ജെയ്പുര്‍: രണ്ടുപേര്‍ തമ്മിലുള്ള സാമ്പത്തിക ബാധ്യത തീര്‍ക്കാന്‍ പെണ്‍കുട്ടികളെ ലേലം ചെയ്യാന്‍ തയ്യാറാവണമെന്ന് ജാതിപഞ്ചായത്ത് തീരുമാനമെടുത്തുവെന്ന മാധ്യമ വാര്‍ത്തകളില്‍ വിവാദത്തിലായി രാജസ്ഥാന്‍ സര്‍ക്കാര്‍. സംഭവവുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ രാജസ്ഥാന്‍ സര്‍ക്കാരിന് നോട്ടീസയച്ചു.
പണമിടപാട് തീര്‍ക്കാന്‍ പെണ്‍കുട്ടികളെ ലേലം ചെയ്യാന്‍ കരാറുണ്ടാക്കണമെന്നും കരാര്‍ ലംഘിച്ചാല്‍ അവരുടെ അമ്മമാരെ ബലാത്സംഗം ചെയ്യണമെന്നും ജാതിപഞ്ചായത്ത് നിര്‍ദേശിച്ചുവെന്നായിരുന്നു പുറത്ത് വന്ന വാര്‍ത്തകള്‍. പണം തിരികെ തന്നില്ലെങ്കില്‍ എട്ട് മുതല്‍ 18 വയസുവരെയുള്ള പെണ്‍കുട്ടികളെ ലേലത്തിന് നല്‍കണമെന്നായിരുന്നു നിര്‍ദേശം.
ഇങ്ങനെയുള്ള പെണ്‍കുട്ടികളെ യു.പി, മധ്യപ്രദേശ്, മുംബൈ, ഡല്‍ഹി എന്നിവിടങ്ങളിലേക്കും വിദേശത്തേക്കും വരെ കയറ്റി അയക്കുന്നുവെന്നായിരുന്നു പുറത്ത് വന്ന വിവരം. ഇത്തരത്തിലുള്ള പെണ്‍കുട്ടികളെ ലൈംഗിക തൊഴിലിലേക്കും അടിമപ്പണിക്കും ഉപയോഗിക്കുന്നവെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.
മാധ്യമ വാര്‍ത്ത ശരിയാണെങ്കില്‍ ഏറ്റവും വലിയ മനുഷ്യാവകാശ ലംഘനമാണ് നടക്കുന്നതെന്ന് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ നിരീക്ഷിച്ചു. ഇതിന് പുറമെ വിശദറിപ്പോര്‍ട്ട് ആവശ്യപ്പെട്ട് സംസ്ഥാന ചീഫ് സെക്രട്ടറി, ഡിജിപി എന്നിവരടക്കമുള്ളവര്‍ക്കും നോട്ടീസ് അയച്ചിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് പോലീസ് എടുത്തിട്ടുള്ള കേസുകള്‍, എഫ്.ഐ.ആര്‍ വിവരങ്ങള്‍, അറസ്റ്റ് നടപടി ഇതിനെ കറിച്ചെല്ലാം വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് ഡി.ജി.പിയോട് ആവശ്യപ്പെട്ടിരിക്കുന്നത്.
രാജസ്ഥാനിലെ ഭില്‍വാരയില്‍ ഉള്‍പ്പെടെയുള്ള ആറ് ജില്ലകളില്‍ പണമിടപാട് തീര്‍ക്കാന്‍ ഇത്തരത്തില്‍ പെണ്‍കുട്ടികളെ ലേലം ചെയ്യുന്നുവെന്ന വാര്‍ത്തയായിരുന്നു 26-ാം തീയതി പുറത്ത് വന്നത്. വിഷയം ചര്‍ച്ചയായിട്ടും മുഖ്യമന്ത്രി അശോക് ഗെഹ്‌ലോത് പ്രതികരിക്കാത്തതില്‍ പ്രതിഷേധവുമായി ബിജെപിയടക്കമുള്ളവര്‍ രംഗത്തെത്തി.
ദേശീയ വനിതാ കമ്മീഷന്റെ നേതൃത്വത്തിലുള്ള സംഘം നിജസ്ഥിതി അന്വേഷിക്കാന്‍ നവംബര്‍ ഒന്നിന് ഭില്‍വാര സന്ദര്‍ശിക്കുന്നുണ്ട്. രാജസ്ഥാന്‍ ചീഫ് സെക്രട്ടറി, ഭില്‍വാര എസ്.പി എന്നിവരുമായി സംഘം കൂടിക്കാഴ്ച നടത്തും. സമാന സംഭവങ്ങള്‍ കുറച്ച് വര്‍ഷം മുമ്പേയും രാജസ്ഥാനില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടായിരുന്നുവെന്നും കമ്മീഷന്‍ ചൂണ്ടിക്കട്ടി.
മാധ്യമറിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ വനിതാ കമ്മീഷന്‍ സംഭവത്തില്‍ സ്വമേധയാ കേസെടുത്തിട്ടുണ്ട്. ഇതിനിടെ മാധ്യമ റിപ്പോര്‍ട്ടുകള്‍ നിഷേധിച്ച് രാജസ്ഥാന്‍ മന്ത്രി പ്രതാപ് കചാരിയാവാസ് രംഗത്തെത്തി. അന്വേഷണം നടന്ന് വരികയാണെന്നും ഇത്തരമൊരു സംഭവം സംസ്ഥാനത്ത് നടന്നിട്ടുണ്ടാവില്ലെന്നാണ് കരുതുന്നുതെന്നും മന്ത്രി പറഞ്ഞു.
ഭില്‍വാരയില്‍ രണ്ട് പേര്‍ തമ്മില്‍ തര്‍ക്കമുണ്ടായാല്‍ പോലീസിനെ സമീപിക്കുന്നതിന് പകരം തീര്‍പ്പാക്കുന്നത് ജാതിപഞ്ചായത്തുകളാണ്.