നിലമ്പൂര്‍: പുല്ല് മേഞ്ഞു നടക്കുന്നതിനിടെ കാല്‍തെന്നി റോഡരികിലെ അഴുക്കുചാലിലേക്ക് വീണ കുതിരയെ നിലമ്പൂര്‍ ഫയര്‍ഫോഴ്സും സിവില്‍ ഡിഫന്‍സ് വളന്റിയര്‍മാരും ചേര്‍ന്ന് രക്ഷപ്പെടുത്തി. തിങ്കളാഴ്ച ഉച്ചക്ക് 2.30ഓടെയാണ് സംഭവം.
നിലമ്പൂര്‍ മുനിസിപ്പാലിറ്റിയിലെ വീട്ടിച്ചാല്‍ സ്വദേശി കൊയപ്പതൊടി വീട്ടില്‍ ആനന്ദ് ശ്രീധരന്റെ ഉടമസ്ഥതയിലുള്ള ഒമ്പത് വയസ്സുള്ള കുതിരയാണ് വീട്ടിച്ചാല്‍-രാമംകുത്ത് റോഡിലെ അഞ്ച് അടിയോളം താഴ്ചയുള്ള അഴുക്കുചാലില്‍ വീണത്. ഇടുങ്ങിയ ഓടയില്‍നിന്ന് കുതിരയെ രക്ഷപ്പെടുത്താന്‍ നാട്ടുകാരും ഉടമസ്ഥരും ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഉടന്‍ നിലമ്പൂര്‍ ഫയര്‍ ഫോഴ്‌സില്‍ വിവരമറിയിക്കുകയായിരുന്നു.
സ്‌റ്റേഷന്‍ ഓഫിസര്‍ എം. അബ്ദുല്‍ ഗഫൂറിന്റെ നേതൃത്വത്തില്‍ സ്ഥലത്തെത്തിയ നിലമ്ബൂര്‍ ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥരും സിവില്‍ ഡിഫെന്‍സ് വളന്റിയര്‍മാരും നാട്ടുകാരുമായി ചേര്‍ന്ന് സേഫ്റ്റി ബെല്‍റ്റിന്റെ സഹായത്തോടെ കുതിരയെ ഓടയില്‍ നിന്ന് രക്ഷപ്പെടുത്തി. നിസ്സാര പരിക്ക് പറ്റിയ കുതിരക്ക് പ്രഥമ ശുശ്രൂഷ നല്‍കി.