കൊല്ലം:സിനിമ ജൂനിയർ ആർട്ടിസ്റ്റിനെ ‘പാർട്ടി ഡ്രഗ്’ (Party Drug) ആയ എംഡിഎംഎയുമായി (MDMA) പിടികൂടി. കൊല്ലം അസിസ്റ്റന്റ് എക്‌സൈസ് (Kollam Exise) കമ്മിഷണർ വി.റോബർട്ടിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ എക്സൈസ് സ്പെഷൽ സ്ക്വാഡ് ഷാഡോ സംഘമാണ് 1.2 ഗ്രാം എംഡിഎംഎയും 20 ഗ്രാം കഞ്ചാവും കടത്താൻ ഉപയോഗിച്ച ബൈക്കുമായി നഷീബ് എന്ന സിനിമ സീരിയല്‍ ജൂനിയര്‍ ആര്‍ടിസ്റ്റിനെ അറസ്റ്റ് ചെയ്തത്. സർക്കിൾ ഇൻസ്പെക്ടർ ജി.കൃഷ്ണകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് നടത്തിയത്
ഇയാള്‍ സിനിമകളിലും ഷോർട്ട് ഫിലിമുകളിലും ഇയാൾ ചെറിയ വേഷങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. സിനിമ രംഗത്ത് നിന്നുള്ള പരിചയത്തിലാണ് എംഡിഎംഎ ഉപയോഗിക്കാൻ തുടങ്ങിയത് എന്നാണ് എക്സൈസ് പറയുന്നത്. എറണാകുളത്തുള്ള ലഹരി മാഫിയകളിൽ നിന്നാണു വാങ്ങി കൊല്ലത്തുള്ള വിദ്യാർഥികൾക്കും യുവാക്കൾക്കും 0.5 ഗ്രാമിന് 2000 രൂപയ്ക്ക് വിൽപ്പന നടത്തി വന്നിരുന്നത് എന്നും പ്രതി എക്സൈസിനോട് സമ്മതിച്ചു.
കേസിലെ ലഹരിമാഫിയയെ കുറിച്ച് വിശദമായ അന്വേഷണം നടത്താൻ തീരുമാനിച്ചതായി കൊല്ലം ഡപ്യൂട്ടി എക്സൈസ് കമ്മിഷണർ ബി.സുരേഷ് അറിയിച്ചു. ഷാഡോ ടീം അംഗങ്ങൾ ആയ പ്രിവന്റീവ് ഓഫിസർ എം.മനോജ് ലാൽ, ബിനുലാൽ, സിവിൽ എക്സൈസ് ഓഫിസർമാരായ ശ്രീനാഥ്, അജിത്ത്, നിഥിൻ, ജൂലിയൻ, വനിത സിവിൽ എക്സൈസ് ഓഫിസർ ശാലിനി എന്നിവരാണ് അന്വേഷണത്തിൽ പങ്കെടുത്തത്.
കോട്ടയത്തെ കുപ്രസിദ്ധ ഗുണ്ടാ നേതാവ് സൂര്യൻ എന്ന ശരത് രാജ് അറസ്റ്റിൽ .മാങ്ങാനം മന്ദിരം ആശുപത്രിക്ക് സമീപം ബസിൽ വെച്ച് യാത്രക്കാരിയെ ശല്യപ്പെടുത്തിയപ്പോൾ ബസ് ജീവനക്കാർ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. കോട്ടയം ഷാൻ കൊലക്കേസ് പ്രതിയായ ഗുണ്ട കെഡി ജോമോന്റെ എതിർ സംഘത്തിന്‍റെ നേതാവാണ് സൂര്യൻ.
സൂര്യന്റെ സംഘാംഗം എന്ന പേരിലാണ് ജോമോൻ പത്തൊമ്പതുകാരനായ ഷാനെ കൊന്നത്. ഈ സംഭവത്തിന് ശേഷം കോട്ടയം ഈസ്റ്റ് പൊലീസ് സൂര്യനെ ഏറെ തെരഞ്ഞെങ്കിലും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. കുറച്ച് നാളുകളായി തൃശ്ശൂർ കേന്ദ്രീകരിച്ചായിരുന്നു സൂര്യന്‍റെ പ്രവർത്തനങ്ങൾ. ദിവസങ്ങൾക്ക് മുന്പാണ് സൂര്യൻ വീണ്ടും കോട്ടയത്ത് എത്തിയത്. ജോമോന്‍റെ സംഘാംഗമായ പുൽച്ചാടി ലുധീഷിനെ എറണാകുളത്ത് വച്ച് മർദ്ദിച്ചത് സൂര്യന്‍റെ സംഘമായിരുന്നു. ലഹരിക്കടത്തിലും സൂര്യന് പങ്കുണ്ടെന്നാണ് പൊലീസ് നിഗമനം. ഇയാളെ വിശദമായ ചോദ്യം ചെയ്ത ശേഷം നാളെ കോടതിയിൽ എത്തിച്ച് റിമാന്‍ഡ് ചെയ്യും. സൂര്യനൊപ്പം സംഘാംഗം അനക്സ് ഷിബുവും പൊലീസ് പിടിയിലായി.
കട്ടവനെ കിട്ടിയില്ലെങ്കിൽ കിട്ടിയവനെ പിടിക്കുമെന്ന ദുഷ്പേര് കേരള പോലീസിന് പലപ്പോഴും കേൾക്കേണ്ടി വന്നിട്ടുണ്ട്. എന്നാൽ അങ്ങനെയല്ലാത്ത ഉദ്യോഗസ്ഥരും സേനയിലുണ്ടെന്ന് തെളിയിച്ചിരിക്കുകയാണ് ഇടുക്കിവണ്ടന്മേട് സി.ഐ വി.എസ്.നവാസ്. കാമുകനൊപ്പം ജീവിക്കാൻ ഭർത്താവിനെ പഞ്ചായത്തംഗമായ ഭാര്യ മയക്കു മരുന്നു കേസിൽ പെടുത്തിയ കേസിൻറ യാഥാർത്ഥ വസ്തുത പുറത്തു കൊണ്ടു വന്നത് ഇദ്ദേഹത്തിൻറെ അന്വേഷണമാണ്. മയക്കു മരുന്നു കേസിൽ ജയിലിൽ കിടക്കേണ്ട സുനിൽ വർഗസീൻ്റെ നിരപരാധിത്വമാണ് ഇതിലൂടെ സി ഐ നവാസ് തെളിയിച്ചത്. സുനിലിൻറെ ഭാര്യ സൗമ്യയാണ് വാഹനത്തിൽ മയക്കു മരുന്നു വച്ചത്.
എൻഡിപിഎസ് ആക്ട് അനുസരിച്ച് മയക്കു മരുന്ന് കണ്ടെത്തിയാൽ വാഹനത്തിലുള്ളയാളെ അറസ്റ്റു ചെയ്യാം. എം.ഡി.എം.എ തുച്ഛമായ അളവിൽ പിടികൂടിയാലും പത്തുവർഷം വരെ തടവ് ലഭിക്കും. എന്നാൽ സുനിലിന് മയക്കുമരുന്ന് വില്പനയുമായി ഒരു ബന്ധവും ഇല്ലെന്ന് ആദ്യ ഘട്ട അന്വേഷണത്തിൽ തന്നെ വണ്ടൻമേട് സി.ഐ. വി.എസ്. നവാസിന് ഉറപ്പായി. ഇതോടെ സുനിലിനെ അറസ്റ്റ് ചെയ്യേണ്ടെന്ന് തീരുമാനിച്ചു.
തീരുമാനം ഉന്നത ഉദ്യോഗസ്ഥരെ പറഞ്ഞു ബോധ്യപ്പെടുത്തി കൂടുതൽ അന്വേഷണത്തിന് അനുമതി വാങ്ങി. പല കോണുകളിൽ നിന്നുണ്ടായ സമ്മർദ്ദങ്ങളെ അതിജീവിച്ച് നിലപാടിലുറച്ച് അന്വേഷണം മുന്നോട്ടു പോയി. അങ്ങനെയാണ് കമിതാക്കളായ സൗമ്യയ്ക്കും വിനോദിനും ഒരുമിച്ച് ജീവിക്കാൻ ഭർത്താവ് സുനിൽ വർഗീസിനെ മയക്കു മരുന്ന് കേസിൽ കുടുക്കിയതാണെന്ന് കണ്ടെത്തിയത്
ഭാര്യ പഞ്ചായത്തംഗമായതിനാൽ ശത്രുക്കൾ കള്ളക്കേസിൽ കുടുക്കാൻ ചെയ്തതാണോയെന്നായി അടുത്ത പരിശോധന. സംശയമുള്ളവരെ ചോദ്യംചെയ്തെങ്കിലും ഇവർക്കൊന്നും പങ്കില്ലെന്ന് വ്യക്തമായി. ഇതിനിടെ, മയക്കുമരുന്ന് പിടികൂടിയിട്ടും സുനിലിനെ അറസ്റ്റ് ചെയ്യാതെ വിട്ടയച്ചതിൽ സി.ഐ.ക്കെതിരേ ആരോപണങ്ങളുമുയർന്നു. തുടർന്ന് രഹസ്യവിവരം വന്ന വഴിയിലേക്ക് പോലീസ് തിരിച്ചുനടന്നു.
ഫോൺകോൾ വിവരങ്ങളടക്കമുള്ള തെളിവുകൾ നിരത്തി ചോദ്യം ചെയ്തതോടെയാണ് സൗമ്യ കുറ്റം സമ്മതിച്ചത്. ഒരു മാസം മുമ്പ് എറണാകുളത്ത് ഹോട്ടലിൽ മുറിയെടുത്തു താമസിച്ചാണ് സൗമ്യയും വിനോദും പദ്ധതി തയ്യാറാക്കിയത്. സൗമ്യയെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ അന്വേഷണം നടത്തും. നിരപരാധിത്വം തെളിഞ്ഞതിൽ സന്തോഷമുണ്ടെന്നും കൂടുതൽ പ്രതികരിക്കാനില്ലെന്നും സുനിൽ പറഞ്ഞു.
നേരത്തെ മറ്റൊരു സ്റ്റേഷനിൽ ജോലി ചെയ്യുമ്പോൾ ഒരു കൊലക്കേസിലും ഇത്തരത്തിൽ നിരപരാധിയെ നവാസ് രക്ഷപെടുത്തിയിട്ടുണ്ട്. വർഷങ്ങൾക്ക് ശേഷം എറണാകുളത്ത് ജോലി ചെയ്യുമ്പോൾ ഇയാൾ കാണാനെത്തിയ സംഭവവും നവാസിൻ്റെ ഓർമകളിലുണ്ട്. കുറ്റം ചെയ്തിട്ടുണ്ടെന്ന് ഉറപ്പാക്കാതെ ആരെയും അറസ്റ്റ് ചെയ്യില്ലെന്ന നിലപാട് എന്തൊക്കെ സമ്മർദ്ദങ്ങളുണ്ടായാലും സർവീസിൽ ഉള്ളിടത്തോളം തുടരുമെന്നും നവാസ് പറയുന്നു.