ഡൽഹി: തലസ്ഥാനത്ത് നടന്നു വരുന്ന കർഷക സമരം ഒത്തുതീർപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ഇന്ന് ഗവണ്മെന്റ് കർഷകരുമായുള്ള ചർച്ച പരാജയപെട്ടു. വിവാദ കർഷകനിയമഭേദഗതികൾ പിൻവലിക്കില്ലെന്ന ഉറച്ച നിലപാടുമായിയാണ് കേന്ദ്രസർക്കാർ നിൽക്കുന്നത്. അതേസമയം, നിയമഭേദഗതികളിൽ ഉള്ള പ്രശ്നങ്ങൾ പഠിക്കാൻ സമിതിയെ നിയോഗിക്കാമെന്ന വാഗ്ദാനമാണ് കേന്ദ്രസർക്കാർ മുന്നോട്ടുവയ്ക്കുന്നത്.
ദില്ലിയിൽ കേന്ദ്രകൃഷിമന്ത്രി നരേന്ദ്രസിംഗ് തോമറിന്‍റെയും പിയൂഷ് ഗോയലിന്‍റെയും അധ്യക്ഷതയിൽ കർഷകസംഘടനാ നേതാക്കളുമായി നടത്തുന്ന ചർച്ചയിലാണ് കേന്ദ്രസർക്കാരിന്‍റെ വാഗ്ദാനം. ഇതിൽ ആരെല്ലാം വേണമെന്ന കാര്യം കർഷകസംഘടനാ നേതാക്കൾക്കും യൂണിയൻ നേതാക്കൾക്കും നിർദേശിക്കാമെന്നും കേന്ദ്രസർക്കാർ പറയുന്നു. എന്നാൽ കേന്ദ്രസർക്കാരിന്‍റെ ഈ നിർദേശം കർഷകസംഘടനകൾ തള്ളിക്കളഞ്ഞു.