കോഴിക്കോട്: കോഴിക്കോട് ചില്‍ഡ്രന്‍സ് ഹോമില്‍ നിന്ന് കാണാതായ പെണ്‍കുട്ടികളില്‍ ഒരാളെ രക്ഷിതാവിനൊപ്പം വിട്ടു. അമ്മയുടെ ആവശ്യം പരിഗണിച്ചാണ് നടപടി. കുട്ടിയെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് അമ്മ ജില്ലാ കലക്ടര്‍ക്ക് നിവേദനം നല്‍കിയിരുന്നു. ബാക്കി അഞ്ച് കുട്ടികളുടെ പുനരധിവാസം അടക്കം ഉറപ്പാക്കാന്‍ ഇന്ന് സിഡബ്ല്യുസി യോഗം ചേരും. അതേസമയം, ചേവായൂര്‍ പോലീസ് സ്റ്റേഷനില്‍ നിന്ന് പ്രതി ചാടിപ്പോയ സംഭവത്തിലെ അന്വേഷണ റിപ്പോര്‍ട്ടില്‍ ഇന്ന് തീരുമാനം ഉണ്ടാവും.
പെണ്‍കുട്ടിയെ വിട്ടുനല്‍കണമെന്ന ആവശ്യവുമായി കഴിഞ്ഞ മാസം 20ആം തീയതി തന്നെ ഈ മാതാവ് ചില്‍ഡ്രന്‍സ് ഹോമിനെ സമീപിച്ചിരുന്നു. 24ആം തീയതിയും ഇതേ ആവശ്യവുമായി അവര്‍ ചില്‍ഡ്രന്‍സ് ഹോമിനെ സമീപിച്ചു. എന്നാല്‍, തുടര്‍ വിദ്യാഭ്യാസം അടക്കം ഉറപ്പുവരുത്താമെന്ന് ബാലമന്ദിരം അറിയിക്കുകയും കുട്ടിയെ അവിടെത്തന്നെ നിര്‍ത്തുകയുമായിരുന്നു. അതിനു ശേഷമാണ് ഈ പെണ്‍കുട്ടി അടക്കം 6 പേര്‍ അവിടെനിന്ന് രക്ഷപ്പെടുന്നത്.
ചേവായൂര്‍ സ്റ്റേഷനില്‍ നിന്ന് ഇന്നലെ പ്രതി രക്ഷപ്പെട്ട സംഭവത്തില്‍ സ്പെഷ്യല്‍ ബ്രാഞ്ച് അസിസ്റ്റന്റ് കമ്മിഷണര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. സ്റ്റേഷന്‍ ചുമതലയുള്ള പൊലീസുകാര്‍ക്ക് വീഴ്ച സംഭവിച്ചെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രതികള്‍ സ്റ്റേഷനിലുള്ളപ്പോള്‍ ചുമതലയുള്ള ഉദ്യോഗസ്ഥര്‍ക്ക് ജാഗ്രതക്കുറവുണ്ടായെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
വെള്ളിമാടുകുന്ന് ചില്‍ഡ്രന്‍സ് ഹോമില്‍ നിന്ന് ആറ് പെണ്‍കുട്ടികള്‍ ഒളിച്ചോടിപ്പോയ സംഭവത്തില്‍ അറസ്റ്റിലായ കൊടുങ്ങല്ലൂര്‍ സ്വദേശി ഫെബിന്‍ റാഫി ആണ് കഴിഞ്ഞ ദിവസം വൈകുന്നേരം പൊലീസ് സ്റ്റേഷനില്‍ നിന്ന് ഇറങ്ങിയോടിയത്. ഇയാളെ ഉടന്‍ തന്നെ പിടികൂടിയിരുന്നു.
പോലീസ് സ്റ്റേഷനില്‍ നിന്ന് ഇറങ്ങിയോടി ലോ കോളജ് പരിസരത്ത് ഒളിച്ചിരിക്കുക ആയിരുന്നു പ്രതി. ഒരാള്‍ ഓടി വരുന്നത് കണ്ട ലോ കോളേജിലെ കുട്ടികളാണ് പൊലീസില്‍ വിവരം അറിയിച്ചത്. പ്രതി കുറ്റിക്കാട്ടില്‍ ഒളിച്ചിരിക്കുകയായിരുന്നു. വസ്ത്രം മാറാന്‍ പ്രതികള്‍ക്ക് സമയം നല്‍കിയിരുന്നു. വസ്ത്രം മാറി പുറത്തേക്ക് ഇറക്കുന്നതിനിടെ, പുറകു വശം വഴി ആണ് ഫെബിന്‍ രക്ഷപ്പെട്ടത് എന്ന് പൊലീസ് പറയുന്നു. സ്റ്റേഷന് അകത്തു നിന്ന് ഇടനാഴിയിലൂടെ ഓടി രക്ഷപ്പെടുകയായിരുന്നു. കൂടുതല്‍ പോലീസ് ഉദ്യോഗസ്ഥരെ നിയോഗിച്ച് നഗരം കേന്ദ്രീകരിച്ച് പൊലീസ് തെരച്ചില്‍ ശക്തമാക്കുകയായിരുന്നു.