കൊച്ചി:കേരളത്തില്‍ മഴ വില്ലനാവുമെന്നും പ്രളയത്തിന്‍റെ കാര്യത്തില്‍ കേരളം സുരക്ഷിതമല്ലെന്നും വ്യക്തമാക്കുന്ന പഠന റിപ്പോര്‍ട്ട് പുറത്ത്.പ്രളയം (Flood) ആവര്‍ത്തിക്കപ്പെടാനുള്ള സാധ്യത വര്‍ദ്ധിക്കുന്നതായി കാലാവസ്ഥാ പഠനങ്ങള്‍ (Weather Studies). 2018 ലും 2019 ലും കേരളത്തിലുണ്ടായ പ്രളയത്തിനു പിന്നില്‍ ലഘുമേഘ വിസ്‌ഫോടനവും കാലവര്‍ഷ ഘടനയിലെ മാറ്റവുമാണ് എന്നാണ് പഠനങ്ങള്‍ പറയുന്നത്.
വിവിധ സ്രോതസുകളില്‍ നിന്ന് ശേഖരിച്ച ഉപഗ്രഹ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ രണ്ടു പ്രളയങ്ങളെയും താരതമ്യം ചെയ്ത് നടത്തിയ പഠനമാണ് ഈ വിവരങ്ങള്‍ പുറത്തുവിട്ടത്.
2018 ലും 2019 ലുമുണ്ടായ പ്രളയ മഴ ഏറെക്കുറെ സമാനമായിരുന്നു എന്നാണ് പഠനത്തില്‍ കണ്ടെത്തിയിരിയ്ക്കുന്നത്. 2018 ല്‍ അധികം വേനല്‍ മഴ ലഭിച്ചു.മെയ് 28 മുതല്‍ ശക്തമായ കാലവര്‍ഷവും. ഇതോടെ ജൂലൈയില്‍ തന്നെ കേരളത്തില്‍ പ്രളയസമാന സാഹചര്യം ഉടലെടുക്കാന്‍ കാരണമായി.
എന്നാല്‍ 2019 ല്‍ കാലവര്‍ഷം വൈകി. കൂടാതെ, ജൂണിലും ജൂലൈയിലും കാലവര്‍ഷം ദുര്‍ബലമായി തുടര്‍ന്നു. എന്നാല്‍, ഓഗസ്റ്റില്‍ മഴ തിമിര്‍ത്തു പെയ്യുകയായിരുന്നു.
രണ്ട് വര്‍ഷങ്ങളിലും ഓഗസ്റ്റിലാണ് പ്രളയം ഉണ്ടായത്. 2018 ല്‍ ഓഗസ്റ്റ് 15 മുതല്‍ 18 വരെ തോരാതെ പെയ്ത മഴയും 2019 ല്‍ ഓഗസ്റ്റ് 7 മുതല്‍ 10 വരെ പെട്ടെന്നുണ്ടായ പേമാരിയും പ്രളയത്തിന് കാരണമായി.
പഠനമനുസരിച്ച്, 2019നെയാണ് കാലാവസ്ഥാ മാറ്റത്തിന്‍റെ തുടക്കമായി കാണുന്നത്. 2018 ല്‍ കൂടുതല്‍ സമയം കൊണ്ട് പെയ്ത മഴ 2019 ല്‍ പൊടുന്നനെ പെയ്തു. പശ്ചിമഘട്ടത്തിലെ മാനുഷിക ഇടപെടലുകള്‍ സജീവമാകുന്ന ഇക്കാലത്ത് 2019 പോലുള്ള തീവ്രമഴ ആവര്‍ത്തിച്ചാല്‍ അതിലോല പരിസ്ഥിതി മേഖലയില്‍ ഗുരുതര പ്രത്യാഘാതമുണ്ടാക്കുമെന്നും പഠനത്തില്‍ പറയുന്നു.കൊച്ചിന്‍ ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയിലെ വിദഗ്ധരാണ് പഠനത്തിനു പിന്നില്‍.