KeralaNewspravasi

നാല് രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് കൂടി യുഎഇയില്‍ പ്രവേശന വിലക്ക്

അബുദാബി: നാല് ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് കൂടി യുഎഇയില്‍(UAE) പ്രവേശന വിലക്ക്(Entry ban) ഏര്‍പ്പെടുത്തി. കെനിയ, ടാന്‍സാനിയ, എത്യോപ്യ, നൈജീരിയ എന്നീ രാജ്യങ്ങളിലെ യാത്രക്കാര്‍ക്കാണ് യുഎഇ വിലക്ക് ഏര്‍പ്പെടുത്തിയത്.

കഴിഞ്ഞ 14 ദിവസത്തിനിടെ ഈ രാജ്യങ്ങള്‍ സന്ദര്‍ശിച്ച ട്രാന്‍സിറ്റ് യാത്രക്കാര്‍ക്കും വിലക്കുണ്ട്. അതേസമയം യുഎഇയില്‍ നിന്ന് ഈ രാജ്യങ്ങളിലേക്കുള്ള വിമാനങ്ങള്‍ ഷെഡ്യൂള്‍ അനുസരിച്ച് സര്‍വീസ് തുടരും. ജനറല്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റിയുമായി കൂടിയാലോചിച്ച് ദേശീയ അടിയന്തര ദുരന്ത നിവാരണ അതോറിറ്റിയാണ് തീരുമാനമെടുത്തത്.

ഡിസംബര്‍ 25 ശനിയാഴ്ച രാത്രി 7.30 മുതല്‍ ഈ തീരുമാനം പ്രാബല്യത്തില്‍ വരുമെന്ന് ദേശീയ ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. ഇതോടെ യുഎഇയില്‍ പ്രവേശന വിലക്ക് ഏര്‍പ്പെടുത്തിയിട്ടുള്ള ആഫ്രിക്കന്‍ രാജ്യങ്ങളുടെ എണ്ണം 11 ആയി. ഒമിക്രോണിന്റെ പശ്ചാത്തലത്തില്‍ നേരത്തെ ദക്ഷിണാഫ്രിക്ക, നമീബിയ, ലെസോതോ, എസ്വാറ്റീനി, സിംബാബ്വെ, ബോട്‌സ്വാന, മൊസാംബിക് എന്നീ രാജ്യങ്ങളില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് യുഎഇ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. 

ദുബൈ അന്താരാഷ്‍ട്ര വിമാനത്താവളത്തിലെ (Dubai International Airport) മൂന്നാം ടെര്‍മിനലിലുള്ള കോണ്‍കോഴ്‍സ് എ (Concourse A at Terminal 3) പൂര്‍ണമായും തുറന്നതോടെ വിമാനത്താവളം പൂര്‍ണശേഷിയില്‍ പ്രവര്‍ത്തിച്ചു തുടങ്ങിയിരുന്നു. വിമാനത്താവളത്തിലെ എല്ലാ ടെര്‍മിനലുകളും കോണ്‍കോഴ്‍സുകളും ലോഞ്ചുകളും റസ്റ്റോറന്റുകളും മറ്റ് റീട്ടെയില്‍ ഔട്ട്‍ലെറ്റുകളുമെല്ലാം ഇപ്പോള്‍ പൂര്‍ണതോതില്‍ പ്രവര്‍ത്തിക്കുകയാണെന്ന് തിങ്കളാഴ്ച പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ അധികൃതര്‍ അറിയിച്ചു.

ദുബൈ വിമാനത്താവളത്തിലെ മൂന്നാം ടെര്‍മിനല്‍ മാത്രം ഡിസംബറിന്റെ രണ്ടാം പകുതിയില്‍ 16 ലക്ഷത്തിലധികം യാത്രക്കാര്‍ ഉപയോഗപ്പെടുത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഡിസംബര്‍ അവസാനത്തിലേക്ക് കടക്കുന്നതോടെ വിമാനത്താവളത്തില്‍ ഓരോ ദിവസം കഴിയുംതോറും തിരക്കേറുകയാണ്. കൊവിഡ് പ്രതിസന്ധിക്ക് ശേഷം ഇക്കഴിഞ്ഞ ഒക്ടോബറിലാണ് ദുബൈയിലെ സന്ദര്‍ശകരുടെ എണ്ണം 10 ലക്ഷം കവിഞ്ഞത്. നവംബറില്‍ പ്രതിവാരം 10 ലക്ഷം സന്ദര്‍ശകരെന്ന നിര്‍ണായക നാഴികക്കല്ല് പിന്നിട്ടു. കൊവിഡിന് മുമ്പുള്ള കാലത്തെ അപേക്ഷിച്ച് സന്ദര്‍ശകരുടെ എണ്ണം 94 ശതമാനത്തിലെത്തി. 

വിമാനത്താവളത്തിലെ 100 ശതമാനം സൗകര്യങ്ങളും ഉപഭോക്താക്കള്‍‌ക്കായി തുറന്നിരിക്കുന്ന ഈ സാഹചര്യത്തില്‍ ദുബൈയിലേക്ക് നിരവധി സന്ദര്‍ശകരെത്തുന്നത് വ്യോമഗതാഗത മേഖലയ്‍ക്കും ദുബൈയുടെ സാമ്പത്തിക വളര്‍ച്ചയ്‍ക്കും ഉണര്‍വേകുമെന്ന് ദുബൈ എയര്‍പോര്‍ട്ട്സ് സിഇഒ പോള്‍ ഗ്രിഫിത്‍സ് പറഞ്ഞു.

ഏറ്റവും മികച്ച ആരോഗ്യ സുരക്ഷാ നടപടികള്‍ വിമാനത്താവളത്തില്‍ സ്വീകരിച്ചിട്ടുണ്ട്. ഫ്രാസ്‍ട്രാക്ക് കൊവിഡ് പി.സി.ആര്‍ പരിശോധനാ സംവിധാനവും കൂടുതല്‍ മികച്ച കസ്റ്റമര്‍ സര്‍വീസും ഉറപ്പാക്കി യാത്രക്കാര്‍ക്ക് വേണ്ട എല്ലാ സേവനങ്ങളും വേഗത്തില്‍ നല്‍കുന്നതിലൂടെ കൊവിഡിന് മുമ്പുള്ള കാലത്തുണ്ടായിരുന്ന യാത്രാ അനുഭവം തിരിച്ചെത്തുകയാണെന്നും അദ്ദേഹം പറഞ്ഞു. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker