26 C
Kottayam
Monday, May 13, 2024

ബസിന് മുകളില്‍ പൂത്തിരി കത്തിച്ച സംഭവം, ഹൈക്കോടതി സ്വമേധയ കേസെടുത്തു.

Must read

കൊല്ലം: കൊല്ലം പെരുമണിൽ വിനോദ യാത്രയ്ക്ക് പുറപ്പെടും മുമ്പ് ബസിന് മുകളില്‍ പൂത്തിരി കത്തിച്ച സംഭവത്തിൽ ഹൈക്കോടതി സ്വമേധയ കേസെടുത്തു. ജസ്റ്റിസ് അനില്‍ കെ.നരേന്ദ്രനും ജസ്റ്റിസ് പി.ജി.അജിത്കുമാറും അടങ്ങിയ ഡിവിഷന്‍ ബെഞ്ചിന്റെതാണ് നടപടി. സംഭവത്തിൽ സര്‍ക്കാര്‍ ബുധനാഴ്ച കോടതിയിൽ വിശദീകരണം നല്‍കും. പെരുമണ്‍ എഞ്ജിനീയറിംഗ് കോളേജിലെ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ഥികളുടെ സംഘം വിനോദ യാത്ര പുറപ്പെടും മുമ്പാണ് ബസിന് മുകളില്‍ പൂത്തിരി കത്തിച്ചത്. സംഭവത്തില്‍ ഉൾപ്പെട്ട രണ്ട് ബസുകളും ഉദ്യോഗസ്ഥര്‍ നേരത്തെ കസ്റ്റഡിയിലെടുത്തിരുന്നു. വിദ്യാര്‍ഥികള്‍ വിനോദ യാത്ര കഴിഞ്ഞ് മടങ്ങുമ്പോള്‍  പുന്നപ്രയിലും തകഴിയിലും വച്ചാണ് ബസുകൾ കസ്റ്റഡിയിൽ എടുത്തത്. അമ്പലപ്പുഴയില്‍ വെച്ച് ആര്‍ടിഒ ഉദ്യോഗസ്ഥരെ കണ്ട് രണ്ടാമത്തെ ബസ് വഴി തിരിച്ച് വിട്ടെങ്കിലും പിറകെ പിന്തുടര്‍ന്ന് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.

മോട്ടാര്‍ വാഹന നിയമ പ്രകാരമുള്ള കുറ്റങ്ങള്‍ ചുമത്തിയ ശേഷം കുട്ടികളെ കോളേജില്‍ ഇറക്കാന്‍ ഡ്രൈവര്‍മാരെ അനുവദിച്ചു. ബസുകള്‍ കൊല്ലം ആര്‍ടിഒ എന്‍ഫോഴ്സ്മെന‍്റ് വിഭാഗത്തിന് കൈമാറും. മോട്ടോർ വാഹന നിയമ ലംഘനങ്ങൾക്ക് രണ്ട് ബസുകൾക്കുമായി 36,000 രൂപ പിഴ ചുമത്തി. പൂത്തിരി കത്തിച്ചതിന്  കൊല്ലം പൊലീസ് പ്രത്യേകം കേസെടുക്കും. വിനോദ യാത്ര പുറപ്പെടും മുമ്പാണ് ബസിന് മുകളില്‍ പൂത്തിരി കത്തിച്ചത്. തീ ബസിലേക്ക് പടര്‍ന്നെങ്കിലും ഉടന്‍ അണച്ചു. ഇതിന്‍റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് അധികൃതരുടെ ശ്രദ്ധയില്‍പ്പെട്ടത്.

വിനോദയാത്രയ്ക്ക് മുമ്പ് വിദ്യാർത്ഥികളെ ആവേശം കൊള്ളിക്കാൻ ബസിന് മുകളിൽ വലിയ പൂത്തിരി കത്തിക്കുകയായിരുന്നു. എന്നാൽ പുത്തിരിയിൽ നിന്ന് തീ ബസിലേക്ക് പടർന്നു. തലനാരിഴയ്ക്കാണ് അപകടം ഒഴിവായത്. ജീവനക്കാർ തന്നെ ബസിന്റെ മുകളിൽ കയറി വെള്ളമൊഴിച്ചാണ് തീ കെടുത്തിയത്.
അധ്യാപകർ വിലക്കിയിട്ടും ബസ് ജീവനക്കാരാണ് പൂത്തിരി കത്തിച്ചതെന്ന് കോളേജ് പ്രിൻസിപ്പാൾ പറഞ്ഞു. ബസുകൾ തമ്മിലുള്ള മത്സരമാണ് ഇതിന് കാരണം. ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചതോടെ മോട്ടോർ വാഹന വകുപ്പ് അന്വേഷണം തുടങ്ങി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week