ആലപ്പുഴ: വ്യത്യസ്തമായ ഓണാഘോഷവുമായി ആലപ്പുഴ മെഡിക്കൽ കോളേജിലെ ഫോറൻസിക് വിഭാഗം. അത്തപ്പൂക്കളത്തിൽ തുടങ്ങിയ ഓണാഘോഷം ജീവനക്കാരുടെ ഒത്തൊരുമയുടെ പ്രതീകമായി. ബീഫടക്കമുള്ള വിഭഗങ്ങൾ ഓണസദ്യയുടെ ഭാഗമായി. ഏറ്റവും ശ്രദ്ധനേടിയത് ജീവനക്കാർ പങ്കുവച്ച ചിത്രങ്ങളാണ്. ആലപ്പുഴ മെഡിക്കൽ കോളേജിലെ ഫോറൻസിക് വിഭാഗം മേധാവി കൃഷ്ണൻ ബാലേന്ദ്രൻ ആണ് വ്യത്യസ്തമായ ഓണാഘോഷത്തിന്‍റെ ചിത്രങ്ങൾ ഫേസ്ബുക്കിൽ പങ്കുവച്ചത്.
കളിത്തോക്കുകളും കോടാലിയും മഴുവുമെല്ലാം തോളിലെറ്റി എല്ലാവരും കൂടി ചേർന്നെടുത്ത ചിത്രങ്ങളാണ് അദ്ദേഹം പങ്കുവച്ചിരിക്കുന്നത്. ഡബിൾ ബാരൽ ഗണ്ണും പിസ്റ്റലും ഒക്കെ ചേർത്ത് പിടിച്ചുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടിയിട്ടുണ്ട്. ഓണാഘോഷം എങ്ങനെ വ്യത്യസ്തമാക്കാമെന്ന ചിന്തയിൽ നിന്നാണ് ഇത്തരത്തിൽ ആഘോഷിച്ചതെന്ന് കൃഷ്ണൻ ബാലേന്ദ്രൻ ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിനോട് പറഞ്ഞു. സർവായുധ ഭൂഷിതരായ് ടീം ഫൊറെൻസിക്ക് എന്ന പേരിൽ ചിത്രങ്ങൾ അദ്ദേഹം ഫേസ്ബുക്കിൽ പങ്കുവയ്ക്കുകയും ചെയ്തിട്ടുണ്ട്.
കൃഷ്ണൻ ബാലേന്ദ്രന്‍റെ കുറിപ്പ് പൂർണരൂപത്തിൽ
ആലപ്പുഴയിലെ ഫൊറെൻസിക്ക് ടീമിന്റെ ഓണാഘോഷം.
ജീവനക്കാർ തമ്മിൽ വലിപ്പചെറുപ്പമില്ലാതെ ഇത്രയും ഒത്തൊരുമയും പരസ്പര സ്നേഹവും ചങ്ങാത്തവും കാത്ത് സൂക്ഷിക്കുന്ന വേറൊരിടത്ത് ഞാൻ ജോലി ചെയ്തിട്ടില്ല…
കണ്ടിട്ടുമില്ല.
പിന്നെ വേറൊരു കാര്യം കൂടി.
ഞങ്ങളുടെ ഓണസദ്യയ്ക്ക് ബീഫ് ഫ്രൈ ഉണ്ടായിരുന്നു.
മാംസം കഴിക്കുന്ന “ശുദ്ധ” മാംസഭുക്കുകളുടെ ചൂരും സംഗീതവും നൃത്തവും…
എന്റെ extended family യുടെ ആശംസകൾ.
ഇനി,
ഷാപ്പി പോണം.