സാമ്പത്തിക തട്ടിപ്പ്; തുഷാറിന് പിന്നാലെ ഗോകുലം ഗോപാലന്റെ മകനും അറസ്റ്റില്‍
ദുബായ്: തുഷാര്‍ വെള്ളാപ്പള്ളിക്ക് പിന്നാലെ സാമ്പത്തികതട്ടിപ്പു കേസില്‍ പ്രമുഖ വ്യവസായി ഗോകുലം ഗോപാലന്റെ മകന്‍ ബൈജു ഗോപാലനും യുഎഇയില്‍ അറസ്റ്റില്‍. രണ്ടു കോടി ദിര്‍ഹത്തിന്റെ (ഏകദേശം 39 കോടി ഇന്ത്യന്‍ രൂപ) ചെക്ക് നല്‍കി കബളിപ്പിച്ചു എന്ന പരാതിയിലാണ് ഇയാളെ അറസ്റ്റ് ചെയ്തിരിക്കുന്നത്.
തമിഴ്നാട് സ്വദേശി രമണിയാണ് ബൈജുവിനെതിരെ പരാതി നല്‍കിയത്. ചെക്കുകേസുമായി ബന്ധപ്പെട്ട് യുഎഇക്കു പുറത്തുപോകാന്‍ വിലക്കുള്ള ബൈജു, ഒമാന്‍ വഴി കേരളത്തിലേക്കു കടക്കാന്‍ ശ്രമിക്കവെയാണ് അറസ്റ്റിലായത്. പാസ്‌പോര്‍ട്ടില്‍ വ്യാജ എക്‌സിറ്റ് സീല്‍ പതിച്ചു റോഡുമാര്‍ഗമാണ് ഒമാനിലേക്ക് കടന്നത്.
രണ്ടാഴ്ചമുന്‍പാണ് ബൈജുവിനെ ഒമാന്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ പിന്നീട് ദുബായ് പോലീസിന് കൈമാറി. ബൈജു ഗോപാലന്‍ അല്‍ഐന്‍ ജയിലാണ് ഇപ്പോഴുള്ളത്. ബൈജുവിന്റെ പാസ് പോര്‍ട്ട് അല്‍ഐന്‍ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ പിടിച്ചുവെച്ചിരിക്കുകയാണ്.ചെക്ക് കേസിന് പുറമെ എമിഗ്രേഷന്‍ രേഖകള്‍ ഉള്‍പ്പടെ വ്യാജരേഖകള്‍ ഉണ്ടാക്കിയെന്ന ഗുരുതരമായ കുറ്റവും ബൈജുവിനെതിരെ ചുമത്തിയിട്ടുണ്ട്. ഗോകുലം ഗ്രൂപ്പ് കമ്പനികളുടെ ഡയറക്ടര്‍ ആണ് ബൈജു ഗോപാലന്‍.