KeralaNews

രാജ്യത്ത് ആദ്യമായി മങ്കി പോക്‌സ് സ്ഥിരീകരിച്ച കൊല്ലം സ്വദേശി രോഗമുക്തി നേടി, ഇന്ന് ആശുപത്രി വിടും

തിരുവനന്തപുരം: രാജ്യത്ത് ആദ്യമായി മങ്കി പോക്‌സ് സ്ഥിരീകരിച്ച കൊല്ലം സ്വദേശി രോഗമുക്തി നേടിയതായി ആരോഗ്യ മന്ത്രി. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞ മുപ്പത്തിയഞ്ചുകാരനാണ് രോഗമുക്തി നേടിയത്. ഇയാളെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്യുമെന്നും വീണ ജോ‍‍ർജ് പറഞ്ഞു.

രാജ്യത്തെ ആദ്യ കേസായതിനാല്‍ എന്‍ഐവിയുടെ  (NIV) നിര്‍ദേശപ്രകാരം 72 മണിക്കൂര്‍ ഇടവിട്ട് രണ്ട് പ്രാവശ്യം പരിശോധനകള്‍ നടത്തി. എല്ലാ സാമ്പിളുകളും രണ്ട് പ്രാവശ്യം നെഗറ്റീവായി. രോഗി മാനസികമായും ശാരീരികമായും പൂര്‍ണ ആരോഗ്യവാനാണ്. ത്വക്കിലെ തടിപ്പുകള്‍ പൂര്‍ണമായി ഭേദമായിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

കഴിഞ്ഞ പന്ത്രണ്ടാം തീയതി യുഎഇയില്‍ നിന്ന് വന്ന യുവാവിന് പതിനാലിനാണ് മങ്കി പോക്‌സ് സ്ഥിരീകരിച്ചത്. രോഗം സംശയിച്ചപ്പോള്‍ തന്നെ മന്ത്രിയുടെ നേതൃത്വത്തില്‍ അവലോകന യോഗങ്ങള്‍ ചേര്‍ന്ന് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കിയിരുന്നു.

എല്ലാ ജില്ലകള്‍ക്കും ജാഗ്രതാ നിര്‍ദേശം നല്‍കി. ഇദ്ദേഹവുമായി പ്രാഥമിക സമ്പര്‍ക്ക പട്ടികയിലുള്ള കുടുംബാംഗങ്ങളുടെ ഫലവും നെഗറ്റീവ് ആണ്. നിലവില്‍ മങ്കി പോക്‌സ് സ്ഥിരീകരിച്ച മറ്റ് രണ്ട് പേരുടെ ആരോഗ്യ നില തൃപ്തികരമായി തുടരുന്നു. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമായി തുടരുമെന്നും മന്ത്രി പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button