24.5 C
Kottayam
Monday, May 20, 2024

മലയാളി ജവാന് വീരമൃത്യു,ജമ്മു കശ്മീര്‍ ഏറ്റുമുട്ടലിൽ ജീവൻ നഷ്ടമായത് 5 സൈനികർക്ക്

Must read

ന്യൂഡല്‍ഹി:ജമ്മു കാശ്മീരിലെ പൂഞ്ച് ജില്ലയില്‍ ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ മലയാളി ജവാന് വീരമൃത്യു. കൊല്ലം കൊട്ടാരക്കര ഓടനാവട്ടം സ്വദേശി എച്ച്. വൈശാഖ് ആണ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത്. ഇന്ന് ഉച്ചയോടെയാണ് പൂഞ്ചില്‍ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിനിടെ ഒരു ജൂനിയര്‍ കമ്മീഷന്‍ ഓഫീസറടക്കം അഞ്ച് സൈനികരാണ് വീരമൃത്യു വരിച്ചത്.

അതിര്‍ത്തിക്കപ്പുറത്തുനിന്ന് ഭീകരരുടെ നുഴഞ്ഞുകയറ്റം തടയുന്നതിനുള്ള സുരക്ഷാ സേനയുടെ ശ്രമമാണ് ഏറ്റുമുട്ടലില്‍ കലാശിച്ചത്. സൂറന്‍കോട് മേഖലയില്‍ നാല് മുതല്‍ അഞ്ച് വരെ ആയുധധാരികളായ ഭീകരര്‍ നുഴഞ്ഞുകയറിയത്. ഇതേത്തുടര്‍ന്ന് സുരക്ഷാസേന വെടിയുതിര്‍ക്കുകയായിരുന്നു. അതേസമയം അനന്ത്നാഗിലും ബന്ദിപോറയിലും നടന്ന മറ്റു രണ്ട് ഏറ്റുമുട്ടലുകളില്‍ രണ്ട് ഭീകരരെ സൈന്യം വധിച്ചു.

തീവ്രവാദികളുടെ സാന്നിധ്യത്തെക്കുറിച്ചുള്ള രഹസ്യവിവരത്തെത്തുടര്‍ന്ന് സൂറന്‍കോട്ടിലെ ഡികെജിക്കു സമീപമുള്ള ഗ്രാമത്തില്‍ അതിരാവിലെ ഓപ്പറേഷന്‍ ആരംഭിച്ചതായി പ്രതിരോധ വക്താവ് പറഞ്ഞു. ആദ്യം സുരക്ഷാസേനയ്ക്കു നേരെ ഭീകരര്‍ കനത്ത വെടിവെപ്പ് നടത്തിയെന്നും അതിന്റെ ഫലമായി ജെസിഒയ്ക്കും മറ്റ് നാല് റാങ്കുകള്‍ക്കും ഗുരുതര പരിക്കേറ്റതായും അദ്ദേഹം പറഞ്ഞു. പരിക്കേറ്റ അഞ്ചു പേരും പിന്നീട് വീരമൃത്യു വരിക്കുകയായിരുന്നു.

ഭീകരരുമായുള്ള ഏറ്റുമുട്ടല്‍ തുടരുകയാണെന്നും കൂടുതല്‍ വിവരങ്ങള്‍ക്കായി കാത്തിരിക്കുകയാണെന്നും പ്രതിരോധ വക്താവ് പറഞ്ഞു. നിയന്ത്രണരേഖയില്‍ (എല്‍ഒസി) കടന്നുകയറിയ ശേഷം ചമ്രര്‍ വനത്തില്‍ ഒരു കൂട്ടം തീവ്രവാദികള്‍ ഉണ്ടായിരുന്നതായി റിപ്പോര്‍ട്ടുകളുണ്ടെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

തീവ്രവാദികളെ നിര്‍വീര്യമാക്കുന്നുവെന്ന് ഉറപ്പുവരുത്തുന്നതിനായി കൂടുതല്‍ സുരക്ഷാസൈനികര്‍ പ്രദേശത്തേക്ക് തിരിച്ചിട്ടുണ്ട്. അതിര്‍ത്തിയില്‍ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതിന് ശേഷം പ്രദേശത്ത് സേനയ്ക്കെതിരായ ഏറ്റവും ശക്തമായ ആക്രമണമായിരുന്നു ഇന്നു നടന്ന വെടിവയ്പ്പ്.

കഴിഞ്ഞയാഴ്ച രണ്ട് അധ്യാപകരുള്‍പ്പെടെ ഒരു തീവ്രവാദ സംഘടന നടത്തിയ ആക്രമണങ്ങളില്‍ പ്രദേശത്തെ സാധാരണക്കാരെ വെടിവച്ചുകൊന്നതോടെയാണ് വീണ്ടും സംഘര്‍ഷാവസ്ഥ ഉടലെടുത്തത്. ‘ഫെബ്രുവരി 25 ന് രണ്ട് ഡിജിഎംഒകള്‍ (സൈനിക ഓപ്പറേഷന്‍ ഡയറക്ടര്‍ ജനറല്‍) തമ്മിലുള്ള പുതുക്കിയ ഉടമ്പടിക്ക് പിന്നാലെ ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം, ജമ്മു കശ്മീരിലേക്കുള്ള നുഴഞ്ഞുകയറ്റം പുനരാരംഭിച്ചു’ കൂടാതെ ‘ഭീകര ക്യാമ്പുകള്‍’ അതിര്‍ത്തിയിലുടനീളം ഇപ്പോഴും തുടരുകയും ചെയ്യുന്നു ‘- ഓഗസ്റ്റ് 10 ന്, ഡയറക്ടര്‍ ജനറല്‍ ഓഫ് പോലീസ് ദില്‍ബാഗ് സിംഗ് പറഞ്ഞു,

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week