കോഴിക്കോട്: സംസ്ഥാനത്തെ കുട്ടികളില്‍ ലഹരി മാഫിയയുടെ സ്വാധീനമുണ്ടെന്ന വ്യക്തമാക്കുന്ന പെണ്‍കുട്ടിയുടെ വെളിപ്പെടുത്തല്‍ പുറത്ത്. മയക്കുമരുന്ന് കാരിയറായി പ്രവര്‍ത്തിച്ച കോഴിക്കോട്ടുള്ള ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് ഇപ്പോള്‍ വെളിപ്പെടുത്തലുമായി രംഗത്തെത്തിയത്. ഇന്‍സ്റ്റഗ്രാം വഴിയാണ് ലഹരി ഇടപാടുകാരെ പരിചയപ്പെട്ടതെന്നും ആദ്യം സജൗന്യമായും പിന്നീട് കാരിയറാക്കിയും മയക്കുമരുന്ന് തന്നെന്നും പെണ്‍കുട്ടി പറയുന്നു.
മൂന്ന് വര്‍ഷത്തോളം മയക്കുമരുന്ന് കാരിയറായി പ്രവര്‍ത്തിച്ചെന്നാണ് പെണ്‍കുട്ടി വെളിപ്പെടുത്തുന്നത്. സ്‌കൂളില്‍ പഠിച്ചു പോയവര്‍ക്കൊക്കെ മയക്കുമരുന്ന് എത്തിച്ച് നല്‍കിയിട്ടുണ്ട്. കയ്യില്‍ മുറിവ് കണ്ടപ്പോള്‍ ഉമ്മ ടീച്ചറോട് വിവരം പറഞ്ഞിരുന്നെന്നും വിദ്യാര്‍ത്ഥി പറഞ്ഞു. ബംഗളൂരുവില്‍ പോയപ്പോള്‍ അവിടെയും ആളുണ്ടെന്നും അവിടെ നിന്നും മയക്കുമരുന്ന് കൊണ്ടുവരാന്‍ നിര്‍ദ്ദേശിച്ചു.
മയക്കുമരുന്ന് ഉപയോഗം കണ്ടെത്തിയതിനെ തുടര്‍ന്ന് കുട്ടിയെ ഡി അഡിക്ഷന്‍ സെന്ററിലേക്ക് ആക്കിയിരുന്നു. മാസങ്ങളോളം നീണ്ടുനിന്ന കൗണ്‍സിലിംഗും മറ്റ് ചികിത്സയിലൂടെയാണ് കുട്ടിയെ മയക്കുമരുന്ന് ഉപയോഗത്തില്‍ നിന്ന് മുക്തയാക്കിയത്. മയക്കുമരുന്ന് ഉപയോഗിക്കാനായി കയ്യിലുണ്ടാക്കിയ മുറിവ് കണ്ട് സംശയം തോന്നിയ വീട്ടുകാര്‍ അന്വേഷണം നടത്തിയപ്പോഴാണ് മയക്കുമരുന്ന് ഉപയോഗം കണ്ടെത്തിയത്.
പെണ്‍കുട്ടി കോഴിക്കോട് മെഡിക്കല്‍ കോളേജ് അസി. കമ്മിഷണര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. പെണ്‍കുട്ടിയുടെ മൊഴിയെടുത്ത് അന്വേഷണം നടത്തുമെന്ന് കമ്മിഷണര്‍ അറിയിച്ചു.അതേസമയം, സംസ്ഥാനത്ത് എക്‌സൈസിന്റെയും പൊലീസിന്റെയും നേതൃത്വത്തില്‍ വന്‍ ലഹരി വേട്ടയാണ് നടക്കുന്നത്. കഴിഞ്ഞ ദിവസം മുത്തങ്ങയില്‍ നടത്തിയ വാഹനപരിശോധനയില്‍ കെ എസ് ആര്‍ ടി സി സ്‌കാനിയ ബസ്സിലെ യാത്രക്കാരനില്‍ നിന്നും എം ഡി എം എ പിടിച്ചെടുത്തു. മലപ്പുറം തിരൂരങ്ങാടി സ്വദേശി 25 വയസ്സുള്ള ഇര്‍ഷാദ് ആണ് അറസ്റ്റിലായത്.
ഇയാളില്‍ നിന്നും 78 ഗ്രാം എം ഡി എം എ കണ്ടെടുത്തു. കേരളത്തിലേക്ക് മയക്കുമരുന്ന് കടത്തുന്ന മാഫിയയുടെ മുഖ്യ കണ്ണിയാണ് ഇര്‍ഷാദ്. ഇയാള്‍ ബാംഗ്ലൂരില്‍ നിന്നും വാങ്ങിയ മയക്കുമരുന്ന് മലപ്പുറം ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ വില്പനയ്ക്ക് കൊണ്ടുവരുകയായിരുന്നു. എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ അനൂപ് വി പിയും സംഘവും ചേര്‍ന്നാണ് വാഹന പരിശോധന നടത്തി പ്രതിയെ അറസ്റ്റ് ചെയ്തത്.