റോം : കേരളതീരത്ത് 2012-ല്‍ രണ്ട് ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ ഇറ്റാലിയന്‍ നാവികര്‍ വെടിവെച്ചുകൊന്ന കേസിൽ അന്താരാഷ്ട്ര കോടതിയുടെ വിധി മാനിക്കുന്നുവെന്ന് ഇറ്റലി.
കേസ് പരിഗണിച്ച അന്താരാഷ്ട്ര ട്രൈബ്യൂണലിന്റെ വിധി അംഗീകരിക്കാൻ തങ്ങൾ തയാറാണെന്നും ഇറ്റാലിയൻ വിദേശകാര്യ മന്ത്രി ലുയിഗി ഡി മൈനോ പറഞ്ഞു.
കേസിൽ ഇന്ത്യക്ക് അനുകൂലമായി വന്ന കോടതിവിധിയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ‘കാലങ്ങളായുള്ള വേദനക്കുശേഷം ഈ കേസിൽ പൂർണവിരാമം വന്നിരിക്കുന്നു. കേസിൽപെട്ട നാവികർക്കും അവരുടെ കുടുംബത്തിനും ഒപ്പം നിൽക്കുന്നു. അതോടൊപ്പം, സഹകരണമെന്ന വികാരത്തിന്റെ അടിസ്ഥാനത്തിൽ കോടതിവിധി അംഗീകരിക്കുന്നു’ -അദ്ദേഹം പറഞ്ഞു.
2012 ഫെബ്രുവരി 15-നാണ് കേരളതീരത്ത് ഇന്ത്യന്‍ സമുദ്രാതിര്‍ത്തിയില്‍ മീന്‍പിടിക്കുകയായിരുന്ന ബോട്ടിന് നേരെ ഇറ്റാലിയുടെ ചരക്ക് കപ്പലായ എന്‍ റിക ലെക്സിയില്‍ സുരക്ഷയ്ക്ക് നിയോഗിച്ചിരുന്ന നാവികര്‍ വെടിയുതിര്‍ത്തത്. സംഭവത്തില്‍ നീണ്ടകര സ്വദേശികളായ സെലസ്റ്റിന്‍ വാലന്റൈന്‍, രാജേഷ് പിങ്കി എന്നീ രണ്ട് മീന്‍പിടുത്തക്കാര്‍ കൊല്ലപ്പെട്ടു. തുടര്‍ന്ന് തന്ത്രപരമായി കൊച്ചിയിലെത്തിച്ച കപ്പലില്‍നിന്ന് നാവികരെ അറസ്റ്റ് ചെയ്യുകയായിരുന്നു. കടല്‍ക്കൊള്ളക്കാരെന്ന് തെറ്റിദ്ധരിച്ചാണ് വെടിവെച്ചതെന്നാണ് ഇറ്റലിയുടെ ഔദ്യോഗിക ഭാഷ്യം.