ന്യൂഡൽഹി: യുക്രെയിൻ, ചൈന തുടങ്ങിയ രാജ്യങ്ങളിൽ നിന്ന് ഇന്ത്യയിലേക്ക് മടങ്ങേണ്ടി വന്ന കോഴ്സ് പൂർത്തിയാക്കിയ മെഡിക്കൽ ബിരുദ വിദ്യാർത്ഥികൾക്ക് പ്രാക്‌ടിക്കൽ, ക്ളിനിക്കൽ പരിശീലനത്തിനുള്ള രണ്ടു വർഷത്തെ ഇന്റേൺഷിപ്പ് ഇന്ത്യയിൽ നടത്താൻ നാഷണൽ മെഡിക്കൽ കമ്മിഷൻ അനുമതി നൽകി.
2022 ജൂൺ 30ന് മുൻപ് കോഴ്‌സ് പൂർത്തിയാക്കി പ്രൊവിഷണൽ സർട്ടിഫിക്കറ്റ് ലഭിച്ചവർക്കാണ് ഒറ്റത്തവണത്തെ ഈ ഇളവ് ബാധകമെന്ന് മെഡിക്കൽ കമ്മിഷൻ വ്യക്തമാക്കി. സുപ്രീംകോടതി വിധിയുടെ പശ്‌ചാത്തലത്തിലാണ് നടപടി.
യുക്രെയിൻ, ചൈന എന്നിവിടങ്ങളിൽ നിന്ന് റഷ്യൻ അധിനിവേശം, കൊവിഡ് തുടങ്ങിയവ മൂലം ഇന്ത്യയിലേക്ക് മടങ്ങേണ്ടി വന്ന, കോഴ്സ് പൂർത്തിയാക്കിയ എം.ബി.ബി.എസ് വിദ്യാർത്ഥികളെ ഇന്ത്യയിൽ ഫോറിൻ മെഡിക്കൽ ഗ്രാഡ്വേറ്റ് പരീക്ഷ എഴുതാൻ അനുവദിക്കും. തുടർന്നാണ് വിദ്യാർത്ഥികൾക്ക് അവിടത്തെ പ്രതിസന്ധി കാരണം നഷ്‌ടമായ ക്ളിനിക്കൽ പരിശീലനം അടക്കം നേടാൻ അവസരം നൽകുന്ന രണ്ടു വർഷത്തെ ഇന്റേൺഷിപ്പ് പൂർത്തിയാക്കേണ്ടത്. ഇന്ത്യയിലെ സാഹചര്യങ്ങൾ മനസിലാക്കാനുള്ള പ്രായോഗിക പരിശീലനം കൂടിയാണിത്. രണ്ടു വർഷത്തെ ഇന്റേൺഷിപ്പ് പൂർത്തിയാക്കിയാലേ ഇന്ത്യയിൽ പ്രാക്‌ടീസ് ചെയ്യാനുള്ള രജിസ്‌ട്രേഷൻ ലഭിക്കൂ.
ചൈനയിലും യുക്രെയിനിലും പഠിച്ച 2017 വരെയുള്ള എം.ബി.ബി.എസ് ബാച്ചുകളിലെ വിദ്യാർത്ഥികൾക്ക് തീരുമാനം ഗുണം ചെയ്യും. അതിനു ശേഷമുള്ള ബാച്ചിലെ വിദ്യാർത്ഥികളുടെ കാര്യത്തിൽ ചൈനയിലാണെങ്കിൽ തിരിച്ചുപോക്കിന് അവസരം ലഭിക്കുമെന്ന പ്രതീക്ഷയുണ്ടെങ്കിലും, യുക്രെയിനിൽ പഠിച്ചവർ ആശങ്കയിലാണ്.