വിവാഹത്തെ ചൊല്ലി വീട്ടുകാരുമായി വഴക്കിട്ട് കാമുകനൊപ്പം പോയി; ആ യാത്ര ഇരുവരുടേയും അവസാന യാത്രയായി
മൂവാറ്റുപുഴ: വിവാഹത്തെ ചൊല്ലി വീട്ടുകാരുമായി വഴക്കിട്ട് കാമുകനൊപ്പം പോയ പെണ്‍കുട്ടിയും കാമുകനും വാഹനാപകടത്തില്‍ ദാരുണാന്ത്യം. എംസി റോഡില്‍ വാളകത്ത് നിര്‍ത്തിയിട്ട ലോറിയില്‍ പുലര്‍ച്ചെ രണ്ടരയോടെ ബൈക്കിടിച്ചാണ് അപകടമുണ്ടായത്. ചോറ്റാനിക്കര പ്രദീപ് നിവാസില്‍ സുനിലിന്റെ മകന്‍ ശ്യാം സുനില്‍ (23), പള്ളിക്കര വെമ്പിള്ളി മേപ്പിള്ളിമൂലയില്‍ പകിടപ്പറമ്പില്‍ കണ്ണന്റെ മകള്‍ ശ്രാവണി (19) എന്നിവരാണ് മരിച്ചത്. മൂവാറ്റുപുഴ ഭാഗത്തേക്കു വരികയായിരുന്ന ബൈക്ക് കരട്ടെവാളകത്ത് ലോറിയുടെ പിറകില്‍ ഇടിച്ചു കയറുകയായിരുന്നു. രാവിലെ കാല്‍നട യാത്രികരാണ് അപകടം കണ്ടത്. ശേഷം പോലീസില്‍ അറിയിക്കുകയായിരുന്നു.
ഇരുവരെയും പോലീസ് കോലഞ്ചേരി മെഡിക്കല്‍ മിഷന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വിവാഹത്തെ ചൊല്ലി വീട്ടുകാരുമായി വഴക്കിട്ട ശ്രാവണി കാമുകനായ ശ്യാം സുനിലിനെ വീട്ടിലേക്കു വിളിച്ചു വരുത്തി ബൈക്കില്‍ കയറി പോയെന്നാണ് കുടുംബം പോലീസിനോട് പറഞ്ഞത്.
ഫയര്‍ ആന്‍ഡ് സെക്യൂരിറ്റി സ്ഥാപനത്തില്‍ ഡ്രൈവറായ ശ്യാം ശബരിമല തീര്‍ഥാടനത്തിനു ശേഷം ബുധനാഴ്ച ഉച്ചയോടെയാണ് വീട്ടില്‍ തിരിച്ചെത്തിയത്. രാത്രി പൊടുന്നനെ ബൈക്കുമായി പോയെന്ന് ബന്ധുക്കള്‍ പറയുന്നു. മിനിയാണ് ശ്യാമിന്റെ അമ്മ. സഹോദരി: ശരണ്യ. ശ്രീജയാണ് ശ്രാവണിയുടെ അമ്മ. സഹോദരന്‍: സാഗര്‍