26.2 C
Kottayam
Monday, June 3, 2024

കെഎസ്ആര്‍ടിസി കണ്ടക്ടറോട് മോശമായി പെരുമാറി യുവാക്കൾ;പൊലീസ് വരുന്നതറിഞ്ഞ് രക്ഷപ്പെടാന്‍ ചതുപ്പില്‍ ചാടി , സ

Must read

ആലപ്പുഴ: എടത്വയില്‍ ചതുപ്പില്‍ കുടുങ്ങിയ യുവാക്കളെ രക്ഷപ്പെടുത്തി. കെഎസ്ആര്‍ടിസി കണ്ടക്ടറോട് മോശമായി പെരുമാറിയ യുവാക്കള്‍ പൊലീസ് വരുന്നതറിഞ്ഞ് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു ചതുപ്പില്‍ ചാടിയത്. ഒന്നര മണിക്കൂറിന് ശേഷം തകഴി അഗ്നിശമനസേനയും എടത്വ പൊലീസും ചേര്‍ന്നാണ് യുവാക്കളില്‍ ഒരാളെ രക്ഷപ്പെടുത്തിയത്. മറ്റൊരാള്‍ മറുകരയില്‍ എത്തിയിരുന്നു.

കറുകച്ചാല്‍ സ്വദേശിയെയാണ് രക്ഷപെടുത്തിയതെന്ന് എടത്വ പൊലീസ് പറഞ്ഞു. ചങ്ങനാശ്ശേരിയില്‍ നിന്ന് ആലപ്പുഴയിലേക്ക് പോയ കെഎസ്ആര്‍ടിസി ബസില്‍ തിരുവല്ലയില്‍ നിന്ന് കയറിയ യുവാക്കള്‍ ബസില്‍ തുപ്പുകയും മറ്റും ചെയ്തത് വനിതാ കണ്ടക്ടര്‍ ചോദ്യം ചെയ്തു. തുടര്‍ന്ന് യുവാക്കള്‍ കണ്ടക്ടറെ അസഭ്യം പറയുകയും കയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുകയും ചെയ്തുവെന്നാണ് റിപ്പോര്‍ട്ട്. എടത്വ ഡിപ്പോയില്‍ എത്തിയപ്പോള്‍ ഇവര്‍ ഇറങ്ങാതെ ബസ് വിടില്ല എന്ന് വനിതാ കണ്ടക്ടര്‍ അറിയിച്ചതിനെ തുടര്‍ന്ന് ഡിപ്പോ ജീവനക്കാരും യാത്രക്കാരും ചേര്‍ന്ന് യുവാക്കളെ ബസില്‍ നിന്ന് പുറത്തിറക്കി.

ഡിപ്പോ ജീവനക്കാരെ യുവാക്കള്‍ അസഭ്യം പറയുകയും കുപ്പി എടുത്ത് എറുകയും ചെയ്തുവെന്നും പരാതിയുണ്ട്. ഇതിനിടെ പൊലീസ് വരുന്നതറിഞ്ഞ് ഓടിയ ഇവര്‍ എടത്വ സെന്റ് അലോഷ്യസ് കോളേജിന് സമീപമുള്ള ചതുപ്പിലേക്ക് ചാടുകയുമായിരുന്നു. സ്ഥലം പരിചയമില്ലാത്ത യുവാക്കള്‍ ചതുപ്പില്‍ ഒരു മണിക്കൂറോളം കിടന്നു. പൊലീസും ഫയര്‍ ഫോഴ്‌സും നടത്തിയ തിരച്ചിലിനൊടുവില്‍ ചതുപ്പില്‍ നിന്ന് ഒരാളെ കണ്ടെത്തി. ഇതിനിടയില്‍ മറുകരയില്‍ എത്തിയ ഒരാള്‍ മറ്റൊരു ബസില്‍ കയറി തിരുവല്ലയിലേക്ക് പോവുകയും ചെയ്തു.

ചതുപ്പില്‍ പതുങ്ങിക്കിടന്ന യുവാവിനെ തകഴി ഫയര്‍ഫോഴ്‌സും എടത്വ പൊലീസും ചേര്‍ന്ന് അതിസാഹസികമായാണ് രക്ഷിച്ചത്. മണിക്കൂറുകളോളം വെള്ളത്തില്‍ കിടന്ന യുവാവ് ഒരു ശബ്ദംപോലുമുണ്ടാക്കാതെ പതുങ്ങി വെള്ളത്തില്‍ കിടന്നതാണ് അഗ്‌നിരക്ഷാസേനയേയും പൊലീസിനേയും വട്ടംചുറ്റിച്ചത്. ജെസിബി എത്തിച്ച് ആദ്യം തെരച്ചില്‍ നടത്തിയെങ്കിലും ശ്രമം പരാജയപെടുകയായിരുന്നു. യുവാവിനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ തകഴി ഫയര്‍ സ്റ്റേഷനിലെ ഫയര്‍മാന്‍ പ്രദീപ്കുമാര്‍ പി കെയുടെ കാലില്‍ സിറിഞ്ച് തറച്ചുകയറി പരിക്കേല്‍ക്കുകയും ചെയ്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week