ആലപ്പുഴ: ജ്വല്ലറിയില്‍ നിന്നു സ്വര്‍ണമാല മോഷ്ടിച്ച സംഭവത്തില്‍ ദമ്പതികള്‍ക്കെതിരെ കേസെടുത്തു. മുല്ലയ്ക്കല്‍ സംസം ജ്വല്ലറിയില്‍ നിന്നും 4 പവന്‍ തൂക്കം വരുന്ന സ്വര്‍ണമാല മോഷ്ടിച്ച സംഭവത്തിലാണ് ദമ്പതികളായ ആലിശ്ശേരി മദീന ഫ്‌ളാറ്റില്‍ താമസിക്കുന്ന മലപ്പുറം സ്വദേശി സുധീഷ് (38), ഭാര്യ ഷാനി (31) എന്നിവര്‍ക്കെതിരെ കേസെടുത്തത്. സംഭവത്തില്‍ ഭര്‍ത്താവ് സുധീഷിനെ നോര്‍ത്ത് പോലീസ് അറസ്റ്റ് ചെയ്തു. ഭാര്യ ഷാനി ഒളിവിലാണ്.
ഈ മാസം 2ന് ആണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. ജ്വല്ലറിയിലെ സ്ഥിരം കസ്റ്റമര്‍ ആയിരുന്ന ഇവര്‍ മാല വാങ്ങാനെന്ന വ്യാജേന ജ്വല്ലറിയില്‍ എത്തുകയും മാല തിരഞ്ഞെടുത്ത ശേഷം കഴുത്തില്‍ ഇട്ട് നോക്കിയ ശേഷം കയ്യില്‍ കരുതിയിരുന്ന ഇതേ ഡിസൈനിലുള്ള മുക്കുപണ്ടത്തില്‍ തീര്‍ത്ത മറ്റൊരു മാല കഴുത്തില്‍ നിന്നും ഊരി തിരികെ നല്‍കുകയുമായിരുന്നു.
മുക്കുപണ്ടം കണ്ടത്തിയതിനെ തുടര്‍ന്ന് ജ്വല്ലറിക്കാര്‍ പ്രതിയെക്കുറിച്ച് അന്വേഷിച്ചെങ്കിലും കണ്ടെത്താന്‍ സാധിച്ചില്ല. തുടര്‍ന്ന് പോലീസിന്റെ നേതൃത്വത്തില്‍ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ തിരിച്ചറിഞ്ഞത്.
ദമ്പതികള്‍ നേരത്തെ എത്തി മാല കണ്ടുവച്ച ശേഷം അതേ ഡിസൈനില്‍ മറ്റൊരു മാല പണിയിക്കുകയായിരുന്നു എന്ന് നോര്‍ത്ത് പോലീസ് പറഞ്ഞു. നോര്‍ത്ത് എസ്ഐ ടോള്‍സണ്‍ ജോസഫ്, സിപിഒമാരായ എന്‍.എസ്.വിഷ്ണു, സാഗര്‍, ജോസഫ് ജോയി, സുധീഷ് ചിപ്പി എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.