നും അദ്ദേഹം പറഞ്ഞു. വിധികര്‍ത്താക്കളെ തിരഞ്ഞെടുക്കാന്‍ കൂടുതല്‍ മാനദണ്ഡം ഉണ്ടാവുമെന്നും നിരവധി പരിഷ്‌കാരങ്ങള്‍ വേണ്ടതിനാല്‍ അടുത്ത കലോത്സവവേദി ഇപ്പോള്‍ അറിയിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സമയബന്ധിതമായി പരിപാടികള്‍ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞതാണ് വിജയമെന്ന് മന്ത്രി മുഹമ്മദ് റിയാസ് അഭിപ്രായപ്പെട്ടു. കോഴിക്കോടിന്റെ സ്നേഹവും ആതിഥേയ മര്യാദയും അനുഭവിച്ചാണ് കുട്ടികള്‍ ഇവിടെനിന്ന് പോകുന്നത്. കലോത്സവം വിജയമാക്കാന്‍ എല്ലാവരും ശ്രമിച്ചു. രാപകല്‍ ഇല്ലാതെ ശുചിത്വ പ്രോട്ടോകോള്‍ പാലിക്കാന്‍ അധ്വാനിച്ച ശുചിത്വ തൊഴിലാളികള്‍ക്ക് ബിഗ് സല്യൂട്ട്. ഓട്ടോ തൊഴിലാളികൾക്കും പ്രത്യേക അഭിനന്ദനങ്ങള്‍. ഒരു പരാതിയും ഇല്ലാതെ ഭക്ഷണ കമ്മിറ്റി ഭക്ഷണം നല്‍കി. എല്ലാ കമ്മിറ്റികളും പ്രവര്‍ത്തങ്ങള്‍ ഭംഗിയാക്കി. കലോത്സവം രക്ഷിതാക്കളുടെ മത്സരം ആയില്ല. അദ്ദേഹം പറഞ്ഞു.
ചടങ്ങില്‍ പൊതു വിദ്യാഭ്യാസ വകുപ്പിന്റെ കലോത്സവം സുവനീര്‍ മേയര്‍ ബീന ഫിലിപ്പിന് നല്‍കി മന്ത്രി ആന്റണി രാജു പ്രകാശനം ചെയ്തു. സംഘടക മികവ് കൊണ്ടും സമയകൃത്യത കൊണ്ടും ശ്രദ്ധേയമായ കലോത്സവമാണ് നടന്നത്. എല്ലാ പിന്തുണയും നല്‍കിയ കോഴിക്കോടന്‍ ജനതക്ക് അഭിവാദ്യങ്ങൾ. ഇത്ര ഭംഗിയായി കലോത്സവം നടക്കുന്നത് കേരളത്തില്‍ മാത്രമാണെന്ന് ഗായിക കെ.എസ്. ചിത്ര പറഞ്ഞു. നന്നായി പരിശീലിച്ച് നന്നായി പെര്‍ഫോം ചെയ്യുക. ജയമായാലും തോൽവിയായാലും അത് അംഗീകരിക്കുകയെന്നും അവര്‍ പറഞ്ഞു. താന്‍ സ്‌കൂള്‍ കലോത്സവവേദിയില്‍ പാടിയ ഓടക്കുഴലി എന്ന ഗാനം ചിത്ര ഒരിക്കല്‍കൂടി ആലപിച്ചു.
മന്ത്രിമാരായ അഹമ്മദ് ദേവര്‍കോവില്‍, എ.കെ. ശശീന്ദ്രന്‍, എം.പിമാരായ എം.കെ. രാഘവന്‍, എളമരം കരീം, തോട്ടത്തില്‍ രവീന്ദ്രന്‍ എം.എല്‍.എ., മേയര്‍ ബീന ഫിലിപ്പ്, ജില്ല കളക്ടര്‍ ഡോ. നരസിംഹുഗാരി ടി.എൽ. റെഡ്ഢി, പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ജീവന്‍ ബാബു, വിന്ദുജ മേനോന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.