ബൊഗോട്ട: ആമസോണ്‍ വനാന്തരത്തില്‍ 40ദിവസത്തെ അതിജീവനത്തിന് വിമാനം തകര്‍ന്ന് കാണാതായ ഗോത്ര വര്‍ഗക്കാരായ കുട്ടികള്‍ക്ക് തുണയായത് കപ്പ പൊടി. ഘോരവനത്തിലൂടെ 40 ദിവസം നീണ്ട അലച്ചിലില്‍ മൂന്ന് കിലോയോളം കപ്പ പൊടിയാണ് നാല് കുട്ടികളും കൂടി കഴിച്ചതെന്നാണ് കൊളംബിയന്‍ സേനാ വൃത്തങ്ങള്‍ അന്തര്‍ദേശീയ മാധ്യമങ്ങളോട് വിശദമാക്കിയത്.
ആമസോണ്‍ വനമേഖലയിലെ ഗോത്രവിഭാഗങ്ങളുടെ പ്രധാന ഭക്ഷണങ്ങളിലൊന്നാണ് കപ്പ പൊടി. തകര്‍ന്ന വിമാനത്തില്‍ നിന്ന് രക്ഷപ്പെടുന്നതിന് ഇടയില്‍ വിമാനത്തിലുണ്ടായിരുന്ന കപ്പ പൊടി ഇവര്‍ ഒപ്പം കരുതിയിരുന്നു. എന്നാല്‍ കയ്യിലുണ്ടായിരുന്ന കപ്പ പൊടി തീര്‍ന്നതിന് പിന്നാലെയാണ് സുരക്ഷിതമായി ജീവനോടെ ഇരിക്കാന്‍ കഴിയുന്ന ഒരു ഇടം കണ്ടെത്താനുള്ള ശ്രമങ്ങള്‍ ആരംഭിച്ചത്.
പോഷകാഹാരത്തിന്‍റെ കുറവുള്ള അവസ്ഥയിലാണ് കുട്ടികളെ കണ്ടെത്തിയത് എന്നാല്‍ ബോധം നഷ്ടമാകുന്ന രീതിയിലുള്ള ബുദ്ധിമുട്ടുകളൊന്നും കുട്ടികള്‍ക്ക് ഉണ്ടായിരുന്നില്ല. ചില രോഗങ്ങള്‍ക്കെതിരായ പ്രതിരോധ ശക്തി ആര്‍ജ്ജിച്ചെടുക്കാനുള്ള ഗോത്രവര്‍ഗക്കാരുടെ കഴിവ് കുട്ടികളെ ഒരു പരിധി വരെ സഹായിച്ചെന്നും രക്ഷാപ്രവര്‍ത്തകര്‍ നിരീക്ഷിക്കുന്നു.
കൊടുംകാട്ടിനുള്ളില്‍ എന്ത് കഴിക്കാമെന്നും എന്ത് കഴിക്കരുതെന്നുമുള്ള അറിവുള്ളതും കുട്ടികളെ അതിജീവനത്തിന് വലിയ രീതിയില്‍ സഹായിച്ചു. കൃത്യമായ സമയത്ത് വെള്ളം കണ്ടത്താന്‍ സാധിച്ചതും നിര്‍ജ്ജലീകരണം അപകടകരമായ രീതിയിലേക്ക് പോകാതെ കുട്ടികളെ രക്ഷിച്ചു. കുട്ടികളിലെ മുതിര്‍ന്നയാളായ 13കാരി ലെസ്ലിയാണ് കുട്ടികളെ നയിച്ചത്.
കാട്ടിലൂടെ അലയുന്നതിനിടയില്‍ ഇളയ കുഞ്ഞിനെ ഏറെ സമയം എടുത്തതും സഹോദരങ്ങളെ ഒരുമിച്ച് നിര്‍ത്തിയതും ലെസ്ലിയായിരുന്നു. മറ്റ് അസുഖങ്ങള്‍ ഇല്ലെങ്കിലും സാധാരണ രീതിയില്‍ ഭക്ഷണം കഴിക്കാന്‍ കുട്ടികള്‍ക്ക് ഇനിയും സമയം എടുക്കുമെന്നാണ് സേനാവൃത്തങ്ങള്‍ വിശദമാക്കുന്നത്.
കുട്ടികളുടെ അമ്മയും പൈലറ്റും ഗോത്ര വര്‍ഗ നേതാവും മെയ് 1നുണ്ടായ വിമാനാപകടത്തില്‍ കൊല്ലപ്പെട്ടിരുന്നു. കാട്ടിലെ അലച്ചിലിന് ഇടയില്‍ ഒരു നായയെ കണ്ടിരുന്നുവെന്നും ഏതാനും ദിവസം ഒപ്പമുണ്ടായിരുന്ന നായയെ പിന്നീട് കാണാതായെന്നും കുട്ടികള്‍ രക്ഷാപ്രവര്‍ത്തകരോട് വിശദമാക്കിയിട്ടുണ്ട്.
രക്ഷാപ്രവര്‍ത്തകര്‍ക്കൊപ്പമുണ്ടായിരുന്ന വില്‍സന്‍ എന്ന നായയാണ് ഇതെന്നാണ് വിലയിരുത്തുന്നത്. മെയ് 18 മുതല്‍ ഈ നായയെ കാണാതായിരുന്നു. ശനിയാഴ്ച കുട്ടികളെ കൊളംബിയന്‍ പ്രസിഡന്‍റ് ഗുസ്താവോ പെട്രോ സന്ദര്‍ശിച്ചിരുന്നു. ദുർഘടവനമേഖലയിൽ 40 ദിവസമാണ് കുട്ടികൾ തനിയെ അതിജീവിച്ചത്.