കോട്ടയം: ചൊവ്വാഴ്ച രാവിലെ പിതാവിനോപ്പം ട്രെയിനിൽ സഞ്ചരിച്ച 9 വയസ്സുകാരനെ തിരുവല്ല സ്റ്റേഷനിൽ നിന്ന് കാണാതാകുകയായിരുന്നു. ഓട്ടിസം ബാധിച്ച കൃഷ്ണരാജ് എന്ന മകനെയും കൊണ്ട് കോട്ടയം എസ്.എച്ച് മെഡിക്കൽ സെന്ററിൽ ചികിത്സയ്‌ക്ക് വേണ്ടി കൊല്ലം മെമുവിൽ യാത്ര ചെയ്യുകയായിരുന്നു രാജേഷ് ബാബു. തിരുവല്ല സ്റ്റേഷനിൽ വെച്ച് മയങ്ങിപ്പോയ രാജേഷ് ബാബു കണ്ണുതുറന്നപ്പോൾ മകനെ കാണാതാവുകയായിരുന്നു. ട്രെയിൻ അപ്പോൾ ചങ്ങനാശ്ശേരി അടുക്കാറായിരുന്നു.
കോട്ടയം പോലീസ് സ്റ്റേഷനിലെ നമ്പർ ആണെന്ന് തെറ്റിദ്ധരിച്ച് ഉടനെ രാജേഷ് ബാബു കോട്ടയം റെയിൽവേ ഡെപ്യൂട്ടി സ്റ്റേഷൻ മാനേജർ മഹേഷിനെ ഫോണിൽ ബന്ധപ്പെടുകയായിരുന്നു. വിവരം കേട്ട ഉടനെ കോട്ടയം റെയിൽവേ പോലീസ് സ്റ്റേഷനിലെത്തിയ ഡെപ്യൂട്ടി സ്റ്റേഷൻ മാനേജരിൽ നിന്ന് വിവരം ശേഖരിച്ച സ്റ്റേഷൻ ഹൗസ് ഓഫീസർ റെജി പി ജോസഫ് ആർ പി എഫ് ന്റെ സഹായത്തോടെ അന്വേഷണത്തിന് നേതൃത്വം നൽകുകയായിരുന്നു. എറണാകുളം, തിരുവല്ല ലോക്കൽ സ്റ്റേഷനുകളിലും ട്രാഫിക്കിലും സ്റ്റേഷൻ ജാഗ്രത സമിതികളിലും ഇന്റലിജിൻസ് ഓഫീസർ അജീഷ് പി രാമചന്ദ്രൻ അതിവേഗം വിവരങ്ങൾ കൈമാറി.
കോട്ടയം റെയിൽവേ സംരക്ഷണ സേന ASI എ. ജി ഗോപിനാഥൻ തിരുവല്ല സ്റ്റേഷനിലും പരിസരപ്രദേശങ്ങളിലും കുട്ടിയെ തിരിച്ചറിയാനുള്ള ചിത്രങ്ങളും അടയാളങ്ങളും കൈമാറി നടത്തിയ അന്വേഷണത്തിൽ പോർട്ടർമാരുടെ നിരീക്ഷണത്തിലാണ് കുട്ടിയെ കണ്ടെത്തിയത്. പോർട്ടർ മാരിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ കൃഷ്ണ രാജിനെ അദ്ദേഹം തിരിച്ചറിഞ്ഞു.
മകന്റെ ചികിത്സാവശ്യത്തിനായി ആഴ്ചയിൽ ഒന്നിലധികം തവണ കായംകുളത്ത് നിന്ന് കോട്ടയത്തേയ്ക്ക് രാജേഷ് ബാബുവിന് മകനെയും കൊണ്ട് യാത്ര ചെയ്യേണ്ടി വരാറുണ്ട് . കൂലിപ്പണിക്കാരനായ രാജേഷ് ബാബുവിനും കുടുംബത്തിനും മരുന്നുകളും യാത്രാചെലവുകളും താങ്ങാൻ കഴിയാതെ സാമ്പത്തികമായും മാനസികമായും തളർന്ന അവസ്ഥയിലാണ്.
അതിനിടയിൽ മകനെ കാണാതായത് വലിയ വിഷമത്തിലാക്കുകയായിരുന്നു. കോട്ടയം ജി ആർ പി, ആർ പി എഫ് സേനാംഗങ്ങളുടെ സംയുക്ത പരിശ്രമ ഫലമായാണ് കുട്ടിയെ അതിവേഗം കണ്ടെത്താനായതെന്ന് കോട്ടയം റെയിൽവേ സ്റ്റേഷൻ എസ് എച്ച് ഒ. റെജി പി ജോസഫ് അഭിപ്രായപ്പെട്ടു.