കൊച്ചി:ആരോഗ്യകരമായ ഒരു ജീവിതശൈലി നയിക്കാന്‍ പുരുഷന്മാരും സ്ത്രീകളും അവരുടെ ദൈനംദിന ഭക്ഷണങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. നിങ്ങള്‍ കഴിക്കുന്ന ഭക്ഷണം നിങ്ങളുടെ ആരോഗ്യത്തില്‍ വളരെ നിര്‍ണായക ഒരു പങ്ക് വഹിക്കുന്നു. അത്തരത്തില്‍, നിങ്ങള്‍ ശ്രദ്ധിക്കേണ്ട ചില ഭക്ഷണസാധനങ്ങളുണ്ട്. പഠനങ്ങള്‍ പ്രകാരം ഇത്തരം ഭക്ഷണങ്ങള്‍ കഴിക്കുന്നത് പുരുഷന്‍മാരില്‍ പ്രത്യുത്പാദന പ്രശ്‌നങ്ങള്‍ വര്‍ദ്ധിപ്പിക്കുമെന്നാണ്.
അതിനാല്‍, ഇത്തരം ഭക്ഷണങ്ങള്‍ ഏതൊക്കെയെന്ന് തിരിച്ചറിഞ്ഞ് പുരുഷന്മാര്‍ അവ ഒഴിവാക്കാന്‍ ശ്രമിക്കുക. അമിതമായി എന്തെങ്കിലും കഴിക്കുന്നത് തീര്‍ച്ചയായും ആരോഗ്യത്തിന് ഹാനികരമാണ്. അതിനാല്‍, ആരോഗ്യകരമായ ജീവിതം നയിക്കാന്‍ പോഷകപൂര്‍ണമായ മികച്ച ഭക്ഷണങ്ങള്‍ കഴിക്കുക. പുരുഷന്‍മാര്‍ ഒഴിവാക്കേണ്ട ചില ഭക്ഷണങ്ങള്‍ ഇതാണ്.
പ്രത്യുല്‍പാദനത്തിന് പ്രശ്‌നങ്ങള്‍ ചില ഭക്ഷണങ്ങള്‍ ശരീരത്തിലെ ഈസ്ട്രജന്റെ അളവ് കുറയ്ക്കുമെന്ന് ഗവേഷണങ്ങള്‍ സൂചിപ്പിക്കുന്നു. എന്നിരുന്നാലും, ഈ ഗവേഷണം പലപ്പോഴും പൂര്‍ണമല്ലാത്തവയാണ്, മനുഷ്യരെക്കാള്‍ മൃഗങ്ങളെ ഉള്‍ക്കൊള്ളിച്ചാണ് പഠനം നടത്താറ്. ഇതിനായി കൂടുതല്‍ ഗവേഷണം ആവശ്യമാണ്. എന്നിരുന്നാലും, ചില ഭക്ഷണങ്ങള്‍ പുരുഷന്‍മാര്‍ക്ക് പലവിധത്തില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കും. ആരോഗ്യകരമായ ശരീരത്തിനായി പുരുഷന്മാര്‍ കഴിക്കുന്നതില്‍ നിന്ന് ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍ ഇവയാണ്.
സോയ ഉല്‍പ്പന്നങ്ങള്‍
ഫൈറ്റോ ഈസ്ട്രജന്‍ അടങ്ങിയിരിക്കുന്നവയാണ് സോയ ഉല്‍പ്പന്നങ്ങള്‍. എന്താണ് ഫൈറ്റോ ഈസ്ട്രജന്‍ എന്നല്ലേ? സസ്യങ്ങളില്‍ നിന്ന് വരുന്ന ഈസ്ട്രജന്‍ പോലുള്ള സംയുക്തങ്ങളാണ് ഫൈറ്റോ ഈസ്ട്രജന്‍. ഹെല്‍ത്ത്‌ലൈന്‍ അനുസരിച്ച്, ഉയര്‍ന്ന അളവില്‍ ഫൈറ്റോ ഈസ്ട്രജന്‍ കഴിക്കുന്നത് ശരീരത്തിന്റെ ഹോര്‍മോണ്‍ ബാലന്‍സിനെ തടസ്സപ്പെടുത്തുമെന്ന് ശാസ്ത്രജ്ഞര്‍ ആശങ്ക അറിയിച്ചിട്ടുണ്ട്. 99 പുരുഷന്മാരില്‍ ബോസ്റ്റണിലെ ഫെര്‍ട്ടിലിറ്റി ക്ലിനിക്കുകളില്‍ നടത്തിയ പഠനമനുസരിച്ച്, അമിതമായി സോയ കഴിക്കുന്നത് ബീജങ്ങളുടെ സാന്ദ്രത കുറയ്ക്കുമെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇതിനുപുറമെ, സൊസൈറ്റി ഫോര്‍ എന്‍ഡോക്രൈനോളജിയില്‍ പ്രസിദ്ധീകരിച്ച ഒരു പഠനം സൂചിപ്പിക്കുന്നത് സോയയുടെ ഉയര്‍ന്ന ഉപഭോഗം ടെസ്റ്റോസ്റ്റിറോണ്‍ അളവിനെ പ്രതികൂലമായി ബാധിച്ചേക്കാമെന്നാണ്.
ട്രാന്‍സ് ഫാറ്റ്
ട്രാന്‍സ് ഫാറ്റ് പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും അനാരോഗ്യകരമായി കണക്കാക്കപ്പെടുന്നു. സാധാരണയായി വറുത്തതോ പൊരിച്ചതോ പാക്കേജുചെയ്തതോ ആയ ഭക്ഷണങ്ങളിലും പ്രോസസ്ഡ് ഫുഡുകളിലും ട്രാന്‍സ് ഫാറ്റ് കാണാം. ട്രാന്‍സ് ഫാറ്റുകള്‍ ഹൃദ്രോഗ സാധ്യത വര്‍ദ്ധിപ്പിക്കുമെന്നാണ് ഗവേഷകര്‍ പ്രധാനമായും വിലയിരുത്തുന്നത്. 2011 ലെ ഒരു സ്പാനിഷ് പഠനമനുസരിച്ച്, ട്രാന്‍സ് ഫാറ്റ് കൂടുതലായി കഴിക്കുന്നത് ബീജങ്ങളുടെ എണ്ണം കുറയുന്നതും നിരീക്ഷിച്ചിട്ടുണ്ട്.
പ്രോസസ് ചെയ്ത മാംസം
പ്രോസസ് ചെയ്ത മാംസാഹാരം ശരീരത്തില്‍ എല്ലാത്തരത്തിലും പ്രശ്‌നമാണെന്ന് സമീപകാല പഠനങ്ങള്‍ പറയുന്നു. ഹോട്ട് ഡോഗ്, ബേക്കണ്‍, സലാമി തുടങ്ങിയവ ഇവയുടെ ഉദാഹരണങ്ങളാണ്. നിരവധി പഠനങ്ങള്‍ പ്രകാരം, മാംസം കഴിക്കുന്നത് ബീജങ്ങളുടെ എണ്ണം കുറയ്ക്കുമെന്ന് നിരീക്ഷിച്ചിട്ടുണ്ടെങ്കിലും ഫലങ്ങള്‍ പൂര്‍ണ്ണമായും സ്ഥിരത പുലര്‍ത്തുന്നവയല്ല. ശരീരത്തില്‍ കൊളസ്‌ട്രോളിന്റെ അളവ് ഉയര്‍ത്തും എന്നതാണ് മറ്റൊരു ദോഷവശം. ഇത് ആത്യന്തികമായി ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, ഹൃദ്രോഗം എന്നിവയ്ക്ക് വഴിവയ്ക്കും.
കൊഴുപ്പ് കൂടിയ പാലുല്‍പ്പന്നങ്ങള്‍
കൊഴുപ്പ് കൂടിയ പാലുല്‍പ്പന്നങ്ങളാണ് പുരിഷന്‍മാര്‍ക്ക് പ്രശ്‌നം സൃഷ്ടിക്കുന്ന മറ്റൊരു ഭക്ഷണം. റോച്ചസ്റ്റര്‍ യംഗ് മെന്‍സ് സ്റ്റഡി പ്രകാരം, 18-22 വയസ്സിനിടയിലുള്ള 189 പുരുഷന്മാരില്‍ ശുക്ലത്തെയും ഭക്ഷണത്തെയും കുറിച്ച് ഒരു വിശകലനം നടത്തി. പാല്‍, ക്രീം, വെണ്ണ തുടങ്ങിയ കൊഴുപ്പ് കൂടിയ പാലുല്‍പ്പന്നങ്ങള്‍ ബീജങ്ങളുടെ മന്ദഗതിയിലുള്ള ചലനവും അസാധാരണമായ ശുക്ല രൂപവുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് കാണിച്ചു. വാസ്തവത്തില്‍, ഇവയില്‍ ചിലത് പശുക്കള്‍ക്ക് നല്‍കുന്ന ലൈംഗിക സ്റ്റിറോയിഡുകളുടെ പാര്‍ശ്വഫലത്താലുമാകാം.