ജറുസലം: ഗാസയിൽ വിവിധ സ്ഥലങ്ങളിൽ ഇസ്രയേൽ സൈന്യവും ഹമാസും തമ്മിലുള്ള ഏറ്റുമുട്ടൽ രൂക്ഷമായി തുടരുന്നതിനിടെ, ആക്രമണം മയപ്പെടുത്താനായി ഇസ്രയേലിനുമേൽ യുഎസ് സമ്മർദം ശക്തമായി. വടക്കൻ ഗാസയിലെ ഷജയ്യ അടക്കം 5 പട്ടണങ്ങളിലും സെൻട്രൽ ഗാസയിലെ മഗാസിയിലും തെക്കൻ ഗാസയിലെ ഖാൻ യൂനിസിലുമാണു നേർക്കുനേർ യുദ്ധം തുടരുന്നത്. ഖാൻ യൂനിസിലെയും റഫയിലെയും ആശുപത്രികളിലെത്തുന്ന മരിച്ചവരുടെയും പരുക്കേറ്റവരുടെയും എണ്ണം വർധിച്ചു.
റഫയിൽ വീടുകളിൽ ഇസ്രയേൽ ബോംബിട്ടതിനെത്തുടർന്നു 4 പേർകൂടി കൊല്ലപ്പെട്ടു. റഫയുടെ കിഴക്ക് ഈജിപ്ത് അതിർത്തിയോടുചേർന്ന സ്ഥലങ്ങളിൽ ഇസ്രയേൽ കനത്ത ഷെല്ലാക്രമണവും നടത്തി. ഖാൻ യൂനിസിൽ അൽ ജസീറ ടിവിയുടെ 2 മാധ്യമപ്രവർത്തകർക്കു പരുക്കേറ്റു.
ദിവസങ്ങളായി കനത്ത ഏറ്റുമുട്ടൽ തുടരുന്ന ഷജയ്യ പട്ടണത്തിൽ ഹമാസിന്റെ താവളം തകർത്തതായി ഇസ്രയേൽ സൈന്യം അവകാശപ്പെട്ടു. ഇവിടെ ഏറ്റുമുട്ടലിലാണ് കഴിഞ്ഞദിവസം 2 കേണൽമാർ അടക്കം 9 ഇസ്രയേൽ സൈനികർ കൊല്ലപ്പെട്ടത്.
യുദ്ധം 2 മാസം പിന്നിടുമ്പോൾ ഇസ്രയേൽ ആക്രമണത്തിൽ ഗാസയിൽ കൊല്ലപ്പെട്ട പലസ്തീൻകാരുടെ എണ്ണം 19,000 കവിഞ്ഞു. ഗാസയിലെ കൂട്ടക്കൊല രാജ്യാന്തരതലത്തിൽ ശക്തമായ പ്രതിഷേധമുയർത്തിയ സാഹചര്യത്തിലാണ് യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് വ്യാഴാഴ്ച ടെൽ അവീലിലെത്തിയത്. വ്യാപകമായ കരയാക്രമണവും ബോംബാക്രമണവും കുറയ്ക്കണമെന്നും യുദ്ധതന്ത്രം മാറ്റണമെന്നുമാണ് യുഎസ് നിർദേശം.
വിജയം നേടും വരെ യുദ്ധം തുടരുമെന്നു ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു പറഞ്ഞു. മൂന്നോ നാലോ മാസം യുദ്ധം നീളുമെന്നു പ്രതിരോധമന്ത്രി യോവ് ഗാലന്റും പറഞ്ഞു. വടക്കൻ ഗാസയിൽ ഈ മാസം ഇസ്രയേൽ സേന കുറഞ്ഞതു 6 സെമിത്തേരികളെങ്കിലും തകർത്തതായി ദ് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തു. ഉപഗ്രഹ, വിഡിയോ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണു റിപ്പോർട്ട്.
റഫയിലെ ക്യാംപുകളിൽ തിങ്ങിനിറഞ്ഞ അഭയാർഥികൾക്കു പ്രാഥമികാവശ്യങ്ങൾക്കുപോലും സൗകര്യമില്ല. പൊതുസ്ഥലത്തു നീക്കം ചെയ്യാത്ത മാലിന്യം കുന്നുകൂടുന്നതു ഗുരുതരമായ ആരോഗ്യപ്രതിസന്ധിയാണുണ്ടാക്കുന്നതെന്ന് യുഎൻ ഹ്യൂമാനിറ്റേറിയൻ ഓഫിസ് അറിയിച്ചു. ഗാസ, യുക്രെയ്ൻ, യെമൻ എന്നിവിടങ്ങളിൽ സംഘർഷങ്ങളിൽ ആയിരക്കണക്കിനു കുഞ്ഞുങ്ങൾ കൊല്ലപ്പെടുന്നതിനെ ഫ്രാൻസിസ് മാർപാപ്പ അപലപിച്ചു.
യെമൻ തീരത്തു ജർമൻ ഉടമസ്ഥതയിലുള്ള അൽ ജസ്റ ചരക്കുകപ്പലിനുനേരെ ഇറാൻ പിന്തുണയുള്ള ഹൂതി വിമതർ ഡ്രോൺ ആക്രമണം നടത്തി. കപ്പലിൽ തീപടർന്നെങ്കിലും ആർക്കും പരുക്കില്ലെന്ന് അധികൃതർ അറിയിച്ചു. 10 പേരാണു കപ്പലിലുണ്ടായിരുന്നത്. ഇതിനു പിന്നാലെ മറ്റൊരു ചരക്കുകപ്പലിനുനേരെയും ഡ്രോൺ ആക്രമണമുണ്ടായി. ഇസ്രയേൽ ഗാസ ആക്രമണം നിർത്തും വരെ ചെങ്കടലിലൂടെ കടന്നുപോകുന്ന കപ്പലുകളെ ലക്ഷ്യമിടുമെന്നാണു ഹൂതികളുടെ പ്രഖ്യാപനം.