മലയാള സിനിമയിലെ സൂപ്പര്‍ താരമാണ് സുരേഷ് ഗോപി. തീപ്പൊരി ഡയലോഗുകളുമായി സ്‌ക്രീന്‍ തീപടര്‍ത്തിയ ആക്ഷന്‍ കിംഗ്. പോലീസായും അധോലോക നായകനായുമെല്ലാം കയ്യടി നേടിയ താരം. പോലീസ് കഥാപാത്രങ്ങള്‍ എന്നാല്‍ സുരേഷ് ഗോപി എന്നാണ് മലയാളിയുടെ പൊതുബോധം. ഇന്നും ഏതൊരു താരവും യൂണിഫോമിട്ട് വന്നാല്‍ സുരേഷ് ഗോപിയെ പോലെയുണ്ടെന്നാകും ആദ്യത്തെ കമന്റ്.
എന്നാല്‍ ബിഗ് സ്‌ക്രീനിലെ തീപ്പൊരി നായകന്‍ ഓഫ് സ്‌ക്രീനില്‍ വളരെ ശാന്തനും ലോലഹൃദയനുമായി മാറുന്നത് നമ്മള്‍ പലപ്പോഴും കണ്ടിട്ടുണ്ട്. ജീവിതത്തില്‍ വലിയ ദുഖങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ട് സുരേഷ് ഗോപിയ്ക്ക്. അതിലൊന്നായിരുന്നു മകള്‍ ലക്ഷ്മിയുടെ മരണം. വാഹനാപകടത്തെ തുടര്‍ന്നാണ് ചെറു പ്രായത്തില്‍ സുരേഷ് ഗോപിയുടെ മകള്‍ മരിക്കുന്നത്.
ഇപ്പോഴിതാ മനോരമ ഓണ്‍ലൈനിന് നല്‍കിയ അഭിമുഖത്തില്‍ തന്റെ മകളെ ഓര്‍ത്ത് കണ്ണീരണിയുകയാണ് സുരേഷ് ഗോപി. പുതിയ സിനിമയായ പാപ്പന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് നല്‍കിയ അഭിമുഖത്തിനിടെയായിരുന്നു താരത്തിന് നിയന്ത്രണം നഷ്ടമായത്. അവതാരകയുടെ പേരും ലക്ഷ്മി എന്നാണെന്ന് അറിഞ്ഞതോടെയായിരുന്നു താരത്തിന് നിയന്ത്രണം നഷ്ടമായത്.
എന്റെ മകള്‍ ഇപ്പോഴുണ്ടെങ്കില്‍ 32 വയസാണ്. 30 വയസുള്ള പെണ്‍കുട്ടികളെ കണ്ടാല്‍ അവരെ കെട്ടിപ്പിടിച്ച് ഞെക്കി അവളുടെ മണം വലിച്ചെടുക്കുന്നത് പോലെ ഉമ്മ വെക്കാനുളള കൊതിയാണ്. ലക്ഷ്മിയുടെ നഷ്ടം എന്ന് പറയുന്നത് മരിച്ച് പട്ടടയില്‍ കൊണ്ടുവച്ച് കത്തിച്ചാല്‍ ആ ചാരത്തിന് പോലും ആ വേദനയുണ്ടാകും. എന്റെ കരിയറില്‍ വലിയൊരു പങ്ക് ലക്ഷ്മിയ്ക്കുണ്ടെന്നാണ് താരം പറയുന്നത്. കണ്ണുകള്‍ നനഞ്ഞ് വാക്കുകള്‍ ഇടറിക്കൊണ്ടായിരുന്നു സുരേഷ് ഗോപി സംസാരിച്ചത്. നടി നൈല ഉഷയും ഒപ്പമുണ്ടായിരുന്നു. താരത്തിന്റെ വാക്കുകള്‍ അവതാരകയേയും ഈറനണിയിക്കുന്നുണ്ട്.
നേരത്തെ മറ്റൊരു അഭിമുഖത്തില്‍ തന്റെ മക്കളെക്കുറിച്ച് സുരേഷ് ഗോപി മനസ് തുറന്നിരുന്നു. മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ പ്രതികരണം. മകന്‍ ഗോകുല്‍ സുരേഷും ഒപ്പമുണ്ടായിരുന്നു. മൈക്കിളും പാപ്പനും തമ്മിലുള്ള ബന്ധം ഏതൊരു മക്കളും സ്വപ്നം കാണുന്നതാണ്. ജീവിതത്തില്‍ അച്ഛന്‍ എല്ലാ സ്വാതന്ത്ര്യവും തരുമെങ്കിലും ഞാന്‍ കുറച്ച് പിന്നോട്ടാണ് നില്‍ക്കുന്നത്. യഥാര്‍ത്ഥ ജീവിതത്തില്‍ പുറത്ത് കാണിക്കാന്‍ സാധിക്കാത്ത പല വികാരങ്ങളും എനിക്ക് പാപ്പനിലൂടെ കാണിക്കാന്‍ സാധിച്ചുവെന്ന് ഗോകുല്‍ പറഞ്ഞു. ഈ സമയത്താണ് സുരേഷ് ഗോപിയുടെ പ്രതികരണം.
എഴുത്തിലുള്ള സ്പേസ് അയാള്‍ മുതലെടുക്കുകയായിരുന്നു. ജീവിതത്തില്‍ ഇതിന്റെ നൂറിരട്ടി സാധ്യതയുണ്ട്. പക്ഷെ അയാള്‍ ഉപയോഗിക്കാത്തത് കൊണ്ടാണെന്നാണ് സുരേഷ് ഗോപി പറയുന്നത്. എന്റെ അച്ഛന്‍ ഫ്രണ്ട്ലി ആണെങ്കിലും പട്ടാളക്കാരനുമായിരുന്നു. പക്ഷെ ഞാന്‍ അതുകൊണ്ട് തന്നെ ഇവരോടൊന്നും അങ്ങനെ പെരുമാറിയിട്ടില്ല. അത്രയും സ്പേസ് കൊടുത്തിട്ടുണ്ട്. എനിക്ക് ഇവരുടെ സുഹൃത്താകാനുള്ള മനസ്ഥിതി വ്യക്തമാക്കാനേ പറ്റൂ. ഇവരാണ് നിശ്ചയിക്കേണ്ടതെന്നും സുരേഷ് ഗോപി പറയുന്നു.
മാധവന്‍ ആണ് അക്കാര്യത്തില്‍ മുന്നിലെന്നാണ് സുരേഷ് ഗോപിയുടെ അഭിപ്രായം. സുഹൃത്തൊന്നുമല്ല, ഏതെങ്കിലും ഒരു നിമിഷം കേറി അളിയാ എന്ന് വിളിക്കുമെന്നാണ് തോന്നുന്നതെന്നും അച്ഛനാണ് മകനാണ് എന്നൊന്നും അവനില്ലെന്നും താരം പറയുന്നു. പെണ്‍കുട്ടികള്‍ രണ്ടു പേര്‍ക്കും സ്വാതന്ത്ര്യം കൊടുത്തിട്ടുണ്ടെന്നും ഒരുത്തി എന്റെ തലയില്‍ കയറി നിരങ്ങുമെന്നും താരം പറയുന്നു. എന്നാല്‍ മറ്റവള്‍ കുറച്ച് പക്വതയൊക്കെ കാണിക്കുമെന്നും താരം പറയുന്നു.
അതേസമയം, ഗോകുല്‍ ആണ് കൂട്ടത്തില്‍ ഏറ്റവും പിന്നിലേക്ക് മാറി നില്‍ക്കുന്നതെന്നാണ് സുരേഷ് ഗോപി പറയുന്നത്. പാപ്പന്‍ ചെയ്യുമ്പോള്‍ ഞാന്‍ പലപ്പോഴും മനസില്‍ പറഞ്ഞിട്ടുണ്ട് തനിക്ക് ഇങ്ങനെ ആയിക്കൂടെ എന്ന് ഉടനീളം എനിക്കുണ്ടായിരുന്നുവെന്നും സുരേഷ് ഗോപി തുറന്നു പറയുന്നുണ്ട്. ജോഷി സംവിധാനം ചെയ്യുന്ന ചിത്രമാണ് പാപ്പന്‍. ജൂലൈ 29 ന് സിനിമ തീയേറ്ററിലെത്തും. സുരേഷ് ഗോപിയും മകന്‍ ഗോകുല്‍ സുരേഷും ആദ്യമായി ഒരുമിച്ച് അഭിനയിക്കുന്ന സിനിമയാണ് പാപ്പന്‍. നൈല ഉഷ, നിത പിള്ള തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.