കൊച്ചി:കോലഞ്ചേരിയിൽ കഞ്ചാവും എയർപിസ്റ്റളുമായി യുവാവ് പോലീസ് പിടിയിൽ. അടിമാലി ഇരുമ്പുപാലം കുരുവിപ്പുറത്ത് വീട്ടിൽ അനന്ദു (24) ആണ് പിടിയിലായത്. ഇയാളിൽ നിന്ന് ഒരു കിലോ എഴുപത്തിമൂന്ന് ഗ്രാം കഞ്ചാവ്, എയർപിസ്റ്റൾ, കഞ്ചാവ് തൂക്കാൻ ഉപയോഗിക്കുന്ന ഇലക്ട്രോണിക്ക് ത്രാസ്, കഞ്ചാവ് മിഠായി, പൊതിയുന്ന കവർ, കഞ്ചാവ് പൊടിക്കുന്ന ക്രഷ്, പൊതിഞ്ഞ് വലിക്കാനുള്ള പ്രത്യേക പേപ്പർ, കഞ്ചാവ് കടത്താനുപയോഗികുന്ന കാർ എന്നിവ കണ്ടെടുത്തു.
ജില്ലാ പോലീസ് മേധാവി വിവേക് കുമാറിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് ഡിസ്ട്രിക്റ്റ് ആൻറി നാർക്കോട്ടിക്ക് സ്പെഷൽ ആക്ഷൻ ഫോഴ്സും, പുത്തൻകുരിശ് പോലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഇവ പിടികൂടിയത്. കോലഞ്ചേരി നാഞ്ചിറ ലോഡ്ജിലെ ഇയാൾ താമസിക്കുന്ന മുറിയിൽ നിന്നുമാണ് കഞ്ചാവും തോക്കും, അനുബന്ധ സാമഗ്രികളും കണ്ടെത്തിയത്.
സഞ്ചരിക്കുന്ന കാറിൽ നിന്നും കഞ്ചാവ് കണ്ടെടുത്തിട്ടുണ്ട്. രണ്ടു വർഷമായി ഇയാൾ ലോഡ്ജിൽ താമസമുണ്ട്. കമ്പം തേനി ഭാഗത്ത് നിന്നുമാണ് കഞ്ചാവ് കൊണ്ടുവരുന്നത്. വിദ്യാർത്ഥികൾക്കും, യുവാക്കൾക്കുമാണ് അനന്ദു വിൽപ്പന നടത്തിയിരുന്നത്.
ഡി.വൈ.എസ്.പി.മാരായ അജയ് നാഥ്, പി.പി ഷംസ്, സബ് ഇൻസ്പെക്ടർമാരായ പി.കെ..സുരേഷ്, കെ.സജീവ്, എ.എസ്.ഐ സി.ഒ.സജീവ്, എസ്.സി.പി. ഒമാരായ ഡിനിൽ ദാമോധരൻ, പി.ആർ. അഖിൽ, നിഷാ മാധവൻ, ഡാൻസാഫ് ടീമംഗങ്ങൾ എന്നിവർ ചേർന്നാണ് പിടികൂടിയത്.