ധാക്ക: ബംഗ്ളാദേശ് തലസ്ഥാനമായ ധാക്കയിലെ ബെയ്‌ലി റോഡിലെ റസ്റ്റോറന്റിൽ വ്യാഴാഴ്ച രാത്രിയുണ്ടായ തീപിടുത്തത്തിൽ 43 പേർ കൊല്ലപ്പെട്ടു. 12 പേർക്ക് ഗുരുതരമായി പൊള്ളലേറ്റു. വ്യാഴാഴ്ച രാത്രി 9.50 ഓടെയാണ് ഏഴ് നില കെട്ടിടത്തിൽ തീപിടിത്തമുണ്ടായത്.
75 പേരെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി. വെള്ളിയാഴ്ച പുലർച്ചെ രണ്ട് മണിയോടെ ആരോഗ്യമന്ത്രി ഡോ. സാമന്ത ലാൽസെൻ ആണ് മാധ്യമങ്ങളോട് മരണവിവരം സ്ഥിരീകരിച്ചത്.
മരിച്ചവരിൽ 33 പേർ ഡി.എം.സി.എച്ചി.ലും 10 പേർ ഷെയ്ഖ് ഹസീന നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബേൺ ആൻഡ് പ്ലാസ്റ്റിക് സർജറിയിലും വെച്ചാണ് മരിച്ചതെന്ന് മന്ത്രി പറഞ്ഞു. 14 പേർ ധാക്ക മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. 13 യൂണിറ്റ് അഗ്നിരക്ഷാ സേനയെത്തിയാണ് അഗ്നിബധ നിയന്ത്രണവിധേയമാക്കിയത്.