KeralaNews

ആദ്യവട്ടം പ്രിലിംസ് പോലും കടന്നില്ല, പരിശീലനകേന്ദ്രമില്ല, സ്വയം പഠിച്ച് കോട്ടയംകാരി ഗഹനയ്ക്ക് സിവില്‍ സര്‍വീസ് ആറാം റാങ്ക്‌

കോട്ടയം: സിവിൽ സർവീസ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചപ്പോൾ, റാങ്ക് പട്ടികയിൽ പെൺകുട്ടികളാണ് തിളങ്ങിയത്. ആദ്യനാലുറാങ്കും പെൺകുട്ടികൾക്കാണ്. പാലാക്കാരി ഗഹനാ നവ്യ ജെയിംസിനാണ് ആറാം റാങ്ക്. മലയാളിയായ ആര്യ വി എം 36-ാം റാങ്കും കരസ്ഥമാക്കി.

കോട്ടയം ജില്ലയിലെ പാലാ പുലിയന്നൂർ ചിറയ്ക്കൽ വീട്ടിൽ പാലാ സെന്റ്.തോമസ് കോളജ് റിട്ട. ഹിന്ദി പ്രഫ.സി.കെ.ജയിംസ് തോമസിന്റെയും അദ്ധ്യാപിക ദീപാ ജോർജിന്റെയും മകളാണ് ഗഹന. ജപ്പാനിലെ ഇന്ത്യൻ അംബാസഡർ സിബി ജോർജിന്റെ അനന്തരവളാണ്. കുടുംബത്തിന്റെ പിന്തുണയിൽ നേടിയ വിജയത്തിൽ സ്‌ന്തോഷമുണ്ടെന്ന് ഗഹന മാധ്യമങ്ങളോട് പറഞ്ഞു. പരീക്ഷയ്ക്ക് വേണ്ടി പരിശീലന കേന്ദ്രങ്ങളിൽ ഒന്നും പോയിരുന്നില്ല. തനിച്ചായിരുന്നു തയ്യാറെടുപ്പ്. മികച്ച വിജയം കിട്ടുമെന്ന് കരുതിയെങ്കിലും, റാങ്ക് പ്രതീക്ഷിച്ചിരുന്നില്ല.

എംജി സർവകലാശാലയിൽ ഇന്റർനാഷനൽ റിലേഷൻസിൽ ഗവേഷണം നടത്തുകയാണ് 25 വയസ്സുകാരിയായ ഗഹന. ഐഎഫ്എസ് തിരഞ്ഞെടുക്കാനാണ് ആഗ്രഹിക്കുന്നത്. ചെറുപ്പം മുതൽ പത്രം വായിക്കാൻ താൽപര്യമുണ്ടായിരുന്നു. കൂടാതെ ഇന്റർനെറ്റിൽ നിന്ന് വിവരങ്ങൾ ശേഖരിച്ചു.

പാലായിൽ തന്നെയായിരുന്നു സ്‌കൂൾ മുതൽ കോളേജ് വരെ വിദ്യാഭ്യാസം. പാലാ ചാവറ പബ്ലിക് സ്‌കൂളിലാണ് ഗഹന പത്താം ക്ലാസ് വരെ പഠിച്ചത്. പാലാ സെന്റ്.മേരീസ് സ്‌കൂളിൽ പ്ലസ്ടു പൂർത്തിയാക്കിയ ഗഹന, പാലാ അൽഫോൻസാ കോളജിൽ നിന്ന് ഒന്നാം റാങ്കോടെ ബിഎ ഹിസ്റ്ററി പാസായി. സെന്റ് തോമസ് കോളജിൽനിന്ന് പൊളിറ്റിക്കൽ സയൻസിൽ ബിരുദാനന്തര ബിരുദവും നേടി. യുജിസി നാഷണൽ റിസർച്ച് ഫെലോഷിപ്പും സ്വന്തമാക്കിയിട്ടുണ്ട്.

ആദ്യ ശ്രമത്തിൽ പ്രിലിംസ് പോലും കടക്കാൻ സാധിച്ചിരുന്നില്ല. പിന്നീട് നിരന്തര പരിശീലനത്തിലൂടെയാണ് ഗഹനക്ക് രണ്ടാം ശ്രമത്തിൽ ആറാം റാങ്കിലേക്ക് എത്തിയത്. ‘ചെറുപ്പം മുതലേ സിവിൽ സർവ്വീസ് മേഖലയോട് വലിയ അഭിനിവേശമുണ്ടായിരുന്നു. ഞാൻ ഫോറിൻ പോളിസി ഇന്റർ നാഷണൽ റിലേഷൻസ് നല്ല രീതിയിൽ പിന്തുടർന്നിരുന്ന ഒരാളുമായിരുന്നു. ഈ വിഷയവുമായി ബന്ധപ്പെട്ട പി.എച്ച്.ഡിയാണ് മഹാത്മാഗാന്ധി സർവ്വകലാശാലയിൽ ഇപ്പോൾ ചെയ്തു കൊണ്ടിരിക്കുന്നത്’. അച്ഛനെയും അമ്മയെയും കൂടാതെ, ബിരുദ പഠനം തുടരുന്ന സഹോദരൻ ഗൗരവും വലിയ പിന്തുണ നൽകിയെന്നും ഗഹന പറഞ്ഞു.

അമ്മയുടെ സഹോദരൻ ഫോറിൻ സർവീസിലാണ്. ജപ്പാനിൽ അദ്ദേഹം ഇന്ത്യൻ അംബാസഡർ ആണ്. അങ്കിൾ തനിക്ക് നല്ല പിന്തുണ നൽകിയതായും ഗഹാനാ പറയുന്നു. പഠിക്കാൻ ഫിക്സഡ് ടൈംടേബിൾ ഉണ്ടായിരുന്നില്ല. പത്രം വായിക്കും. ലോകത്ത് നടക്കുന്നതിന് കുറിച്ച് ഒരു അവബോധം ഉണ്ടാക്കാൻ ശ്രമിക്കാറുണ്ട്. അങ്കിളിന്റെ സ്വാധീനമാണ് ലോകകാര്യങ്ങളെ കുറിച്ച് മനസിലാക്കാൻ പ്രചോദനമായതെന്നും ഗഹാനാ പറഞ്ഞു.

ഗഹനയെ കൂടാതെ, വി എം ആര്യ (36ാം റാങ്ക്), ചൈതന്യ അശ്വതി (37ാം റാങ്ക് ), അനൂപ് ദാസ് (38ാം റാങ്ക്), ഗൗതം രാജ് (63ാം റാങ്ക്), കാജൽ (910) എന്നിവരാണ് സിവിൽ സർവീസ് റാങ്ക് പട്ടികയിൽ ഇടംപിടിച്ച മറ്റ് മലയാളികൾ. തിരുവനന്തപുരം ബാലരാമപുരം സ്വദേശിയാണ് ആര്യ വി എം. ആദ്യ പരിശ്രമത്തിലാണ് നേട്ടം കൈവരിച്ച കാജൽ മലപ്പുറം സ്വദേശിയാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button