ന്യൂഡൽഹി:തുടർച്ചയായുള്ള പ്രളയഭീഷണി അതിജീവിക്കാൻ കേരളത്തിൽ കൂടുതൽ അണക്കെട്ടുകൾ വേണമെന്ന് ജലവിഭവ പാർലമെന്ററി സമിതിയുടെ നിർദേശം. പാരിസ്ഥിതിക ആശങ്കകൾ പരിഹരിച്ച് അണക്കെട്ടുകൾ പണിയാനായി പരിസ്ഥിതിസംഘങ്ങളുൾപ്പെടെയുള്ളവരുമായി ചർച്ചയ്ക്ക് കേരള സർക്കാർ മുൻകൈയെടുക്കണമെന്ന് ഡോ. സഞ്ജയ് ജെയ്‌സ്വാൾ അധ്യക്ഷനായ സമിതി ആവശ്യപ്പെട്ടു.
അട്ടപ്പാടി ജലസേചനപദ്ധതിക്ക് പരിസ്ഥിതിമന്ത്രാലയത്തിന്റെ അനുമതി ഉടൻ ലഭ്യമാക്കാൻ കേന്ദ്ര ജലശക്തിമന്ത്രാലയം ഇടപെടണമെന്നും സമിതി നിർദേശിച്ചു. കേരളത്തിൽ 2018-ലുണ്ടായ പ്രളയത്തിന്റെ വിവിധ വശങ്ങൾ പരിശോധിച്ചും ഉദ്യോഗസ്ഥരുടെയും വിദഗ്ധരുടെയും മറ്റും അഭിപ്രായങ്ങൾ തേടിയുമാണ് സമിതിയുടെ റിപ്പോർട്ട്.
കേരളത്തിന്റെ പ്രത്യേകമായ ഭൂപ്രകൃതിയും ഉയർന്ന അളവിലുള്ള മഴയുമാണ് പ്രളയത്തിനു കാരണമായതെന്നാണ് നിരീക്ഷണം. വൻതോതിലുള്ള നഗരവത്കരണവും ഉയർന്ന ജനസാന്ദ്രതയും ഭൂവിനിയോഗഘടനയിൽ മാറ്റം വരുത്തി.അതാകട്ടെ, വെള്ളപ്പൊക്കത്തെത്തുടർന്നുള്ള സ്ഥിതി വഷളാക്കുകയും ചെയ്തു. 1960 മുതൽ 1980 വരെയുള്ള കാലയളവിൽ നിർമിച്ചിട്ടുള്ളതാണ് കേരളത്തിലെ മിക്ക അണക്കെട്ടുകളും. അതാവട്ടെ, ജലസേചനം, വ്യവസായം, വൈദ്യുതോത്‌പാദനം, കുടിവെള്ളം എന്നീ ആവശ്യങ്ങൾ നിറവേറ്റാൻ വേണ്ടിയായിരുന്നു.
ലഭിക്കുന്ന വെള്ളത്തിന്റെ ഏഴുശതമാനം സംഭരിക്കാനുള്ള ശേഷിമാത്രമേ സംസ്ഥാനത്തെ ജലസംഭരണികൾക്കുള്ളൂ. കർശനമായ പരിസ്ഥിതി-വനനിയമ വ്യവസ്ഥകളും പരിസ്ഥിതിസംഘങ്ങളിൽനിന്നുള്ള ശക്തമായ എതിർപ്പുമുള്ളതിനാൽ 1980-നുശേഷം പുതിയ അണക്കെട്ടോ ജലസംഭരണിയോ സജ്ജമാക്കാൻ കേരളത്തിനു കഴിഞ്ഞിട്ടില്ല -പാർലമെന്ററി സമിതി ചൂണ്ടിക്കാട്ടി.
2018-ൽ പ്രളയമുണ്ടാവുമ്പോൾ കേന്ദ്ര ജലകമ്മിഷന്റെ വെള്ളപ്പൊക്ക പ്രവചനകേന്ദ്രം കേരളത്തിൽ ഉണ്ടായിരുന്നില്ലെന്ന് സമിതി ചൂണ്ടിക്കാട്ടി. ഈ കേന്ദ്രം സ്ഥാപിക്കാൻ സംസ്ഥാനസർക്കാർ അപേക്ഷയും നൽകിയിരുന്നില്ല. സംസ്ഥാനങ്ങൾ ആവശ്യപ്പെട്ടെങ്കിലേ വെള്ളപ്പൊക്ക പ്രവചനകേന്ദ്രങ്ങൾ സ്ഥാപിക്കൂവെന്ന നയം ജലകമ്മിഷൻ പുനഃപരിശോധിക്കണം. കാലാവസ്ഥാവ്യതിയാനത്തെത്തുടർന്ന് രാജ്യത്ത് കൂടുതൽ പ്രളയങ്ങൾക്കും പ്രകൃതിദുരന്തങ്ങൾക്കും സാധ്യതയുണ്ടെന്നും സമിതി മുന്നറിയിപ്പുനൽകി.
മുല്ലപ്പെരിയാർ തർക്കം പരിഹരിക്കാൻ കേന്ദ്ര ജലശക്തിമന്ത്രാലയം മധ്യസ്ഥത വഹിക്കണമെന്നും പാർലമെന്ററി സമിതി നിർദേശിച്ചു. കേരളത്തിനും തമിഴ്‌നാടിനും ഇടയിൽ സത്യസന്ധതയുള്ള ഇടനിലക്കാരന്റെ പങ്കുവഹിക്കണമെന്നും വ്യക്തമാക്കി.
പുതിയ അണക്കെട്ടുകൾ നിർമിക്കാൻ തടസ്സം നിൽക്കുന്നത് ശക്തമായ പരിസ്ഥിതിലോബിയാണെന്ന് പാർലമെന്ററി സമിതിക്കുമുമ്പാകെ കേരള സർക്കാർ. വനസംരക്ഷണ നിയമം, വന്യജീവിസംരക്ഷണ നിയമം എന്നിവ നടപ്പായപ്പോൾ അണക്കെട്ടുകൾക്കുള്ള അനുമതിക്ക് ഒട്ടേറെ തടസ്സങ്ങൾ വന്നു. മറ്റു സംസ്ഥാനങ്ങളിലേതുപോലെ കേരളത്തിൽ അധികം സ്ഥലമില്ല. വനമേഖലയിലാണ് മിക്ക ജലസംഭരണികളും. ഇതു സംസ്ഥാനത്തിന്റെ 28 ശതമാനം പ്രദേശം വരുമെന്നും കേരള സർക്കാരിനുവേണ്ടി ഹാജരായ ഉദ്യോഗസ്ഥർ സമിതിമുമ്പാകെ അറിയിച്ചു.