<p>പാലക്കാട് : കേരളവുമായി അതിര്‍ത്തി പങ്കിടുന്ന 4 ജില്ലകള്‍ റെഡ് സോണ്‍ ആയി പ്രഖ്യാപിച്ചതോടെ സംസ്ഥാനത്ത് അതീവ ജാഗ്രത. കേരളവുമായി അതിര്‍ത്തി പങ്കിടുന്ന, തമിഴ്നാട്ടിലെ 4 ജില്ലകളാണ് റെഡ് സോണ്‍ ആയി പ്രഖ്യാപിച്ചിരിക്കുന്നത്. കോയമ്പത്തൂര്‍, തിരുപ്പൂര്‍, തേനി, തിരുനല്‍വേലി ജില്ലകളാണു റെഡ് സോണിലുള്ളത്. മറ്റ് അതിര്‍ത്തി ജില്ലകളായ നീലഗിരി പത്തില്‍ താഴെ രോഗികളുള്ള യെല്ലോ സോണിലും കന്യാകുമാരി ഇരുപതില്‍ താഴെ രോഗികളുള്ള ഓറഞ്ച് സോണിലുമാണ്. ഇതേത്തുടര്‍ന്ന് അതിര്‍ത്തി ഗ്രാമങ്ങള്‍ കേരളം അടച്ചിടും. ദേശീയ പാതയില്‍ പരിശോധന കര്‍ശനമാക്കിയിട്ടും ചെക്പോസ്റ്റുകളും ഊടുവഴികളും അടച്ചിട്ടിട്ടും അതിര്‍ത്തി ഗ്രാമങ്ങളിലൂടെ ഇരു സംസ്ഥാനങ്ങളിലേക്കും നാട്ടുകാര്‍ യാത്ര ചെയ്യുന്നുവെന്നും ഇതു രോഗവ്യാപനത്തിനു വഴിയൊരുക്കുമെന്നുമുള്ള നിഗമനത്തിന്റെ അടിസ്ഥാനത്തിലാണു നടപടി.</p>
<p>റെഡ് സോണ്‍ ജില്ലകളിലെ ഊടുവഴികളും ജനവാസ മേഖലകളിലേക്കും വ്യാപാര കേന്ദ്രങ്ങളിലേക്കുമുള്ള റോഡുകളും തമിഴ്നാട് പൊലീസ് സീല്‍ ചെയ്യുന്നുണ്ട്. ആരോഗ്യ പ്രവര്‍ത്തകര്‍ വീടുതോറും കയറിയിറങ്ങിയാണു പരിശോധന. ഡല്‍ഹി സമ്മേളനത്തില്‍ പങ്കെടുത്തവരുടെ വീടുകളിലെ മുഴുവന്‍ പേരെയും പരിശോധിച്ചു തുടങ്ങി. തിരുപ്പൂര്‍ ജില്ലയിലെ അവിനാശി, കോയമ്പത്തൂര്‍ ജില്ലയിലെ മേട്ടുപാളയം, പോത്തനൂര്‍, അണ്ണൂര്‍, പൊള്ളാച്ചി -ആനമല, കോയമ്പത്തൂര്‍ നഗരത്തിലെ ആര്‍എസ് പുരം, ഉക്കടം, കൗണ്ടര്‍പാളയം, കുനിയമുത്തൂര്‍, ഉത്തുക്കുടി, ചേരമാനഗര്‍ എന്നിവിടങ്ങളില്‍ അതീവ ജാഗ്രതയിലാണ് അധികൃതര്‍. തമിഴനാട്ടില്‍ കൂടുതല്‍ രോഗികള്‍ ചെന്നൈയിലാണ്. രണ്ടാമതു കോയമ്പത്തൂരും. അതിര്‍ത്തിയില്‍ തമിഴ്നാട്, കേരള സംസ്ഥാനങ്ങളുടെ സംയുക്ത രോഗപ്രതിരോധ നടപടികള്‍ക്കും നീക്കം തുടങ്ങി.</p>