മുംബൈ: ലോകകപ്പില്‍ ശ്രീലങ്കക്കെതിരായ മത്സരത്തില്‍ ആദ്യ പന്തില്‍ തന്നെ വിക്കറ്റ് എടുത്ത് ഇന്ത്യന്‍ പേസര്‍ ജസ്പ്രീത് ബുമ്ര സ്വന്തമാക്കിയത് അപൂര്‍വനേട്ടം. 48 വര്‍ഷത്തെ ലോകകപ്പ് ചരിത്രത്തിലാദ്യമായാണ് ഒരു ഇന്ത്യന്‍ ബൗളര്‍ ഇന്നിംഗ്സിന്‍റെ ആദ്യ പന്തില്‍ വിക്കറ്റെടുക്കുന്നത്. ശ്രീലങ്കന്‍ ഓപ്പണര്‍ പാതും നിസങ്കയെ ഇന്നിംഗ്സിലെ ആദ്യ പന്തില്‍ തന്നെ വിക്കറ്റിന് മുന്നില്‍ കുടുക്കിയാണ് ബുമ്ര ചരിത്രം തിരുത്തിയത്.
ഇന്ത്യന്‍ ഇന്നിംഗ്സിലെ രണ്ടാം പന്തില്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയ രണ്ടാം പന്തില്‍ ദില്‍ഷന്‍ മധുശങ്ക ക്ലീന്‍ ബൗള്‍ഡാക്കിയതിനുള്ള മധുരപ്രതികാരം കൂടിയായി ആദ്യ പന്തില്‍ തന്നെ ബുമ്രയുടെ പ്രഹരം. രണ്ടാം ഓവറിലെ ആദ്യ പന്തില്‍ മുഹമ്മദ് സിറാജും ഇന്ത്യക്കായി വിക്കറ്റെടുത്തിരുന്നു. ബുമ്രയും സിറാജും തുടങ്ങിയ വിക്കറ്റ് വേട്ട മുഹമ്മദ് ഷമിയിലെത്തിയപ്പോള്‍ സംഹാരരൂപം പൂണ്ടു. ബുമ്ര ഒരു വിക്കറ്റെടുത്തപ്പോള്‍ സിറാജ് മൂന്നും ഷമി അഞ്ചും വിക്കറ്റെടുത്താണ് ശ്രീലങ്കയെ ചാരമാക്കിയത്.
ഈ ലോകകപ്പില്‍ വിക്കറ്റ് വേട്ടയില്‍ അഞ്ചാം സ്ഥാനത്താണിപ്പോള്‍ ബുമ്ര. ഏഴ് കളികളില്‍ 15 വിക്കറ്റാണ് ബുമ്രയുടെ നേട്ടം. ഇന്നലെ അഞ്ച് വിക്കറ്റ് വീഴ്ത്തിയതോടെ വെറും മൂന്ന് കളികളില്‍ 14 വിക്കറ്റുമായി മുഹമ്മദ് ഷമി വിക്കറ്റ് വേട്ടക്കാരില്‍ ആറാം സ്ഥാനത്തെത്തി. ഇന്ത്യക്കെതിരെ അഞ്ച് വിക്കറ്റ് വീഴ്ത്തിയ ദില്‍ഷന്‍ മധുഷങ്ക ഏഴ് കളികളില്‍ 18 വിക്കറ്റുമായി ഒന്നാം സ്ഥാനത്തുണ്ട്.
ലോകകപ്പില്‍ ശ്രീലങ്കക്കെതിരെ 302 റണ്‍സിന്‍റെ വമ്പന്‍ ജയവുമായാണ് ഇന്ത്യ സെമിയിലെത്തിയത്. 358 റണ്‍സിന്‍റെ കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ശ്രീലങ്കയെ 19.4 ഓവറില്‍ 55 റണ്‍സിന് എറിഞ്ഞിട്ടാണ് ഇന്ത്യ സെമിയിലെത്തുന്ന ആദ്യ ടീമായത്. ലങ്കന്‍ ബാറ്റിംഗ് നിരയില്‍ മൂന്ന് പേര്‍ മാത്രമാണ് രണ്ടക്കം കടന്നത്. 14 റണ്‍സെടുത്ത കസുന്‍ രജിതയാണ് ലങ്കയുടെ ടോപ് സ്കോറര്‍.