തിരുവനന്തപുരം: സർക്കാർ – ഗവർണർ പോരിനിടെ ഗവർണർക്കെതിരെ പ്രത്യക്ഷ സമരത്തിന് ഇടതുമുന്നണി. ഇന്നും നാളെയുമായി സംസ്ഥാന വ്യാപകമായി പ്രതിഷേധ പ്രകടനങ്ങൾ നടക്കും. സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ്റെ നേതൃത്വത്തിലാണ് തിരുവനന്തപുരം ജില്ലയിലെ പ്രതിഷേധ കൂട്ടായ്മ. വൈകിട്ട് അഞ്ച് മണിക്ക് പാളയം രക്തസാക്ഷി മണ്ഡപത്തിന് സമീപം പ്രതിഷേധ പൊതുയോഗം നടക്കും. ഗവര്‍ണര്‍ക്കെതിരെ ഇനി തെരുവിൽ പ്രതിഷേധമെന്ന തീരുമാനത്തിലാണ് ഇടതുമുന്നണി.
നവംബര്‍ രണ്ട് മുതൽ കൺവെൻഷനും 15 ന് രാജ്ഭവന് മുന്നിൽ മുഖ്യമന്ത്രി നയിക്കുന്ന ജനകീയ പ്രതിഷേധവും നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇടത് യുവജന സംഘടനകളും അധ്യാപക സംഘടനകളും പ്രതിഷേധ രംഗത്തുണ്ട്. അതേസമയം, വൈസ് ചാന്‍സിലര്‍മാര്‍ക്കെതിരെ കര്‍ക്കശ നിലപാടുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാന്‍ മുന്നോട്ട് പോകുമ്പോള്‍ ഗവര്‍ണറുടെ ഹിന്ദുത്വ രാഷ്ട്രീയം ഉയര്‍ത്തി പ്രതിരോധം തീര്‍ക്കാനാണ് എല്‍ഡിഎഫ് ശ്രമം. സര്‍വകലാശാലകളില്‍ ആര്‍എസ്എസ് അജണ്ട നടപ്പാക്കാന്‍ ഗവര്‍ണര്‍ ശ്രമിക്കുന്നുവെന്ന വാദത്തിന് ന്യൂനപക്ഷ വിഭാഗത്തിന്‍റെയാകെ പിന്തുണ കിട്ടുമെന്ന് സിപിഎം കണക്കുകൂട്ടുന്നു.
കോണ്‍ഗ്രസ് നേതൃത്വത്തെ തള്ളി മുസ്ലീം ലീഗ് ഗവര്‍ണര്‍ക്കെതിരെ നിലപാട് സ്വീകരിക്കുന്നത് രാഷ്ട്രീയമായി ഗുണമുണ്ടാക്കുമെന്നാണ് സിപിഎം വിലയിരുത്തൽ. പൗരത്വ വിഷയത്തില്‍ തുടങ്ങിയ ശീതയുദ്ധമാണ് ഉന്നതവിദ്യാഭ്യാസ മേഖലയില്‍ കടുത്ത അനിശ്ചിതത്വം ഉണ്ടാക്കി ഉടനെയൊന്നും പരിഹരിക്കാനാകാത്ത വിഷയമായി വളര്‍ന്ന് പന്തലിച്ചത്.
മുഖ്യമന്ത്രിയുടെയും ഗവര്‍ണറുടെയും ഇന്നലത്തെ വാര്‍ത്താസമ്മേളനങ്ങളോടെ അനുരഞ്ജനമില്ലെന്ന സ്ഥിതിയില്‍ കാര്യങ്ങളെത്തി. ഇനി സര്‍വശക്തിയുമെടുത്ത് നേര്‍ക്കുനേര്‍ പോരാട്ടമാകും സംസ്ഥാനത്തുണ്ടാകുകയെന്ന് ഉറപ്പാണ്. സര്‍വകലാശാലകളില്‍ ആര്‍എസ്എസ് അജണ്ട നടപ്പാക്കാനാണ് ഗവര്‍ണറുടെ ശ്രമമെന്നാണ് സിപിഎമ്മിന്‍റെ പ്രധാന വാദം. ആര്‍എസ്എസ് തലവന്‍ മോഹന്‍ഭഗവതിനെ അദ്ദേഹം താമസിക്കുന്ന സ്ഥലത്ത് പോയി ഗവര്‍ണര്‍ കണ്ടതടക്കം ചൂണ്ടിക്കാണിച്ച് ആര്‍എസ്എസ് നോമിനികളെ സര്‍വകലാശാലാ തലപ്പത്ത് കൊണ്ട് വരാനാണ് ആരിഫ് മുഹമ്മദ്ഖാന്‍റെ ശ്രമമെന്ന് സിപിഎം പറയുന്നു.
സംസ്ഥാനത്തെ ഒൻപത് വൈസ് ചാൻസലർമാർക്കും തല്‍ക്കാലത്തേക്ക് തൽസ്ഥാനത്ത് തുടരാമെന്ന ഹൈക്കോടതി വിധിക്ക് പിന്നാലെ ഗവര്‍ണര്‍ക്ക് താക്കീതുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. അധികാരപരിധി വിട്ട് ഒരിഞ്ച് കടക്കാമെന്ന് ഗവര്‍ണര്‍ കരുതരുതെന്നായിരുന്നു മുഖ്യമന്ത്രിയുടെ താക്കീത്. ഗവര്‍ണറുടെ തോണ്ടല്‍ ഏശില്ല. ചട്ടവും കീഴ്‍വഴക്കവും ഗവര്‍ണര്‍ മറക്കരുതെന്നും മുഖ്യമന്ത്രി ഓര്‍മ്മിപ്പിച്ചു.
ഗവര്‍ണർ അന്തിമ ഉത്തരവ് പറയും വരെ സംസ്ഥാനത്തെ ഒൻപത് വൈസ് ചാൻസലർമാർക്കും തൽസ്ഥാനത്ത് തുടരാമെന്നാണ് ഹൈക്കോടതി ഉത്തരവ്. രാജിവച്ച് പുറത്തുപോകണമെന്ന ഗവർണറുടെ ഉത്തരവ് നിയമപരമല്ലെന്നും നടപടിക്രമങ്ങൾ പാലിച്ചല്ലെന്നുമുളള വൈസ് ചാൻസലർമാരുടെ വാദം അംഗീകരിച്ചാണ് നടപടി. തങ്ങളുടെ ഭാഗം കേൾക്കാതെയുളള ഗവർണറുടെ നടപടി സ്വഭാവിക നീതിയുടെ ലംഘനമാണെന്ന വൈസ് ചാൻസലർമാരുടെ വാദം സിംഗിൾ ബെഞ്ച് അംഗീകരിച്ചു.
നിശ്ചിത യോഗ്യതയില്ലെങ്കിൽ, മാനദണ്ഡം പാലിച്ചല്ല നിയമനമെങ്കിൽ വൈസ് ചാൻസലർമാരെ തൽസ്ഥാനത്ത് നിന്ന് നീക്കാൻ ഗവർണർക്ക് അവകാശമുണ്ട്. എന്നാൽ അതിന് സ്വീകരിക്കുന്ന നടപടികൾ ചട്ടപ്രകാരമാകണം. ഒന്‍പത് വിസിമാരുടെ കാര്യത്തിലും ഇതുണ്ടായില്ല. അവരുടെ ഭാഗം കേൾക്കാതെ രാജിവെച്ച് പുറത്തുപോകാൻ ആവശ്യപ്പെട്ടത് നിയമപരമല്ല. ഇക്കാര്യത്തിൽ നടപടിക്രമങ്ങൾ പാലിച്ച് ഗവർണർക്ക് മുന്നോട്ടുപോകാൻ തടസമില്ല. പത്തുദിവസത്തിനുളളിൽ വിസിമാർ നൽകുന്ന മറുപടികേട്ട് ചാൻസലർക്ക് അന്തിമ തീരുമാനമെടുക്കാമെന്നും കോടതി വ്യക്തമാക്കി.
അന്തിമ തീരുമാനത്തിൽ അപാകതയുണ്ടെങ്കിൽ വൈസ് ചാൻസലർമാർക്ക് കോടതിയെ സമീപിക്കാം. സാങ്കേതിക സർവകാശാല വൈസ് ചാൻസലറെ നീക്കിയ സുപ്രീംകോടതി ഉത്തരവിന്‍റെ അടിസ്ഥാനത്തിൽ രാജിവെച്ചൊഴിയണമെന്ന ഗവർണറുടെ നിർദേശം ചോദ്യം ചെയ്താണ് ഒന്‍പത് വൈസ് ചാൻസലർമാരും ഹൈക്കോടതിയെ സമീപിച്ചത്. സുപ്രീംകോടതി ഉത്തരവ് തങ്ങൾക്ക് ബാധകമല്ലെന്ന ഇവരുടെ വാദം കോടതി അംഗീകരിച്ചില്ല.
രാജിവെച്ച് പുറത്തുപോകണമെന്ന തന്‍റെ ഉത്തരവ് അപേക്ഷ മാത്രമായിരുന്നെന്നും മാന്യമായി പുറത്തുപോകാനുളള അവസരം ഒരുക്കുകയായിരുന്നെന്നും ഗവർണർ കോടതിയെ അറിയിച്ചു. എന്നാൽ ഇതിന് പിന്നാലെ കാരണം കാണിക്കൽ നോട്ടീസ് നൽകിയതിന്‍റെ യുക്തിയെന്തെന്നും കോടതി ഗവർണറോട് ചോദിച്ചു. കാരണം കാണിക്കൽ നോട്ടീസോടെ രാജിവെച്ച് പുറത്ത് പോകണമെന്ന ഗവർണറുടെ ഉത്തരവ് അപ്രസക്തമായെന്ന കണ്ടെത്തലോടെയാണ് വൈസ് ചാൻസലർമാരുടെ ഹർജി ഹൈക്കോടതി തീർപ്പാക്കിയത്.