ന്യൂഡൽഹി:ഓക്സിജന്‍ കിട്ടാതെ രാജ്യത്ത് വീണ്ടും മരണം. ഹരിയാനയിലെ റിവാരി സ്വകാര്യ ആശുപത്രിയിലാണ് ഓക്സിജന്‍ കിട്ടാതെ നാല് രോഗികള്‍ മരിച്ചത്. ഓക്സിജന്‍ ക്ഷാമവും ആശുപത്രികളില്‍ രോഗികള്‍ നിറഞ്ഞതും കാരണം ദില്ലിയിലെ പല ആശുപത്രികളും രോഗികളെ പ്രവേശിപ്പിക്കുന്നത് നിര്‍ത്തിവെച്ചിരിക്കുകയാണ്.
ഗുരുതരാവസ്ഥയിലുള്ളവരെയും കൊണ്ട് ആശുപത്രികളില്‍ നിന്ന് ആശുപത്രികളിലേക്ക് ഓടുന്ന ബന്ധുക്കള്‍. ഉറ്റവര്‍ക്ക് ആശുപ്രത്രികളില്‍ പ്രവേശനം നിഷേധിച്ചതോടെ അധികൃതരോട് ക്ഷോഭിക്കുന്നവര്‍ . കൊവിഡ് വ്യാപനം ഗുരുതരമായ രാജ്യം തലസ്ഥാനം സാക്ഷിയായത് കരളലയിപ്പിക്കുന്ന കാഴ്ചകള്‍ക്കാണ്.
ഓക്സിജന് ക്ഷാമം രൂക്ഷമായതോടെ ദില്ലിയിലെ ഫോര്‍ട്ടിസ് ആശുപത്രി, മയൂര്‍വിഹാര്‍ ജീവന്‍ അൻമോള്‍ ആശുപത്രിയും രോഗികളെ പ്രവേശിപ്പിക്കുന്നത് നിര്‍ത്തി. എല്‍എന്‍ജെപിയില്‍ രാവിലെ ഓക്സിജന്‍ എത്തിച്ചെങ്കിലും ദീര്‍ഘനേരത്തേക്ക് പര്യാപ്തമല്ലെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്. ഓക്സിജന്‍ തീര്‍ന്നതോടെ ഇവിടെ രണ്ട് ടണ്‍ മാത്രമാണ് എത്തിക്കാനായത്. പ്രതിസന്ധിയെ തുടര്‍ന്ന് ചികിത്സയിലുള്ളവര്‍ക്ക് താല്‍ക്കാലികമായി സ്വന്തം നിലയില്‍ ഓക്സിജന്‍ എത്തിക്കുകയാണ് പലരും.
ഒഴിഞ്ഞ ടാങ്കറുകള്‍ വിദേശത്ത് നിന്ന് എത്തിച്ച സാഹചര്യത്തില്‍ ഓക്സിജന്‍ വിതരണം കാര്യമായി വര്‍ധിക്കുമെന്നാണ് ആധികൃതരുടെ പ്രതീക്ഷ. 551 ഓക്സിജന്‍ പ്ലാന്‍റുകള്‍ രാജ്യത്ത് ആരംഭിക്കുമെന്ന് പ്രധാനമന്ത്രിയും അറിയിച്ചിട്ടുണ്ട്.
അതിനിടെ മുന്നൂറോളം ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്ററുകളുമായുമായുള്ള വിമാനം ഞായറാഴ്ച ന്യൂയോര്‍ക്കില്‍ നിന്ന് ഇന്ത്യയിലേക്ക് പുറപ്പെട്ടു. യുഎസ്സിലെ ഇന്ത്യന്‍ എംബസി വൃത്തങ്ങളാണ് ജോണ്‍ എഫ് കെന്നഡി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ഓക്‌സിജന്‍ കോണ്‍സന്‍ട്രേറ്റുകള്‍ പുറപ്പെട്ട വിവരം അറിയിച്ചത്. ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്ററുകളുടെ ആകെ ഭാരം 5 ടണ്‍ വരും.
ഞായറാഴ്ച പുറപ്പെട്ട വിമാനം ഇന്ന് ഉച്ചയോടെ ഡല്‍ഹിയിലെത്തും. അടുത്ത വിമാനം ഏപ്രില്‍ 27ാം തിയ്യതി ഷെഡ്യൂള്‍ ചെയ്തിട്ടുണ്ട്. കൊവിഡ് വാക്‌സിന്‍ നിര്‍മിക്കുന്നതിനാവശ്യമായ അസംസ്‌കൃത വസ്തുക്കള്‍ അയക്കുമെന്ന് വൈറ്റ് ഹൈസ് നേരത്തെ വാഗ്ദാനം ചെയ്തിരുന്നു. യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജെയ്ക് സുല്ലിവന്‍ ഇന്ത്യന്‍ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിനെ അറിയിച്ചതാണ് ഇക്കാര്യം. കൊവിഡ് കാലത്ത് ഇന്ത്യ തങ്ങളെ സഹായിച്ചപോലെ തങ്ങളും സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു. കൊവിഡ് മഹാമാരിയെ ചെറുക്കുന്നതില്‍ തങ്ങള്‍ ഇന്ത്യയെ പിന്തുണക്കുമെന്ന് അദ്ദേഹം ഉറപ്പുനല്‍കി.
കൊവിഡ് നേരിടുന്നതിനാവശ്യമായ പിപിഇ കിറ്റുകള്‍ ഐസിയു ഉപകരണങ്ങള്‍ എന്നിവയും ഉടന്‍ അയക്കുമെന്ന് യുഎസ് സുരക്ഷാ ഉപദേഷ്ടാവ് അറിയിച്ചിട്ടുണ്ട്.