FeaturedKeralaNews

കേരളത്തിന് പ്രളയ മുന്നറിയിപ്പ്; തമിഴ്നാടിനും കര്‍ണാടകയ്ക്കും ജാഗ്രതാ നിര്‍ദേശം, ആറു നദികള്‍ കരകവിയാന്‍ സാധ്യത

ന്യൂഡല്‍ഹി: കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ കേന്ദ്ര ജല കമ്മിഷന്‍ കേരളം, കര്‍ണാടക, തമിഴ്നാട് സംസ്ഥാനങ്ങള്‍ക്ക് പ്രളയ മുന്നറിയിപ്പു നല്‍കി. മൂന്നു സംസ്ഥാനങ്ങളിലായി ആറു നദികള്‍ കരകവിഞ്ഞ് വെള്ളപ്പൊക്കമുണ്ടാവാന്‍ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. കേരളത്തിലെ പല പ്രദേശങ്ങളിലും കഴിഞ്ഞ ഇരുപത്തിനാലു മണിക്കൂറിനിടെ അതി തീവ്ര മഴയാണ് പെയ്തതെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ കണക്ക്.

തമിഴ്നാട്ടിലെ ചില പ്രദേശങ്ങളിലും ശക്തമായ മഴ പെയ്തിട്ടുണ്ട്. കേരളം, ആന്‍ഡമാന്‍, കര്‍ണാടക, തമിഴ്നാട്, പുതുച്ചേരി എന്നിവിടങ്ങളില്‍ വരും ദിവസങ്ങളില്‍ തീവ്രമോ അതി തീവ്രമോ ആയ മഴയ്ക്കു സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. അറബിക്കടലില്‍ രൂപപ്പെടുന്ന ന്യൂനമര്‍ദം അടുത്ത മൂന്നു ദിവസം കനത്ത മഴയ്ക്കും കാറ്റിനും കാരണമാവുമെന്നാണ് വിലയിരുത്തല്‍.

കേരത്തില്‍ ഇത്തിക്കരയാറിലാണ് രൂക്ഷമായ വെള്ളപ്പൊക്കത്തിനു സാധ്യതയുണ്ടെന്ന് കേന്ദ്ര ജലകമ്മിഷന്റെ മുന്നറിയിപ്പ്. അപകട നിലയ്ക്കും മുകളിലാണ് ഇത്തിക്കരയാര്‍ ഒഴുകുന്നതെന്ന് മുന്നറിയിപ്പില്‍ പറയുന്നു. 2018 ഓഗസ്റ്റ് 16ന് രേഖപ്പെടുത്തിയതിലും മുകളിലാണ് നദിയുടെ ഒഴുക്ക്. കര്‍ണാടകയിലെയും തമിഴ്നാട്ടിലെയും ഏതാനും നദികളും കര കവിഞ്ഞ് ഒഴുകയാണെന്ന് ജലകമ്മിഷന്‍ ചൂണ്ടിക്കാട്ടി. ഇവിടെ വെള്ളപ്പൊക്ക മുന്നൊരുക്കങ്ങള്‍ സ്വീകരിക്കണമെന്ന് മുന്നറിയിപ്പില്‍ പറയുന്നു.

കേരളത്തില്‍ മഴ തുടരുകയാണ്. മധ്യകേരളത്തിലും വടക്കന്‍ കേരളത്തിലും മഴ കനക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പുനല്‍കി. തിരുവനന്തപുരം ഒഴികെയുള്ള 13 ജില്ലകളില്‍ ഇന്ന് മഴ മുന്നറിയിപ്പുണ്ട്. ഒന്‍പത് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലേര്‍ട്ടും നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ടുമാണ്.

കോഴിക്കോട് ജില്ലയില്‍ മഴ തുടരുന്നതോടെ കളക്ടര്‍ ജനങ്ങള്‍ക്ക് ജാഗ്രതാ മുന്നറിയിപ്പ് നല്‍കി. ജില്ലയില്‍ കണ്‍ട്രോള്‍ റൂം തുറന്നു: 0495 2371002, ടോള്‍ ഫ്രീ നമ്പര്‍: 1077, കൊയിലാണ്ടി: 0496 2620235, വടകര: 0496 2522361, താമരശേരി: 0495 2223088.

കോഴിക്കോട് താലൂക്കില്‍ ക്യാമ്പുകള്‍ തുറന്നിട്ടുണ്ട്. കനത്ത മഴയില്‍ വീടിനുമുകളില്‍ മതില്‍ ഇടിഞ്ഞുവീണു. മിഠായിത്തെരുവിലെ കടകളില്‍ വെള്ളം കയറി. കോഴിക്കോട് കോര്‍പറേഷന്‍ 11 സ്‌ക്വാഡുകളെ രൂപീകരിച്ചിട്ടുണ്ട്. കരിപ്പൂര്‍ വിമാനത്താവളത്തിന്റെ ചുറ്റുമതിലും മഴയില്‍ തകര്‍ന്നു. കനോലി കനാല്‍ കരകവിഞ്ഞു. സരോവരം പാര്‍ക്കിലേക്കും വെള്ളം കയറി.

തൃശൂര്‍ മലക്കപ്പാറ റോഡ് അടച്ചു. ചാലക്കുടിയില്‍ കണ്‍ട്രോള്‍ റൂം തുറന്നു. നമ്പര്‍: 0480 2705800, 8848357472. മലപ്പുറം താനൂര്‍ നടക്കാവില്‍ വീടുകളില്‍ വെള്ളം കയറി. താനൂര്‍ കടപ്പുറത്ത് മൃതദേഹം കരയ്ക്കടിഞ്ഞു. ബദര്‍ പള്ളിക്ക് സമീപമാണ് മൃതദേഹം കരയ്ക്കടിഞ്ഞത്. താനൂര്‍ ദയ ആശുപത്രിയിലും വെള്ളം കയറി. ആശുപത്രിയില്‍ നിന്ന് രോഗികളെ മാറ്റുന്ന നടപടി പുരോഗമിക്കുകയാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button