തിരുവനന്തപുരം: കൊച്ചുവേളി ഇൻഡസ്ട്രി മേഖലയിലെ പ്ലാസ്‌റ്റിക് കമ്പനിയിൽ വൻ തീപിടിത്തം. പവർ പാക്ക് പോളിമേഴ്‌സ് എന്ന കമ്പനിയിലാണ് വലിയ തീപിടിത്തമുണ്ടായത്. പുലർച്ചെ നാലരയോടെയാണ് തീപിടിത്തമുണ്ടായതെന്നാണ് ലഭ്യമായ വിവരം. ജില്ലയിലെ വിവിധ ഇടങ്ങളിൽ നിന്നുള്ള 12 യൂണിറ്റ് ഫയർഫോഴ്‌സ് സംഭവ സ്ഥലത്തെത്തി തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്.
ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. പ്ലാസ്‌റ്റിക് പ്രൊസസിംഗ് യൂണിറ്റാണ് തീപിടുത്തത്തിന് ഇരയായ കമ്പനി. രക്ഷാപ്രവർത്തതിന് കടുത്ത വെല്ലുവിളികളാണ് ഇവിടെ നേരിടുന്നത്. പ്ലാസ്‌റ്റിക്ക് കുപ്പികൾ വലിയ ചാക്കുകളിൽ നിറച്ച് ഇവിടെ കൂട്ടിയിട്ടിരിക്കുന്നത് ഫയർഫോഴ്‌സിന് വലിയ ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ട്.
സ്ഥലത്ത് മഴയും പെയ്യുന്നുണ്ട്. പ്ലാസ്‌റ്റിക് ഇവിടെയുള്ള ഗോഡൗണിൽ എത്തിച്ച് റീസൈക്കിൾ ചെയ്‌ത ശേഷം വീണ്ടും പഴയ പടി ആക്കുന്ന സ്ഥാപനമാണിത്. അനധികൃതമായാണ് കെട്ടിടം പ്രവർത്തിക്കുന്നതെന്നാണ് സൂചന. കമ്പനിയിലെ സുരക്ഷാ ജീവനക്കാരാണ് ആദ്യം സംഭവം അറിഞ്ഞത്. അവർ ഉടനെ തന്നെ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു.
ഗോഡൗണിന്റെ മേൽക്കൂര ഉൾപ്പെടെ താഴേയ്ക്ക് വീഴാൻ സാധ്യതയുള്ളതിനാൽ ഉള്ളിലേക്ക് കയറാനുള്ള ശ്രമം ഫയർഫോഴ്‌സ് തുടക്കത്തിലേ ഉപേക്ഷിച്ചിരുന്നു. അതുകൊണ്ട് തന്നെ പുറത്തുനിന്നാണ് വെള്ളം കെട്ടിടത്തിലേക്ക് പമ്പ് ചെയ്യുന്നത്. ജനസാന്ദ്രതയുള്ള പ്രദേശത്തേക്ക് തീ പടരാതിരിക്കാനുള്ള ശ്രമവും ഫയർഫോഴ്‌സ് നടത്തി വരുന്നുണ്ട്.
നിലവിൽ തീ നിയന്ത്രണ വിധേയമാണെന്ന് ഫയർഫോഴ്‌സ് ഉദ്യോഗസ്ഥർ അറിയിച്ചു. കെട്ടിടത്തിന്റെ മുൻവശത്തെ തീ പൂർണമായും അണയ്ക്കാൻ സാധിച്ചിട്ടുണ്ട്. പിൻവശത്തെ തീ അണയ്ക്കാനുള്ള ശ്രമം ഇപ്പോഴും തുടരുകയാണ്. മാനദണ്ഡങ്ങൾ പാലിക്കാതെയാണ് കെട്ടിടം പ്രവർത്തിക്കുന്നെതെന്നാണ് സൂചന. ഫയർഫോഴ്‌സിന്റെ എൻഒസി ഉൾപ്പെടെയുള്ളവ സ്ഥാപനത്തിന് ഇല്ലെന്നാണ് ലഭ്യമായ വിവരം.