KeralaNews

ഏജന്റുമാരിൽ നിന്നും കൈക്കൂലി വാങ്ങി, കാഞ്ഞിരപ്പള്ളി സബ് റീജനൽ ട്രാൻസ്‌പോർട്ട് ഓഫിസിലെ നാലു ജീവനക്കാരെ സസ്‌പെൻഡ് ചെയ്തു

കോട്ടയം: ഏജന്റുമാരിൽ നിന്നും കൈക്കൂലി വാങ്ങിയ കേസിൽ കാഞ്ഞിരപ്പള്ളി സബ് റീജനൽ ട്രാൻസ്‌പോർട്ട് ഓഫിസിലെ നാലു ജീവനക്കാരെ് സസ്‌പെൻഡ് ചെയ്തു. പൊൻകുന്നത്ത് പ്രവർത്തിക്കുന്ന കാഞ്ഞിരപ്പള്ളി സബ് റീജനൽ ട്രാൻസ്‌പോർട്ട് ഓഫിസിലെ ജീവനക്കാരായിരുന്ന നാലു പേരെയാണ് സസ്‌പെൻഡ് ചെയ്തത്. 2021 സെപ്റ്റംബർ 14നാണ് കേസിനാസ്പദമായ സംഭവം.

ഏജന്റുമാർ മുഖേന കൈക്കൂലി വാങ്ങിയിരുന്നതായി കണ്ടെത്തിയതിനെ തുടർന്നാണ് സസ്‌പെൻഷൻ. മോട്ടർ വെഹിക്കിൾ ഇൻസ്‌പെക്ടർ (എംവിഐ) എസ്.അരവിന്ദ്, അസി. മോട്ടർ വെഹിക്കിൾ ഇൻസ്‌പെക്ടർ (എഎംവിഐ) പി.എസ്.ശ്രീജിത്ത്, സീനിയർ ക്ലാർക്കുമാരായ ടിജോ ഫ്രാൻസിസ്, ടി.എം.സുൽഫത്ത് എന്നിവരെയാണ് കൈക്കൂലി വാങ്ങിയതായി കണ്ടെത്തിയതിനെത്തുടർന്നു സസ്‌പെൻഡ് ചെയ്തത്. വിജിലൻസ് നടത്തിയ മിന്നൽ പരിശോധനയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഗതാഗത വകുപ്പ് സെക്രട്ടറി ബിജു പ്രഭാകർ ആണ് 4 ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്തത്.

അരവിന്ദ് നിലവിൽ അടൂർ ആർടി ഓഫിസിലും ശ്രീജിത്ത് ഇടുക്കി എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡിലും ടിജോ പാലാ ആർടി ഓഫിസിലും സുൽഫത്ത് കാഞ്ഞിരപ്പള്ളി ഓഫിസിലുമാണു ജോലി ചെയ്യുന്നത്. 2019 ജൂലൈ മുതൽ 2021 വരെ കാഞ്ഞിരപ്പള്ളിയിൽ എംവിഐ ആയിരുന്ന എസ്.അരവിന്ദ് അധികാര ദുർവിനിയോഗം ചെയ്ത്, ഏജന്റുമാർ മുഖേന കൈക്കൂലി വാങ്ങിയിരുന്നതായി കണ്ടെത്തിയതായി സസ്‌പെൻഷൻ ഉത്തരവിൽ പറയുന്നു.

2020 മുതൽ ഇവിടെ എഎംവിഐ ആയിരുന്ന പി.എസ്.ശ്രീജിത്തിൽ നിന്ന് പരിശോധനാ ദിവസം 6,850 രൂപ കണ്ടെത്തി. എന്നാൽ ഓഫിസ് ഡിക്ലറേഷൻ രജിസ്റ്ററിൽ 380 രൂപ മാത്രമാണ് രേഖപ്പെടുത്തിയിരുന്നത്. കൈവശമുണ്ടായിരുന്ന തുക രണ്ട് ഏജന്റുമാരിൽ നിന്നു കൈക്കൂലിയായി വാങ്ങിയതാണെന്നു കണ്ടെത്തി.

ടിജോ ഫ്രാൻസിസ് കൈക്കൂലി വാങ്ങിയതായും സാധാരണക്കാർക്ക് യഥാസമയം സേവനം ലഭ്യമാക്കുന്നതിൽ വീഴ്ച വരുത്തിയതായും കണ്ടെത്തിയതായി റിപ്പോർട്ടിൽ പറയുന്നു.. ടി.എം.സുൽഫത്തും ഏജന്റുമാരിൽ നിന്നു കൈക്കൂലി വാങ്ങിയതായി കണ്ടെത്തി. സുൽഫത്തിന്റെ പേരെഴുതിയ കടലാസിൽ പൊതിഞ്ഞ 1,550 രൂപ ഏജന്റിന്റെ പക്കൽ നിന്നു പരിശോധനയിൽ കണ്ടെത്തിയതായും ഉത്തരവിൽ പറയുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button