തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ ഈ വര്‍ഷത്തെ ആദ്യ ന്യൂന മര്‍ദ്ദം രൂപപ്പെട്ടു.അടുത്ത രണ്ട് ദിവസത്തിനുള്ളില്‍ ശക്തി പ്രാപിക്കുന്ന ന്യുന മര്‍ദ്ദം ജനുവരി അവസാനത്തോടെ ശ്രീലങ്ക തീത്തേക്ക് നീങ്ങാന്‍ സാധ്യതയുണ്ട്. നിലവിലെ നിഗമന പ്രകാരം ഈ മാസം അവസാനവും ഫെബ്രുവരി ആദ്യവും തെക്കന്‍ കേരളത്തില്‍ മഴക്ക് സാധ്യതയുണ്ട്.
നീണ്ട വരണ്ട കാലാവസ്ഥയ്ക്ക് ശേഷം സംസ്ഥാനത്ത് കഴിഞ്ഞ ദിവസം ഒറ്റപ്പെട്ട മഴ കിട്ടിയിരുന്നു. തെക്കന്‍ കേരളത്തിനാണ് കൂടുതല്‍ മഴ കിട്ടിയത്. ഒറ്റപ്പെട്ട മഴ മധ്യകേരളത്തിലും വടക്കന്‍ ജില്ലകളുടെ കിഴക്കന്‍ മലമേഖലകളിലും കിട്ടി.
മഡഗാസ്‌കറിനു സമീപം കഴിഞ്ഞ ദിവസമുണ്ടായ ചുഴലിക്കാറ്റും തുടര്‍ന്നുള്ള അന്തരീക്ഷസ്ഥിതിയുമാണ് മഴയ്ക്ക് അനുകൂലമായ സാഹചര്യം ഒരുക്കിയത്.
മത്സ്യത്തൊഴിലാളി ജാഗ്രത നിര്‍ദേശം
കേരള-കർണാടക-ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസ്സമില്ല എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
പ്രത്യേക ജാഗ്രത നിര്‍ദേശം
26-01-2023 മുതൽ 28-01-2023 വരെ: ഭൂമധ്യരേഖയോട് ചേർന്നുള്ള ഇന്ത്യൻ മഹാസമുദ്രത്തിൻറെ കിഴക്കൻ ഭാഗം, അതിനോട് ചേർന്നുള്ള തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറില്‍ 40 മുതല്‍ 45 കിലോമീറ്റര്‍ വരെ വേഗതയിലും ചില അവസരങ്ങളിൽ 55 കിലോമീറ്റര്‍ വരെ വേഗതയിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.
29-01-2023 മുതൽ 30-01-2023 വരെ: ശ്രീലങ്കൻ തീരത്തോട് ചേർന്നുള്ള തെക്കൻ ബംഗാൾ ഉൾക്കടലിൻറെ മധ്യ ഭാഗങ്ങളിൽ മണിക്കൂറില്‍ 40 മുതല്‍ 45 കിലോമീറ്റര്‍ വരെ വേഗതയിലും ചില അവസരങ്ങളിൽ 55 കിലോമീറ്റര്‍ വരെ വേഗതയിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.
മേൽപ്പറഞ്ഞ പ്രദേശങ്ങളിൽ മുന്നറിയിപ്പുള്ള തീയതികളിൽ മത്സ്യബന്ധനത്തിന് പോകാന്‍ പാടുള്ളതല്ല.
.