കൊച്ചി:രാജീവ് രവി-ഫഹദ് ഫാസിൽ ടീമിന്റെ അന്നയും റസൂലും എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തില്‍ അന്നയായെത്തി മലയാളികളുടെ മനം കവര്‍ന്ന നടിയാണ് ആന്‍ഡ്രിയ ജെറമിയ. ഇന്നും ആൻഡ്രിയ എന്ന പേര് കേൾക്കുമ്പോൾ എല്ലാവരുടേയും മനസിലേക്ക് ഓടി വരുന്നതും അന്നയും റസൂലും സിനിമയാണ്.
മുപ്പത്തിയാറുകാരിയായ ആൻഡ്രിയ നടി എന്നതിലുപരി നല്ലൊരു ഗായിക കൂടിയാണ്. തമിഴ്, മലയാളം, ഹിന്ദി ഭാഷകളിലാണ് ആൻഡ്രിയ ഏറെയും സിനിമകൾ ചെയ്തിരിക്കുന്നത്.
ഗിരീഷ് കർണാട്ന്റെ നാഗംദള എന്ന നാടകത്തിലൂടെയാണ് അഭിനയ രംഗത്തേക്ക് ആൻഡ്രിയ വന്നത്. ഗൗതം മേനോന്റെ വേട്ടയാട് വിളിയാട് എന്ന സിനിമയിൽ പിന്നണി പാടിയ താരം പിന്നീട് അദ്ദേഹത്തിന്റെ തന്നെ പച്ചൈക്കിളി മുത്തുച്ചരം എന്ന സിനിമയിൽ അഭിനയിച്ചു.
സിനിമയിലെത്തിയപ്പോൾ പിന്നണിയിൽ ശോഭിക്കുകയായിരുന്നു ആൻഡ്രിയയുടെ ലക്ഷ്യം. പക്ഷെ ആൻഡ്രിയ അഭിനയരംഗത്താണ് ശോഭിച്ചത്. ഹാരിസ് ജയരാജ്, യുവൻ ശങ്കർ രാജ, ദേവിശ്രീ പ്രസാദ്, ജി.വി പ്രകാശ് കുമാർ തുടങ്ങിയ നിരവധി മുൻനിര സംഗീത സംവിധായകർ ചിട്ടപ്പെടുത്തിയ ഗാനങ്ങൾ ആൻഡ്രിയ ആലപിച്ചിട്ടുണ്ട്.
അതിൽ ചിലതിന് ഫിലിംഫെയർ അവാർഡിനും വിജയ് അവാർഡിനും നോമിനേഷൻസ് ലഭിച്ചിട്ടുണ്ട്. ആയിരത്തിൽ ഒരുവൻ എന്ന ചിത്രത്തിലെ മാലൈ നേരം എന്ന ഗാനമാണ് താൻ പാടിയതിൽ ഏറ്റവും ബുദ്ധിമുട്ടേറിയതായി ആൻഡ്രിയ വിശേഷിപ്പിച്ചത്.
അനൽ മേലെ പനിതുളിയാണ് ആൻഡ്രിയയുടെ ഏറ്റവും പുതിയ റിലീസ്. സിനിമ നവംബർ 11ന് ഒടിടി പ്ലാറ്റ്ഫോമായ സോണി ലിവിലൂടെ പ്രേക്ഷകരിലേക്ക് എത്തും. സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് നൽകിയ അഭിമുഖത്തിൽ ആൻഡ്രിയ പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ വൈറലാകുന്നത്.
‘അനൽ മേലെ പനിതുള്ളി എന്ന സിനിമയുടെ കഥ ഞാനുമായി കണക്ടാകുന്ന ഒന്നായി തോന്നി. ഒരു സിനിമ ചെയ്യാൻ ഒരു താരം തയ്യാറാകുന്നുവെങ്കിൽ പലവിധ കാരണങ്ങളുണ്ടാകും. കഥ ഇഷ്ടപ്പെട്ടത് കൊണ്ടാവാം, നല്ലാ അണിയറപ്രവർത്തകർ ആയിരിക്കാം ചിലപ്പോൾ കാരണം.’
‘മറ്റ് ചിലപ്പോൾ അക്കൗണ്ടിൽ പണമില്ലെങ്കിലും ചിലർ സിനിമകൾ ചെയ്യാൻ തയ്യാറാകും. അതൊരു സത്യമാണ്. എന്നാൽ ഈ സിനിമയുടെ കഥ കേട്ടപ്പോൾ നടിയെന്നതിലുപരി ഒരു സ്ത്രീയെന്ന നിലയിൽ എനിക്ക് ഒരു കണക്ഷൻ തോന്നി എന്നതാണ് അനൽ മേലെ പനിതുള്ളി ചെയ്യാൻ കാരണം.’
‘എന്നെ സംബന്ധിച്ചിടത്തോളം ഞാൻ എന്റെ ജീവിതം ജീവിക്കുന്നത് എന്റെ നിബന്ധനകൾക്ക് അനുസരിച്ചാണ്. അത് മറ്റുള്ളവർക്ക് ഇഷ്ടപ്പെടുന്നതും ഇഷ്ടപ്പെടാതിരിക്കുന്നതും എന്റെ വിഷയമല്ല. മറ്റുള്ളവരും സൊസൈറ്റിയും എന്നെ കുറിച്ച് എന്ത് ചിന്തിക്കുമെന്നത് ഒരിടയ്ക്ക് എന്നെ ഒരുപാട് അലട്ടിയിരുന്ന പ്രശ്നമായിരുന്നു.’
‘ഇപ്പോൾ സെൽഫ് റെസ്പെക്ടിനാണ് പ്രാധാന്യം. രാവിലെ എഴുന്നേറ്റ് കണ്ണാടിയിൽ നോക്കുമ്പോൾ കുറ്റബോധം തോന്നരുത് എന്നൊരു നിബന്ധനയുണ്ട് അത്രമാത്രം. പതിനാറ് വയസിലാണ് ആദ്യത്തെ ചുംബനം ഒരു പാർട്ടിക്കിടെ കൊടുത്തത്.’
‘ഞാൻ ഒറ്റയ്ക്ക് ജീവിക്കുന്നതിൽ എന്താണ് തെറ്റ്. ശരിയായിട്ടുള്ള ആളെ കണ്ടുമുട്ടാതെ എങ്ങനെ വിവാഹിതയാകും. അടുത്ത സുഹൃത്തുക്കൾക്കൊപ്പം മാത്രമാണ് പാർട്ടി നടത്തുന്നത്. ഇപ്പോൾ അതും ഇല്ല. സ്ത്രീകൾ കേന്ദ്രകഥാപാത്രമായി സിനിമകൾ വരുന്നതിൽ സന്തോഷമുണ്ട്.’
‘മുമ്പ് പുരുഷന്മാരെ കേന്ദ്രകഥാപാത്രമാക്കിയാണ് മിക്ക സിനിമകളും വന്നിരുന്നത്. ഐശ്വര്യ ലക്ഷ്മി, ഐശ്വര്യ രാജേഷ്, സായ് പല്ലവി തുടങ്ങിയവർ കേന്ദ്രകഥാപാത്രങ്ങളായി സിനിമ വരുന്നത് കാണുമ്പോൾ വളരെ സന്തോഷം തോന്നാറുണ്ട്.’
‘തുടക്കത്തിൽ ഒരുപാട് പറ്റിക്കപ്പെട്ടിട്ടുണ്ട്. കാരണം ആദ്യം പറഞ്ഞ കഥയായിരിക്കില്ല ഷൂട്ടിങിന് ചെല്ലുമ്പോൾ അവർ എടുക്കുന്നത്. ചില സിനിമകളിലൊക്കെ സംവിധായകർ ഗ്ലാമറസായി അഭിനയിക്കാൻ നിർബന്ധിക്കും. സെക്സിയായി റോൾ ചെയ്യുന്നതിന് എനിക്ക് കുഴപ്പമൊന്നുമില്ല.’
‘പക്ഷെ അങ്ങനെ സെക്സിയായി അഭിനയിക്കാൻ ശരിയായ കാരണം അവർ പറയണം. എങ്കിൽ ഞാൻ ചെയ്യും. ഞാൻ കൺവിൻസാകണം. അല്ലാതെ വെറുതെ സീനിന് വേണ്ടി ചെയ്യാൻ പറഞ്ഞാൽ ചെയ്യില്ല’ ആൻഡ്രിയ പറഞ്ഞു.