കൊച്ചി: വി ഫോർ കൊച്ചിയെ രൂക്ഷ ഭാഷയിൽ വിമർശിച്ച് വീണ്ടും പൊതുമരാമത്ത് മന്ത്രി ജി സുധാകരൻ. ആരോപണം ഉന്നയിക്കുന്നവർ വല്ലവരുടെയും ചെലവിൽ പ്രശസ്തി പിടിച്ചു പറ്റാനാണ് ശ്രമിക്കുന്നതെന്ന് മന്ത്രി വിമർശിച്ചു. വൈറ്റില പാലം തുറക്കാൻ കാലതാമസം ഉണ്ടായില്ല. നിർമാണത്തിന്റെ തുടക്കം മുതൽ ചിലർ പ്രശ്നം ഉണ്ടാക്കാൻ ശ്രമിച്ചു. അതിന് ശ്രമിച്ച ഒരു ഉദ്യോഗസ്ഥയെ സസ്പെൻഡ് ചെയ്യേണ്ടി വന്നു. കൊവിഡിനെയും പ്രളയത്തെയും അതിജീവിച്ചാണ് പണി നടന്നത്. ഗുണപരിശോധന നടത്തിയാണ് പാലം നിർമാണം പൂർത്തിയാക്കിയതെന്നും മന്ത്രി കൂട്ടിച്ചേർത്തു.
നാല് പേര് അർഥരാത്രി കാണിക്കുന്ന കോമാളികളിയല്ല ഇത്. ഏത് ഗവൺമെന്റിന്റെ കാലത്തായാലും വി ഫോർ കൊച്ചി ചെയ്തത് പോലെ ചെയ്യരുത്. മെട്രോ വരുമ്പോൾ മേൽപ്പാലത്തിൽ തട്ടുമെന്ന് വരെ പറഞ്ഞവരുണ്ട്. അത് പറഞ്ഞവരാണ് കൊഞ്ഞാണൻമാർ മുഖമില്ലാത്ത ധാർമികയില്ലാത്ത ധൈര്യമില്ലാത്തവരാണവർ. അവരെ അറസ്റ്റ് ചെയ്താൽ ഞങ്ങളല്ല അത് ചെയ്തതെന്ന് പറയും. കൊച്ചിൽ മാത്രമുള്ള പ്രൊഫഷണൽ ക്രിമിനൽ മാഫിയയാണ് അവർ. ജനങ്ങളുടെ തലയ്ക്കുമുകളിലാടെ പറക്കാനാണ് അവരുടെ ശ്രമമെന്നും മന്ത്രി പറഞ്ഞു.
വൈറ്റിലയിൽ പണി പൂർത്തിയായിട്ടും വെച്ച് താമസിപ്പിക്കുകയാണെന്ന ആരോപണം ഉയർന്നിരുന്നു. അത് തെറ്റാണ്. ഈ പാലവും പാലാരിവട്ടം പോലെ ആകണമെന്ന് ആഗ്രഹിക്കുന്നവരാണ് അത്തരം ആരോപണങ്ങളുന്നയിക്കുന്നത്. വല്ലവരുടെയും ചെലവിൽ പ്രശസ്തി പിടിച്ചു പറ്റാനാണ് ശ്രമിക്കുന്നതെന്നും മന്ത്രി പരിഹസിച്ചു. പ്രൊഫഷണൽ ക്രിമിനൽ മാഫിയയാണ് കൊച്ചിയിലുള്ളത്. മറ്റൊരു ജില്ലകളിലും ഇവരെ പോലുള്ളവരില്ല. ആലപ്പുഴയിലെ പാലം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യാൻ താൽപ്പര്യമുണ്ടെന്ന് അറിയിച്ചു. അത് കൊണ്ട് അദ്ദേഹത്തെ കാത്തിരിക്കയാണ്. എന്ത് കൊണ്ടാണ് കൊച്ചിയിൽ നടന്നത് പോലെ ഒരു സംഭവം അവിടെ നടക്കാത്തതെന്നും മന്ത്രി ചോദിച്ചു.