KeralaNews

മലപ്പുറത്ത് അഞ്ച് പേര്‍ക്ക് കൂടി രോഗബാധ സ്ഥിരീകരിച്ചു

മലപ്പുറം :ജില്ലയില്‍ അഞ്ച് പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. മെയ് 17ന് അബുദബിയില്‍ നിന്ന് കരിപ്പൂരിലെത്തിയ പരപ്പനങ്ങാടി അയ്യപ്പന്‍ കാവ് സ്വദേശിനി 70 കാരി, ഇവരുടെ പേരമകള്‍ അഞ്ചു വയസുകാരി, മുംബൈയില്‍ നിന്ന് മെയ് 16ന് വീട്ടിലെത്തിയ തെന്നല കുറ്റിപ്പാല സ്വദേശി 37കാരന്‍, മുംബൈയില്‍ നിന്ന് മെയ് 14ന് വീട്ടിലെത്തിയ തൃപ്രങ്ങോട് പൊയിലിശ്ശേരി സ്വദേശി 68കാരന്‍ മെയ് 20ന് ദുബായില്‍ നിന്ന് കൊച്ചി വഴിയെത്തിയ തിരുനാവായ വൈരങ്കോട് സ്വദേശി 60കാരന്‍ എന്നിവര്‍ക്കാണ് രോഗബാധയെന്ന് ജില്ലാ കലക്ടറുടെ ചുമതലയുള്ള എ.ഡി.എം. എന്‍.എം. മെഹറലി അറിയിച്ചു. ഇവര്‍ അഞ്ചുപേരും കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രമായ മഞ്ചേരി ഗവ.മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എസൊലേഷനിലാണ്.

സംസ്ഥാനത്ത് ഇന്ന് 53 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചിരുന്നു. തിരുവനന്തപുരം, കണ്ണൂര്‍ ജില്ലകളില്‍ നിന്നുള്ള 12 പേര്‍ക്ക് വീതവും മലപ്പുറം, കാസര്‍ഗോഡ് ജില്ലകളില്‍ നിന്നുള്ള 5 പേര്‍ക്ക് വീതവും, ആലപ്പുഴ, എറണാകുളം, പാലക്കാട് ജില്ലകളില്‍ നിന്നുള്ള 4 പേര്‍ക്ക് വീതവും കൊല്ലം ജില്ലയില്‍ നിന്നുള്ള 3 പേര്‍ക്കും പത്തനതിട്ട ജില്ലയില്‍ നിന്നുള്ള 2 പേര്‍ക്കും കോഴിക്കോട് ജില്ലയില്‍ നിന്നുള്ള ഒരാള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്.

ഒരു തമിഴ്നാട് സ്വദേശിക്കും രോഗം സ്ഥിരീകരിച്ചു. 18 പേര്‍ വിദേശത്ത് നിന്നും (ഒമാന്‍-3, യു.എ.ഇ.-11, സൗദി അറേബ്യ-3, കുവൈറ്റ്-1) 29 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും (മഹാരാഷ്ട്ര-19, ഗുജറാത്ത്-5, തമിഴ്നാട്-3, ഡല്‍ഹി-1, മധ്യപ്രദേശ്-1) വന്നതാണ്. 5 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇതില്‍ ഒരാള്‍ പാലക്കാട് ജില്ലയിലുള്ള ആരോഗ്യ പ്രവര്‍ത്തകയാണ്.

കോവിഡ്-19 രോഗം സ്ഥിരീകരിച്ച് കോഴിക്കോട് ജില്ലയില്‍ ചികിത്സയിലായിരുന്ന വയനാട് സ്വദേശിനി നിര്യാതയായി. മെയ് 20ന് ദുബായില്‍ നിന്ന് കേരളത്തില്‍ ചികിത്സക്കായെത്തിയ ഇവര്‍ കാന്‍സര്‍ രോഗ ബാധിതയായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button