ന്യൂഡൽഹി: 2019ലെ പുല്‍വാമ ഭീകരാക്രമണത്തിന് ഇടയാക്കിയത് ഇന്‍റലിജന്‍സ് വീഴ്ചയെന്ന് കരസേന മുന്‍ മേധാവി ശങ്കര്‍ റോയ് ചൗധരി. സേനാംഗങ്ങള്‍ കൊല്ലപ്പെട്ടതിന്‍റെ പ്രാഥമിക ഉത്തരവാദിത്തം കേന്ദ്രസര്‍ക്കാരിനാണ്. രഹസ്യാന്വേഷണ വിഭാഗത്തിന്‍റെ വീഴ്ചയുടെ ഉത്തരവാദിത്തം ദേശീയ സുരക്ഷാ ഉപദേഷ്ടാവിനുണ്ടെന്നും ശങ്കര്‍ റോയ് ചൗധരി ദ് ടെലഗ്രാഫ് ദിനപ്പത്രത്തിനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
2019 ഫെബ്രുവരിയില്‍ 40 സിആര്‍പിഎഫ് സേനാംഗങ്ങള്‍ കൊല്ലപ്പെട്ട ഭീകരാക്രമണത്തിന് കാരണമായത് സുരക്ഷാ വീഴ്ചയാണെന്ന ജമ്മു കശ്മീര്‍ മുൻ ഗവര്‍ണര്‍ സത്യപാല്‍ മാലിക്കിന്‍റെ നിലപാടിനൊപ്പം നില്‍ക്കുകയാണ് കരസേന മുന്‍ മേധാവി ശങ്കര്‍ റോയ് ചൗധരി. 1994 നവംബര്‍ മുതല്‍ 1997 സെപ്റ്റംബര്‍ വരെ കരസേന മേധാവിയായിരുന്നു ശങ്കര്‍ റോയ് ചൗധരി. 1991–92 കാലയളവില്‍ ജമ്മു കശ്മീരില്‍ സേവനം അനുഷ്ഠിച്ചിട്ടുമുണ്ട്.
ജമ്മു – ശ്രീനഗര്‍ ദേശീയപാത ഏറെ സുരക്ഷാ വെല്ലുവിളി നിറഞ്ഞതാണ്. പാക്കിസ്ഥാന്‍ അതിര്‍ത്തിക്ക് സമീപവും. 2,500 പേരെ 78 വാഹനങ്ങളിലായാണ് കൊണ്ടുപോയത്. വിമാനമാര്‍ഗം ഇവരെ കൊണ്ടുപോയിരുന്നെങ്കില്‍ ആക്രമണം ഒഴിവാക്കാമായിരുന്നുവെന്ന് ശങ്കര്‍ റോയ് ചൗധരി പറയുന്നു. സേനാംഗങ്ങള്‍ കൊല്ലപ്പെട്ടതിന്‍റെ പ്രാഥമിക ഉത്തരവാദിത്വം പ്രധാനമന്ത്രി നേതൃത്വം നല്‍കുന്ന കേന്ദ്രസര്‍ക്കാരിനാണ്. രഹസ്യാന്വേഷണ വിഭാഗത്തിന്‍റെ വീഴ്ചയുടെ ഉത്തരവാദിത്വം ദേശീയ സുരക്ഷാ ഉപദേഷ്ടാവിനുണ്ടെന്നും ശങ്കര്‍ റോയ് ചൗധരി പറയുന്നു.
എന്തുകൊണ്ട് വിമാനം നല്‍കിയില്ല? ദേശീയപാതയില്‍ എന്തുെകാണ്ട് സുരക്ഷാപരിശോധന നടത്തിയില്ല? 2,500 ഒാളം സേനാംഗങ്ങളെ ഒന്നിച്ചു കൊണ്ടുപോയത് എന്തിന്? 200 കിലോയിലധികം സ്ഫോടക വസ്തുവുമായി ഭീകരന് കാറില്‍ കറങ്ങിനടക്കാന്‍ എങ്ങിനെ സാധിച്ചു? സംഭവം നടന്നയുടന്‍ എന്തുകൊണ്ട് ്പ്രധാനമന്ത്രിയെ ഫോണില്‍ ലഭിച്ചില്ല? തുടങ്ങിയ ചോദ്യങ്ങള്‍ ഇപ്പോഴും അവശേഷിക്കുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി.