കൊച്ചി: മുന്‍ മന്ത്രി ജി സുധാകരനെ (G Sudhakaran) സിപിഎം (CPM) സംസ്ഥാന സമിതിയില്‍ നിന്ന് ഒഴിവാക്കി. സുധാകരൻ അടക്കം13 പേരെയാണ് സംസ്ഥാന സമിതിയിൽ നിന്ന് ഒഴിവാക്കിയത്. വൈക്കം വിശ്വൻ,
ആനത്തലവട്ടം ആനന്ദൻ, പി കരുണാകരൻ, കോലിയക്കോട് കൃഷ്ണൻ നായർ, ഉണ്ണികൃഷ്ണ പിള്ള,
കെ പി സഹദേവൻ എന്നിവരും ഒഴിവാക്കപ്പെട്ടവരിലുണ്ട്. സുധാകരന് പ്രായപരിധി ഇളവ് ലഭിക്കുമെന്ന് സൂചനകളുണ്ടായിരുന്നെങ്കിലും അദ്ദേഹത്തെ സമിതിയില്‍ നിന്ന് ഒഴിവാക്കുകയായിരുന്നു.
സംസ്ഥാന സമിതിയിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് സുധാകരൻ പാർട്ടി സെക്രട്ടറിക്കും മുഖ്യമന്ത്രിക്കും കത്ത് നൽകിയിരുന്നു. ഇത് കൂടി പരിഗണിച്ചാണ് ഒഴിവാക്കല്‍. 75 വയസ്സുള്ള സുധാകരന് പ്രായ പരിധിയിൽ ഇളവു ലഭിക്കും എന്ന അഭ്യൂഹങ്ങൾക്കിടെയായിരുന്നു സുധാകരന്‍ തന്നെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് കത്ത് നല്‍കിയത്. സംസ്ഥാന സമിതിയിൽ തുടരാൻ ആഗ്രഹമില്ലെന്നും പുതു തലമുറയക്കായി വഴി മാറാൻ ഒരുക്കമാണെന്നും സുധാകരൻ, കോടിയേരിക്കും മുഖ്യമന്ത്രിക്കും നൽകിയ കത്തിൽ പറഞ്ഞിരുന്നു. 75 വയസ് ആയെങ്കിലും സുധാകരന്‍റെ ജനകീയ അടിത്തറ കൂടി പരിഗണിച്ച് അദ്ദേഹത്തിന് ഇളവ് നൽകിയേക്കാന്‍ സാധ്യതയുണ്ടെന്നായിരുന്നു സൂചന.
കേന്ദ്ര കമ്മിറ്റി തീരുമാനം അനുസരിച്ചാണ് സംസ്ഥാന കമ്മറ്റിയിലെ അംഗങ്ങൾക്ക് പ്രായപരിധി നിശ്ചയിച്ച് നടപ്പാക്കാൻ തീരുമാനിച്ചത്. 75 വയസ് കഴിഞ്ഞവരെ ഒഴിവാക്കുമ്പോൾ പുതിയ ഉത്തരവാദിത്തം നൽകുമെന്നും പാർട്ടി സുരക്ഷിതത്വം നൽകുമെന്നും സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ വ്യക്തമാക്കിയിരുന്നു.