FeaturedHome-bannerKeralaNews

മുൻ മന്ത്രി കെ.പി. വിശ്വനാഥൻ അന്തരിച്ചു

തൃശ്ശൂർ: കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായിരുന്ന കെ.പി. വിശ്വനാഥൻ (83) അന്തരിച്ചു. തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം.

തൃശ്ശൂരിലെ കോൺഗ്രസ് നേതാക്കളിൽ ഏറ്റവും മുതിർന്ന നേതാവായിരുന്നു കെ.പി. വിശ്വനാഥൻ. രണ്ടുതവണ യുഡിഎഫ്‌ സർക്കാരിൽ വനംമന്ത്രിയായിരുന്നു. ആറ് തവണ എംഎല്‍എയായി സഭയിലെത്തി.

1970ല്‍ കുന്നംകുളത്തുനിന്ന് ആദ്യതവണ മത്സരിച്ചപ്പോള്‍ പരാജയപ്പെട്ടു. പിന്നീട് 1977ലും 1980ലും ജയിച്ചു. 1982ലെ തിരഞ്ഞെടുപ്പില്‍ തോറ്റു. 1987 മുതല്‍ 2001 വരെ കൊടകര മണ്ഡലത്തില്‍നിന്നും നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 1991-ല്‍ കരുണാകരന്‍ മന്ത്രിസഭയില്‍ ആദ്യമായി വനംമന്ത്രിയായി. പിന്നീട് 2004-ല്‍ ഉമ്മന്‍ചാണ്ടി മന്ത്രിസഭയിലും വനംവകുപ്പ് മന്ത്രിയായി. രണ്ടുതവണയും കാലാവധി പൂര്‍ത്തിയാക്കാതെ രാജിവെക്കേണ്ടി വന്നു. 2006, 2011 തിരഞ്ഞെടുപ്പില്‍ മത്സരിച്ചെങ്കിലും സിപിഎമ്മിലെ സി രവീന്ദ്ര നാഥിനോട്‌ പരാജയപ്പെട്ടു.

തൃശ്ശൂര്‍ ജില്ലയിലെ കുന്നംകുളത്ത് കല്ലായില്‍ പാങ്ങന്റെയും പാറുക്കുട്ടിയുടെയും മകനായി 1940 ഏപ്രില്‍ 22നായിരുന്നു ജനനം. പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം തൃശ്ശൂര്‍ കേരള വര്‍മ്മ കോളേജില്‍നിന്ന് ബിരുദം നേടി. യൂത്ത് കോണ്‍ഗ്രസ് വഴിയായിരുന്നു രാഷ്ട്രീയ പ്രവേശനം. 1967 മുതല്‍ 70 വരെ യൂത്ത് കോണ്‍ഗ്രസ് തൃശ്ശൂര്‍ ജില്ലാ പ്രസിഡന്റായി. 1970ല്‍ ഡിസിസി ജനറല്‍ സെക്രട്ടറിയായി. 1972 മുതല്‍ കെപിസിസി അംഗമായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button