KeralaNews

മലയാളി വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യയാത്ര, കേരള ഹൗസില്‍ താമസ സൗകര്യം

ന്യൂഡല്‍ഹി: യുക്രൈനില്‍ നിന്ന് ഡല്‍ഹിയിലും മുംബൈയിലുമെത്തുന്ന മലയാളികളെ സൗജന്യമായി കേരളത്തിലെത്തിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍. ഡല്‍ഹിയിലെ കേരള ഹൗസില്‍ ഇവര്‍ക്ക് താമസസൗകര്യം നല്‍കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.

മുഖ്യമന്ത്രി പിണറായി വിജയയന്റെ നേതൃത്വത്തില്‍ ഇതിനാവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ടെന്ന് നോര്‍ക്ക റൂട്ട്സ് റസിഡന്റ് വൈസ് ചെയര്‍മാന്‍ പി.ശ്രീരാമകൃഷ്ണന്‍ അറിയിച്ചു. നോര്‍ക്കയുടെ ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ കൗണ്ടറില്‍ ഇതുവരെ 1,428 പേരാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്നും അദ്ദേഹം അറിയിച്ചു.

യുക്രൈനില്‍ നിന്ന് പുറപ്പെട്ട ആദ്യ ഇന്ത്യന്‍ സംഘം റൊമേനിയയിലെ വിമാനത്താവളത്തിലെത്തി. മലയാളികള്‍ ഉള്‍പ്പെടെ 470 പേരാണ് ആദ്യ സംഘത്തിലുള്ളത്. വൈകിട്ടോടെ വിമാനം മുംബൈയിലെത്തിച്ചേരും. ബുക്കോവിനിയന്‍ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ത്ഥികളാണ് സംഘത്തിലുള്ളത്.

യുദ്ധം മൂന്നാം ദിവസവും തുടരുന്ന പശ്ചാത്തലത്തില്‍ ഭീതിയിലാണ് ഖാര്‍ക്കീവിലെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍. നിരവധി വിദ്യാര്‍ത്ഥികള്‍ മണിക്കൂറുകളായി ബങ്കറുകള്‍ക്കുള്ളില്‍ കുടുങ്ങിക്കിടക്കുകയാണ്. പലയിടത്തും ചുറ്റും നിരന്തരം സ്‌ഫോടനങ്ങളുടെ ശബ്ദം കേള്‍ക്കുന്നുണ്ടെന്ന് വിദ്യാര്‍ത്ഥികള്‍ ട്വന്റിഫോറിനോട് പ്രതികരിച്ചു.

വിലക്കയറ്റവും കടകളില്‍ സാധനങ്ങളുടെ ലഭ്യത കുറയുന്നതും മൂലം വിദ്യാര്‍ത്ഥികള്‍ ആശങ്കയിലാണ്. യുക്രൈനില്‍ കുടുങ്ങിക്കിടക്കുന്ന വിദ്യാര്‍ത്ഥികള്‍ ഇന്ത്യന്‍ എംബസിയുടെ നിര്‍ദേശം ലഭിക്കാതെ അതിര്‍ത്തികളിലേക്ക് യാത്ര ചെയ്യരുതെന്ന് നിര്‍ദേശമുണ്ട്. നിര്‍ദേശം ലഭിക്കാത്തവര്‍ നിലവില്‍ തുടരുന്ന സ്ഥലങ്ങളില്‍ നിന്ന് പുറത്തിറങ്ങരുത് എന്നും എംബസി നിര്‍ദേശിച്ചിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button