പാലക്കാട്: വടക്കഞ്ചേരിയില്‍ വന്‍ കഞ്ചാവ് വേട്ട. പൂച്ചെടികള്‍ കൊണ്ടുവരുന്ന ലോറിയില്‍ കടത്തിയ അറുപത് കിലോ കഞ്ചാവാണ് എക്സൈസ് എന്‍ഫോഴ്സ്മെന്‍റ് വിഭാഗം പിടികൂടിയത്. രണ്ടു പേര്‍ അറസ്റ്റിലായി.
ആന്ധ്രയില്‍ നിന്ന് അങ്കമാലിയിലേക്ക് ചെടികള്‍ കൊണ്ടുവന്ന ലോറിയിലാണ് കഞ്ചാവ് കടത്തിയത്. ഡ്രൈവര്‍ ക്യാബിനില്‍ 28 പാക്കറ്റുകളിലായാണ് കഞ്ചാവ് ഒളിപ്പിച്ചത്. രഹസ്യ വിവരത്തെത്തുടര്‍ന്ന് സ്റ്റേറ്റ് എക്സൈസ് എന്‍ഫോഴ്സ്മെന്‍ര് സ്ക്വാഡ് വാഹന പരിശോധന നടത്തുകയായിരുന്നു. വാഹനത്തിലുണ്ടായിരുന്നന ചാലക്കുടി സ്വദേശി സുനു ആന്റണി , വയനാട് പുൽപള്ളി സ്വദേശി നിഖിൽ , എന്നിവരെ ആണ് പിടികൂടിയത്.
പൂച്ചെടികള്‍ അങ്കമാലിയിലിറക്കിയശേഷം പെരുമ്പാവൂരേക്ക് കഞ്ചാവ് കൊണ്ടുപോവുകയായിരുന്നു സംഘത്തിന്‍റെ ലക്ഷ്യം. അണക്കപ്പാറയില്‍ വ്യാജ കള്ള് നിര്‍മാണ കേന്ദ്രം കണ്ടെത്തിയ എന്‍ഫോഴ്സ്മെന്ഡറ് സംഘമാണ് കഞ്ചാവ് വേട്ടയ്ക്കു പിന്നിലും. തൊണ്ടിമുതലും പ്രതികളെയും ആലത്തൂര്‍ എക്സൈസ് സംഘത്തിന് കൈമാറി.