പാവപ്പെട്ടവന്റെ എ.സി ട്രെയിന്‍ ഗരീബ് രഥ് എക്‌സ്പ്രസ് നിര്‍ത്തലാക്കുന്നു
ന്യൂഡല്‍ഹി: പാവപ്പെട്ടവന്റെ എ.സി ട്രെയിനെന്ന് അറിയപ്പെടുന്ന ഗരീബ് രഥ് എക്സ്പ്രസ് നിര്‍ത്തലാക്കുന്നതായി റിപ്പോര്‍ട്ട്. ഗരീബ് രഥ് ട്രെയിനുകളുടെ കോച്ചുകള്‍ നിര്‍മിക്കുന്നത് നിര്‍ത്തിവെയ്ക്കാന്‍ റെയില്‍വേ മന്ത്രാലയം നേരത്തേ ഉത്തരവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് സര്‍വീസുകള്‍ നിര്‍ത്തിവെയ്ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.
ഇടത്തരം കുടുംബങ്ങള്‍ക്ക് ഗരീബ് രഥ് ട്രെയിനുകള്‍ ഏറെ ആശ്വാസം നല്‍കുന്നതായിരുന്നു. ഘട്ടം ഘട്ടമായി പൂര്‍ണ്ണമായും ഗരീബ് രഥ് സര്‍വീസുകള്‍ നിര്‍ത്തലാക്കാനാണ് റെയില്‍വെ മന്ത്രാലയത്തിന്റെ തീരുമാനമെന്നാണ് വിവരം. അതല്ലെങ്കില്‍ ഇവയെ മെയിലുകളോ എക്സ്പ്രസ് ട്രെയിനുകളോ ആക്കി മാറ്റുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. കത്ഗോദമില്‍ നിന്ന് ജമ്മുവിലേക്കും കാണ്‍പൂരിലേക്കുമുള്ള ഗരീബ് രഥ് സര്‍വീസുകള്‍ ഇതിനോടകം തന്നെ എക്സ്പ്രസ് സര്‍വീസുകളാക്കി മാറ്റിക്കഴിഞ്ഞു.
2006ല്‍ ലാലുപ്രസാദ് യാദവ് റെയില്‍വേ മന്ത്രിയായിരുന്ന സമയത്താണ് ഗരീബ് രഥ് സര്‍വീസുകള്‍ ആരംഭിക്കുന്നത്. ഇടത്തരക്കാരെ ലക്ഷ്യംവെച്ചായിരുന്നു സര്‍വ്വീസ് ആരംഭിച്ചത്. കുറഞ്ഞ ചിലവിലുള്ള എസി യാത്രയാണ് ഈ ട്രെയിന്‍ വാഗ്ദാനം ചെയ്തത്.