മൂന്നാര്‍: രാജമലയിലെ പെട്ടിമുടിയില്‍ ഉരുള്‍പൊട്ടലില്‍ കാണാതായ അഞ്ച് പേരുടെ മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി. ഡീന്‍ കുര്യാക്കോസ് എം.പിയാണ് ഇക്കാര്യം അറിയിച്ചത്. ഇന്ന് രാവിലെ നടത്തിയ തെരച്ചിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ദേശീയ ദുരന്തനിവാരണ സേനയും അഗ്‌നിശമനസേനയും പോലീസും നാട്ടുകാരും ചേര്‍ന്നാണ് തെരച്ചില്‍ നടത്തുന്നത്.
ഇതോടെ പെട്ടിമുടി ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 22 ആയി. 12 പേരെ രക്ഷപ്പെടുത്തിയിരുന്നു. നാലു ലയങ്ങളിലെ 30 കുടുംബങ്ങളിലായി 78 പേരാണ് ഇവിടെ താമസിച്ചിരുന്നത്. തൊഴിലാളികള്‍ക്കായി കണ്ണന്‍ദേവന്‍ കമ്പനി നിര്‍മിച്ചുനല്‍കിയ ലേബര്‍ ക്ലബ്, കാന്റീന്‍, നാലു ലയങ്ങള്‍ എന്നിവ പൂര്‍ണമായി മണ്ണിനടിയിലായി.
എസ്റ്റേറ്റ് ലയങ്ങള്‍ സ്ഥിതിചെയ്തിരുന്ന കുന്നിന്‍മുകളില്‍ വ്യാഴാഴ്ച രാത്രി 10.50-ഓടെയായിരുന്നു ഉരുള്‍ പൊട്ടിയൊഴുകിയത്. ഒരു കിലോമീറ്ററോളം കൂറ്റന്‍ പാറകളും മണ്ണും നിരങ്ങിയിറങ്ങി. ലയങ്ങളും മറ്റുമുണ്ടായിരുന്ന സ്ഥലത്ത് പാറക്കെട്ടുകളും മണ്ണും നിറഞ്ഞുകിടക്കുകയാണ്.