മുംബൈ∙ ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനലിലെ തോൽവിക്കു പിന്നാലെ ഇന്ത്യൻ ടീമിനെതിരെ രൂക്ഷവിമർശനമുയര്‍ത്തി മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീർ. ഇന്ത്യയിൽ ടീമിനെക്കാളും മുൻഗണന ചില വ്യക്തികൾക്കാണെന്നു ഗൗതം ഗംഭീർ പ്രതികരിച്ചു. ‘‘ആളുകളൊന്നും ഇതിനേക്കുറിച്ച് അധികം സംസാരിക്കില്ല. എന്നാൽ സത്യം ആണെന്നതുകൊണ്ടും, ലോകം അറിയണമെന്നുള്ളതുകൊണ്ടുമാണു ഞാൻ ഇതു പറയുന്നത്. ഇന്ത്യൻ ടീമിൽ രാജ്യത്തിനല്ല പ്രാധാന്യം, വ്യക്തികൾക്കാണ്. വ്യക്തികൾ ഇവിടെ ടീമിനേക്കാളും മുകളിലാണ്.’’– ഗംഭീർ ഒരു സ്പോർട്സ് മാധ്യമത്തോടു പറഞ്ഞു.
‘‘ഇംഗ്ലണ്ട്, ഓസ്ട്രേലിയ, ന്യൂസീലൻഡ് എന്നിവിടങ്ങളില്‍ ടീമാണ് എല്ലാം, വ്യക്തികൾ അതിന്റെ ഭാഗമാണ്. ഇന്ത്യൻ ക്രിക്കറ്റിൽ ബ്രോഡ്കാസ്റ്റ് മുതൽ മാധ്യമങ്ങൾ വരെ എല്ലാം വെറും പിആർ ഏജൻസി മാത്രമായി മാറി. മൂന്നു പേരെ മാത്രം അവർ ഒരു ദിവസം മുഴുവൻ കാണിച്ചുകൊണ്ടിരിക്കും. നിങ്ങൾ അർധ സെഞ്ചറി നേടി, ഞാനും നേടിയിട്ടുണ്ട്. എന്നാൽ ദിവസം മുഴുവൻ എന്നെ മാത്രം കാണിച്ചുകൊണ്ടിരുന്നാൽ ഞാനൊരു താരമാണെന്ന് ആളുകൾ കരുതും.’’– ഗംഭീർ പറഞ്ഞു.
അർധ സെഞ്ചറി നേടിയ നിങ്ങളെ തരംതാഴ്ത്തും. ആളുകളെ ഇങ്ങനെ മോശക്കാരാക്കുന്നതിൽ ബ്രോഡ്കാസ്റ്റർ, സമൂഹമാധ്യമങ്ങൾ, ക്രിക്കറ്റ് വിദഗ്ധർ തുടങ്ങി എല്ലാവർക്കും പങ്കുണ്ട്. അതുകൊണ്ടുകൂടിയാണ് ഒരുപാട് നാളായി നമുക്ക് ഐസിസി ടൂർണമെന്റുകളിൽ വിജയിക്കാനാകാത്തത്. കാരണം നമുക്ക് ടീമിനെക്കാളും പ്രാധാന്യം വ്യക്തികളോടാണ്.’’– ഗംഭീര്‍ പ്രതികരിച്ചു.
ഇന്ത്യ ഒരു ഐസിസി ടൂർണമെന്റിൽ കിരീടം നേടിയിട്ട് പത്ത് വർഷത്തോളമായി. നിർണായക ടൂർണമെന്റുകളിൽ സ്ഥിരമായി സെമി ഫൈനൽ, ഫൈനല്‍ മത്സരങ്ങള്‍ കളിച്ചിട്ടും ഇന്ത്യയ്ക്കു കിരീടം നേടാന്‍ സാധിച്ചിട്ടില്ല.
ലോക ടെസ്റ്റ് ചാംപ്യൻഷിപ് ഫൈനലിൽ ഓസ്ട്രേലിയയോട് 209 റണ്‍സിന്റെ തോൽവിയാണ് ഇന്ത്യ വഴങ്ങിയത്. 444 റൺസ് വിജയ ലക്ഷ്യം പിന്തുടർന്ന ഇന്ത്യ രണ്ടാം ഇന്നിങ്സിൽ 234 റൺസെടുത്തു പുറത്തായി. തുടർച്ചയായി രണ്ടാം തവണയാണ് ഇന്ത്യ ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനലിൽ തോൽക്കുന്നത്. 2021 ഫൈനലില്‍ ന്യൂസീലൻഡ് എട്ടു വിക്കറ്റുകൾക്ക് ഇന്ത്യയെ തോൽപിച്ചിരുന്നു.