അയിരൂർ: വീട്ടിൽ അതിക്രമിച്ച് കയറി പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിൽ അഞ്ച് യുവാക്കൾ അറസ്റ്റിൽ. ചെമ്മരുതി ചാവടിമുക്കിന് സമീപം കഴിഞ്ഞ വ്യാഴാഴ്ച രാത്രിയാണ് സംഭവം നടന്നത്. നടയറ കുന്നിൽ വീട്ടിൽ നിന്നു ആറ്റിങ്ങൽ എൽഎംഎസ് ചിത്തിര നിവാസിൽ വാടകയ്ക്കു താമസിക്കുന്ന റമീസ്(24), ചെമ്മരുതി മുട്ടപ്പലം ചാവടിമുക്ക് സെമീന മൻസിലിൽ മുനീർ(24), വർക്കല നടയറ ബംഗ്ലാവിൽ നസീർ മൻസിലിൽ അമീർ ഖാൻ(24), കൊട്ടിയം പേരയം വയലിൽ പുത്തൻവീട്ടിൽ നിന്നു, ചെമ്മരുതി മുട്ടപ്പലം നടയറ കുന്നിൽ താമസിക്കുന്ന അഷീബ്(23), ചിറയിൻകീഴ് ശാർക്കര പുതുക്കരിയിൽ അജയകുമാർ (24) എന്നിവരെയാണ് അയിരൂർ പോലീസ് എസ്എച്ച്ഒ വി.കെ.ശ്രീജേഷിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.
കേസിലെ ഒന്നാം പ്രതിയായ റമീസ്, പെൺകുട്ടിയെ തട്ടിക്കൊണ്ട് പോകാൻ മറ്റു കൂട്ടുകാരെ കൂടി വിളിക്കുകയായിരുന്നു. ഇവരുടെ സഹായത്താൽ റമീസ് പെൺകുട്ടിയുടെ വീട്ടിലെത്തുകയായിരുന്നു. പ്ലസ് ടുവിന് പഠിക്കുന്ന ഈ പെൺകുട്ടിയുമായി താൻ പ്രണയത്തിലാണെന്നും ‘കാമുകി’യെ ഇറക്കി വിടണമെന്നും ആവശ്യപ്പെട്ടായിരുന്നു സംഘം വീട്ടിലെത്തിയത്. മാരകായുധങ്ങളുമായി ബൈക്കുകളിൽ എത്തിയ സംഘം വീടിന്റെ വാതിൽ തുറക്കാൻ ആവശ്യപ്പെട്ടു. വീട്ടുകാർ വാതിൽ തുറക്കാൻ തയ്യാറായില്ല. ഇതോടെ, ഇവർ വീടിന്റെ മുൻവശത്തെ വാതിൽ ചവിട്ടി പൊളിക്കാൻ ശ്രമിക്കുകയും മുറികളുടെ ജനൽ പാളികളുടെ ഗ്ലാസ് അടിച്ചു തകർക്കുകയും ചെയ്തു.
ബഹളം കേട്ട് നാട്ടുകാരെത്തിയെങ്കിലും അവരെയും ആയുധം കാട്ടി സംഘം ഭീഷണിപ്പെടുത്തി. തുടർന്ന്, വീടിന്റെ പിറകിലെ വാതിൽ പൊളിച്ചു അകത്തു കയറി. പെൺകുട്ടിയുടെ അച്ഛനെയും അമ്മയെയും മർദ്ദിച്ച ശേഷം പെൺകുട്ടിയുമായി കടന്നുകളയുകയായിരുന്നു. വീട്ടുകാർ തന്നെ പോലീസിൽ വിവരമറിയിച്ചു. അന്വേഷണത്തിൽ പെൺകുട്ടി റമീസുമായി പ്രണയത്തിലാണെന്ന് വ്യക്തമായി. ഇതോടെ അറസ്റ്റിലായ റമീസിനൊപ്പം സ്റ്റേഷനിൽ എത്തിയ പെൺകുട്ടിയെ സ്വീകരിക്കാൻ രണ്ട് വീട്ടുകാരും തയ്യാറായില്ല. ഒടുവിൽ, തിരുവനന്തപുരം മഹിളാ മന്ദിരത്തിലേക്ക് പെൺകുട്ടിയെ മാറ്റി. തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചതിനും വീടുകയറി ആക്രമിച്ചതിനുമാണ് റമീസ് അടക്കമുള്ള പ്രതികൾക്കെതിരെ കേസെടുത്തിരിക്കുന്നത്.