ഹൈദരാബാദ്: പ്രമുഖ നടിയും മുന്‍ കോണ്‍ഗ്രസ് എംഎല്‍എയുമായ ജയസുധ ബിജെപിയില്‍ ചേര്‍ന്നേക്കും. ബിജെപി സംസ്ഥാന നേതൃത്വം പാര്‍ട്ടിയില്‍ ചേരണമെന്ന ആവശ്യത്തോട് ജയസുധ സമ്മതിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.
എംഎല്‍എയായിരുന്ന കോമട്ടിറെഡ്ഡി രാജഗോപാല്‍ സ്ഥാനം രാജിവെച്ച് ബിജെപിയില്‍ ചേരുന്ന പരിപാടി ആഗസ്ത് 21ന് നടക്കുന്നുണ്ട്. ഈ ചടങ്ങില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പങ്കെടുക്കുന്നുണ്ട്. ഈ ചടങ്ങില്‍ ജയസുധയും ബിജെപി അംഗത്വം സ്വീകരിക്കുമെന്നാണ് വിവരം.
മുന്‍ മന്ത്രിയും ബിജെപി എംഎല്‍എയുമായ എറ്റാല രാജേന്ദറുമായി ജയസുധ കൂടിക്കാഴ്ച നടത്തിയിരുന്നു. ഈ യോഗത്തില്‍ രാജേന്ദര്‍ ജയസുധയെ ബിജെപിയിലേക്ക് ക്ഷണിച്ചിരുന്നു. കുറച്ച് നിബന്ധനകള്‍ ജയസുധ ബിജെപി നേതൃത്വത്തിന് മുന്നില്‍ വെച്ചിട്ടുണ്ട്. ഈ നിബന്ധനകള്‍ അംഗീകരിച്ചാല്‍ ജയസുധ ബിജെപിയില്‍ ചേരുമെന്നാണ് വിവരം.
2009ല്‍ കോണ്‍ഗ്രസ് നേതാവും ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയുമായിരുന്ന വൈഎസ് രാജശേഖര്‍ റെഡ്ഡി മുഖേനയാണ് ജയസുധ രാഷ്ട്രീയ രംഗത്തേക്ക് വരുന്നത്. 2009ല്‍ സെക്കന്തരാബാദ് നിയോജക മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി മത്സരിച്ച ജയസുധ വിജയിച്ചിരുന്നു.
എന്നാല്‍ 2014ല്‍ മണ്ഡലം നിലനിര്‍ത്താന്‍ ജയസുധക്ക് കഴിഞ്ഞില്ല. 2016ല്‍ കോണ്‍ഗ്രസ് വിട്ട് ജയസുധ ടിഡിപിയില്‍ ചേര്‍ന്നു. എങ്കിലും സജീവമായിരുന്നില്ല. 2019ല്‍ മകന്‍ നിഹാര്‍ കപൂറിനൊപ്പം വൈഎസ്ആര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. രണ്ട് വര്‍ഷം കഴിയുമ്പോഴാണ് ജയസുധ ബിജെപിയിലേക്ക് ചേരാനൊരുങ്ങുകയാണ്.